അന്ന് ഞാൻ അവനോട് ഈ കാര്യം പറഞ്ഞപ്പോൾ…”
ചേച്ചിക്ക് സങ്കടം കൊണ്ട് വാക്കുകൾ പൂർത്തിയാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങി.
ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
“എന്തിനാടി ഇപ്പൊ ഈ പഴയതൊക്കെ ഓർത്ത് കരയുന്നത്?”
ഞാൻ ആ മുടിയിൽ തലോടിക്കൊണ്ട് വളരെ മൃദുവായി ചോദിച്ചു.
“നിന്റെ ഇഷ്ടങ്ങൾക്ക് ഞാൻ എന്നെങ്കിലും എതിര് നിന്നിട്ടുണ്ടോ? പിന്നെ, നിന്നെ പൊന്നുപോലെ നോക്കാൻ അരവിന്ദിനേക്കാൾ നല്ലൊരാളെ എനിക്കും കിട്ടില്ലായിരുന്നു. ഇനി ഇതൊക്കെ ഓർത്ത് കരഞ്ഞാൽ എന്റെ കയ്യിൽ നിന്ന് നീ മേടിക്കും.”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കണ്ണുനീർ തുടച്ചുകൊടുത്തു.
ഒരു സഹോദരനും സഹോദരിയും തമ്മിലുള്ള ആ വലിയ സ്നേഹം കണ്ട്, കണ്ണുകൾ നിറഞ്ഞ് ചിരിയോടെ നിൽക്കുകയായിരുന്നു പാർവണ. അവൾ പതിയെ വന്ന് ചേച്ചിയുടെ മറ്റേ കൈ ചേർത്തുപിടിച്ചു.
മൂന്നുപേരും ഒരുമിച്ച് ആ നിലാവിന്റെ വെളിച്ചത്തിൽ, വരാനിരിക്കുന്ന വലിയൊരു സന്തോഷത്തെക്കുറിച്ച് സ്വപ്നം കണ്ട് ഏറെനേരം അവിടെ നിന്നു.
പിറ്റേന്ന് രാവിലെ മുതൽ വീട്ടിൽ വലിയൊരു ഉത്സവത്തിന്റെ തിരക്കായിരുന്നു. കല്യാണത്തിനുള്ള സാരിയും സ്വർണ്ണവും എടുക്കാനായി ഞങ്ങൾ നാലുപേരും കൂടി എം.ജി റോഡിലെ വലിയൊരു സിൽക്സിലേക്ക് തിരിച്ചു.
വലിയ തിരക്കുള്ള ആ ഷോപ്പിംഗ് മാളിലെ വെഡിങ് സെക്ഷനിലേക്ക് കയറുമ്പോൾ തന്നെ ചേച്ചിയുടെ മുഖത്ത് വല്ലാത്തൊരു വെപ്രാളമുണ്ടായിരുന്നു. ചുറ്റും നിരത്തിവെച്ചിരിക്കുന്ന ആയിരക്കണക്കിന് വർണ്ണപ്പുടവകൾക്കിടയിൽ ഏത് തിരഞ്ഞെടുക്കും എന്ന കൺഫ്യൂഷനിലായിരുന്നു ചേച്ചിയും അമ്മയും.
എന്നാൽ പാർവണ വളരെ കൃത്യമായ പ്ലാനിങ്ങിലായിരുന്നു. ഒരു എക്സ്പെർട്ടിനെപ്പോലെ അവൾ ഓരോ സാരിയും എടുത്തുനോക്കി വിലയിരുത്തിക്കൊണ്ടിരുന്നു.
“ചേച്ചീ, ദേ ഈ കളർ നോക്കിക്കേ…”
കടും പച്ചയിൽ വീതിയുള്ള കസവുകരയുള്ള ഒരു ഗംഭീര കാഞ്ചീപുരം സാരി ചേച്ചിയുടെ നെഞ്ചോട് ചേർത്തുവെച്ച് അവൾ ചോദിച്ചു.
ആ സാരിയിൽ ചേച്ചിയെ കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ വിടർന്നു.
“ഇത് നല്ല ഭംഗിയുണ്ട് മോളെ.
അനഘയുടെ നിറത്തിന് ഈ കടും പച്ച നന്നായിട്ട് ചേരുന്നുണ്ട്.”
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ കല്യാണപ്പുടവയായി ആ പച്ച സാരി തന്നെ ഞങ്ങൾ ഉറപ്പിച്ചു. അത് കഴിഞ്ഞ് റിസപ്ഷനുള്ള ഡ്രസ്സും സാരികളുമൊക്കെയായി വലിയൊരു പർച്ചേസിങ് തന്നെ നടന്നു. അതിനിടയിൽ അമ്മ പാർവണയോടായി പറഞ്ഞു.
“മോളെ…നിനക്ക് ഇഷ്ടമുള്ള നല്ലൊരു സാരി നീയും എടുത്തോ.”
“അയ്യോ, എനിക്കിപ്പോ സാരിയുടെ ആവശ്യമൊന്നുമില്ല അമ്മേ…”
അവൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
“അങ്ങനെ പറഞ്ഞാൽ ശരിയാവില്ല. എന്റെ നാത്തൂൻ കല്യാണത്തിന് ഏറ്റവും സുന്ദരിയായിട്ട് തന്നെ നടക്കണം. നീ വാ, നമുക്ക് നിനക്കുള്ളത് നോക്കാം,”
എന്ന് പറഞ്ഞ് ചേച്ചി അവളെയും വലിച്ച് മറ്റൊരു സെക്ഷനിലേക്ക് പോയി.
കുറച്ചുനേരത്തിന് ശേഷം ഞാൻ അവരെ അന്വേഷിച്ച് ചെല്ലുമ്പോൾ, ട്രയൽ റൂമിന് പുറത്തുള്ള വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരു ഇളം നീലനിറത്തിലുള്ള സാരി തന്റെ ദേഹത്ത് വെച്ച് നോക്കുകയായിരുന്നു പാർവണ.
ചേച്ചിയും അമ്മയും വേറെ എന്തൊക്കെയോ നോക്കാൻ കുറച്ചുമാറി നിൽപ്പുണ്ടായിരുന്നു.
ഞാൻ പതുക്കെ അവളുടെ പിന്നിലൂടെ ചെന്ന് നിന്നു. കണ്ണാടിയിലൂടെ എന്നെ കണ്ടതും അവൾ ചെറിയൊരു നാണത്തോടെ ചോദിച്ചു.
“ആദീ… ഈ കളർ എനിക്ക് ചേരുമോ?ഇത് എടുത്താൽ കൊള്ളാമെന്നുണ്ട്?”
ഞാൻ അവളോട് ചേർന്നുനിന്നുകൊണ്ട്, അവളുടെ തോളിലേക്ക് വീണുകിടന്ന ആ സാരിയുടെ തുമ്പ് പതുക്കെ ഒന്ന് നേരെയാക്കി വെച്ചുകൊടുത്തു. എന്റെ കൈകൾ അവളുടെ തോളിൽ സ്പർശിച്ചപ്പോൾ ആ കണ്ണുകളിലൊരു തിളക്കമുണ്ടായി.
“സാരി നല്ല ഭംഗിയുണ്ട്…”
ഞാൻ കണ്ണാടിയിലൂടെ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വളരെ പതുക്കെ പറഞ്ഞു,
“പക്ഷെ, ഈ സാരിയേക്കാൾ നൂറിരട്ടി ഭംഗി ഇത് ഉടുക്കാൻ പോകുന്ന ആൾക്കാ. നീ ഏത് ഉടുത്താലും എന്റെ കണ്ണിൽ നീ മാത്രമാ സുന്ദരി.”
