ചേച്ചിയാണെങ്കിൽ എന്തൊക്കെയോ വലിയ ടെൻഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.
കൃത്യം പതിനൊന്നര കഴിഞ്ഞപ്പോൾ ഗേറ്റിന് പുറത്ത് അരവിന്ദിന്റെ കാർ വന്നു നിന്നു.
ഞാനും അമ്മയും വേഗം ഉമ്മറത്തേക്ക് ചെന്നു. ഇളം നീലനിറത്തിലുള്ള ഷർട്ടും കസവുമുണ്ടും ഉടുത്ത് അരവിന്ദും, പിന്നാലെ ശേഖരൻ അങ്കിളും രേവതി ആന്റിയും കാറിൽ നിന്നും പുറത്തേക്കിറങ്ങി.
അരവിന്ദിന്റെ മുഖത്ത് സന്തോഷവും അതിലേറെ ചെറിയൊരു ചമ്മലുമുണ്ടായിരുന്നു. ഞങ്ങൾ അവരെ സന്തോഷത്തോടെ ഉമ്മറത്തേക്ക് സ്വീകരിച്ചു.
“വരാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ അങ്കിൾ?”
ഹാളിലെ സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“ഏയ് എന്ത് ബുദ്ധിമുട്ട്. കുറച്ചു ട്രാഫിക്ബ്ലോക്ക് ഉണ്ടായിരുന്നു അതല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല,”
ശേഖരൻ അങ്കിൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“യാത്രയൊക്കെ കഴിഞ്ഞ് വന്നതല്ലേ, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം,”
എന്ന് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു.
അതിനിടയിൽ അരവിന്ദിന്റെ കണ്ണുകൾ ആ വീടിന്റെ അകത്തളങ്ങളിലൂടെ ആരെയോ തിരയുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ പതുക്കെ അവന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ആരും കേൾക്കാതെ ചോദിച്ചു.
“അന്വേഷിക്കുന്ന ആള് ഇപ്പൊ വരും… വെറുതെ കിടന്ന്
വെപ്രാളപ്പെടാതെ ഒന്ന് കൂൾ ആയിട്ടിരിക്ക് അളിയാ.”
അതുകേട്ടതും അവൻ ചമ്മലോടെ എന്നെ നോക്കി ഒന്ന് ചിരിച്ചു. അപ്പോഴേക്കും ട്രേയിൽ ചായയും പലഹാരങ്ങളുമായി പാർവണ ഹാളിലേക്ക് വന്നു. അവൾക്ക് തൊട്ടുപിന്നിലായി, ഇളം റോസ് നിറത്തിലുള്ള മനോഹരമായൊരു ചുരിദാറണിഞ്ഞ്, നാണത്താൽ മുഖം കുനിച്ച് അനഘ ചേച്ചിയും ഉണ്ടായിരുന്നു.
രേവതി ആന്റി വാത്സല്യത്തോടെ ചേച്ചിയെ നോക്കി ചിരിച്ചു. ചേച്ചി പതിയെ ചെന്ന് രേവതി ആന്റിയുടെയും ശേഖരൻ അങ്കിളിന്റെയും കാല് തൊട്ട് അനുഗ്രഹം വാങ്ങി.
“എന്റെ മോളിങ്ങോട്ട് വന്നിരിക്ക്…”
എന്ന് പറഞ്ഞ് രേവതി ആന്റി ചേച്ചിയുടെ കൈപിടിച്ച് അവരുടെ അടുത്തായി സോഫയിലേക്ക് ഇരുത്തി.
എന്നിട്ട് വളരെ സ്നേഹത്തോടെ ആ മുടിയിഴകളിൽ തലോടി. ഒരു അമ്മായിയമ്മ എന്നതിലുപരി, സ്വന്തം മകളെപ്പോലെ അവളെ ചേർത്തുപിടിക്കുന്ന ആ കാഴ്ച കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നുണ്ടായിരുന്നു.
ചായ കുടിക്കുന്നതിനിടയിൽ അരവിന്ദ് ഇടങ്കണ്ണുകൊണ്ട് ചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടു. ചേച്ചി ഇടക്കൊന്ന് മുഖമുയർത്തിയപ്പോൾ ഇരുവരുടെയും കണ്ണുകൾ തമ്മിലുടക്കി. ഒരുപാട് നാളത്തെ പ്രണയം സഫലമായതിന്റെ എല്ലാ നാണവും ആ നോട്ടത്തിൽ ഉണ്ടായിരുന്നു.
പെട്ടെന്ന് കണ്ണുകൾ പിൻവലിച്ച് ചേച്ചി വീണ്ടും താഴേക്ക് നോക്കിയിരുന്നു. അവിടെ നിന്ന പാർവണയും ഈ കള്ളനോട്ടങ്ങൾ കണ്ട് ചിരി അടക്കിപ്പിടിക്കുന്നുണ്ടായിരുന്നു.
“അപ്പൊ ഭാമേ…”
ചായക്കപ്പ് ടീപ്പോയിയിലേക്ക് വെച്ചുകൊണ്ട് ശേഖരൻ അങ്കിൾ സംസാരം തുടങ്ങി.
“നമ്മൾ അന്ന് സംസാരിച്ചതുപോലെ കാര്യങ്ങളൊക്കെ നമുക്ക് അങ്ങ് ഫിക്സ് ചെയ്യാം. മുഹൂർത്തം അടുത്ത മാസം പതിനെട്ടിനാണ്. എന്തായാലും അനഘ മോൾക്കും അവനും ലീവ് കൂടുതൽ കിട്ടാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കല്യാണം അന്നത്തേക്ക് തന്നെ ഉറപ്പിക്കാം. എന്താ അഭിപ്രായം?”
“അതിലെന്താ ശേഖരേട്ടാ സംശയം, നമുക്ക് അങ്ങനെത്തന്നെ നടത്താം. ഞങ്ങൾക്കും അത് തന്നെയാണ് സൗകര്യം,”
അമ്മ വലിയ സന്തോഷത്തോടെ മറുപടി നൽകി.
“അപ്പൊ എല്ലാം തീരുമാനിച്ചതുപോലെ. ഇനിയിപ്പൊ പർച്ചേസിങ്ങും കാര്യങ്ങളുമൊക്കെ ആയിട്ട് മുന്നോട്ട് പോകാമല്ലോ. ഇവനാണെങ്കിൽ ഇപ്പൊത്തന്നെ എന്റെ തല തിന്നാൻ തുടങ്ങിയിട്ടുണ്ട് എല്ലാം പെട്ടെന്ന് വേണമെന്ന് പറഞ്ഞ്,”
ശേഖരൻ അങ്കിൾ അരവിന്ദിനെ നോക്കി വലിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു.
അതുകേട്ടതും എല്ലാവരും ഒരുമിച്ച് ചിരിച്ചു. അരവിന്ദിന്റെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. അനഘ ചേച്ചിയും ആ ചിരിയിൽ
പങ്കുചേർന്നു. യാതൊരു നാടകീയതകളുമില്ലാതെ, വളരെ ലളിതമായി, എന്നാൽ സ്നേഹം കൊണ്ട് നിറഞ്ഞൊരു അന്തരീക്ഷത്തിൽ അവരുടെ മംഗല്യം ഉറപ്പിക്കുകയായിരുന്നു.
