പാർവണം – 9 6അടിപൊളി  

അമ്മയുടെ വാക്കുകളിൽ വലിയൊരു ആവേശമുണ്ടായിരുന്നു.

ചായ കുടിക്കുന്നതിനിടയിൽ ഞാൻ ഫോണെടുത്ത് അനഘ ചേച്ചിയെ വിളിച്ചു. ഒരു റിങ്ങിനുള്ളിൽ തന്നെ കോൾ അറ്റൻഡ് ചെയ്തു.

“ആദീ… എടാ, ഞാൻ നിങ്ങളുടെ കോൾ കാത്തിരിക്കുവാരുന്നു. രാത്രി വിളിച്ചപ്പോൾ നിങ്ങളെല്ലാവരും നല്ല ഉറക്കക്ഷീണത്തിലാണെന്ന് മനസ്സിലായി, അതാ ഞാൻ പിന്നെ വിളിക്കാതെ ഇരുന്നത്. പറയെടാ… എന്തായി കാര്യങ്ങൾ? അവർക്കെന്തെങ്കിലും എതിർപ്പുണ്ടോ?”

ചേച്ചിയുടെ ആ വാക്കുകളിൽ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നതിന്റെ സകല വെപ്രാളവുമുണ്ടായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് ഫോൺ സ്പീക്കറിലിട്ടു. എന്നിട്ട് വളരെ ശാന്തമായി പറഞ്ഞു.

“ഒന്നടങ്ങ് എന്റെ പൊന്നു ചേച്ചീ… നീ വിചാരിക്കുന്ന പോലെ ഒരു പ്രശ്നവുമില്ല അവിടെ.. ശേഖരൻ അങ്കിളിനും രേവതി ആന്റിക്കും ഈ കല്യാണത്തിന് പൂർണ്ണസമ്മതമാ.

എത്രയും പെട്ടെന്ന് കാര്യങ്ങൾ നടത്താമെന്നാ അവര് പറയുന്നേ…”

അതുകേട്ടതും മറുതലക്കൽ വലിയൊരു നിശബ്ദതയായിരുന്നു. പിന്നെ ഒരു വലിയ നെടുവീർപ്പോടെയുള്ള ചെറിയൊരു തേങ്ങൽ എനിക്ക് കേൾക്കാമായിരുന്നു. ഒരുപാട് നാളുകളായി മനസ്സിലടക്കിവെച്ച വലിയൊരു ഭാരം ഒറ്റയടിക്ക് അലിഞ്ഞില്ലാതാകുന്നതിന്റെ സമാധാനമായിരുന്നു ആ കണ്ണീരിൽ.

അമ്മ പെട്ടെന്ന് ഫോൺ

എന്റെ കയ്യിൽ നിന്നും വാങ്ങി.

“അനഘേ…”

അമ്മയുടെ സ്വരത്തിൽ വലിയൊരു വാത്സല്യമുണ്ടായിരുന്നു.

“എനിക്ക് മനസിലായി മോളെ. അവര് നല്ല സ്നേഹമുള്ള ആൾക്കാരാ. നിന്റെ തിരഞ്ഞെടുപ്പ് ഒരിക്കലും തെറ്റിയിട്ടില്ല. ഇനിയെന്തായാലും നീ ഓഫീസിൽ പറഞ്ഞ് വേഗം ലീവ് എടുത്ത് ഇങ്ങോട്ട് വരാൻ നോക്ക്.

ഇന്ന് വൈകുന്നേരം ഞാൻ ജാതകം കൂടി നോക്കാൻ കൊടുക്കുന്നുണ്ട്.”

“ചേച്ചീ…”

പാർവണയും ഫോണിനടുത്തേക്ക് വന്ന് വലിയ ആവേശത്തോടെ വിളിച്ചു.

“ചേച്ചി വൈകണ്ട വേഗം ലീവും വാങ്ങിച്ച് ഇങ്ങ്ട് പോരെ. രേവതി ആന്റിക്ക് ചേച്ചീനെ കാണണം ന്ന് പ്രത്യേകം പറഞ്ഞിട്ട്ണ്ട് ട്ടോ. എന്റെ നാത്തൂന്റെ സെലക്ഷൻ എന്തായാലും ഉഷാറായിട്ട്ണ്ട്…”

മറുതലക്കൽ ചേച്ചി ആശ്വാസം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു.

“എനിക്ക്… എനിക്കെന്താ പറയേണ്ടതെന്ന് അറിയില്ല… നിങ്ങളൊക്കെ എന്റെ കൂടെ നിന്നില്ലായിരുന്നെങ്കിൽ…”

ചേച്ചിക്ക് സങ്കടം കൊണ്ട് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

“നീയിപ്പൊ വെറുതെ സെന്റി അടിക്കാതെ പോയി ഡ്യൂട്ടിക്ക് കയറാൻ നോക്ക്. എന്നിട്ട് വേഗം ലീവും വാങ്ങി നാട്ടിലേക്ക് വരാനുള്ള പരിപാടി നോക്ക്,”

ഞാൻ ചിരിച്ചുകൊണ്ട് ആ സങ്കടം മാറ്റാനായി പറഞ്ഞു.

വലിയൊരു ആശ്വാസത്തോടെയും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷത്തോടെയും ചേച്ചി ഫോൺ വെക്കുമ്പോൾ, ആ വീടിന്റെ ഉമ്മറത്ത് പുതിയൊരു കല്യാണത്തിന്റെ ഒരുക്കങ്ങൾ പതിയെ തുടങ്ങി കഴിഞ്ഞിരുന്നു…

പതിവുപോലെ ഓഫീസിലെ അന്നത്തെ തിരക്കുകളൊക്കെ കഴിഞ്ഞ് വൈകുന്നേരം ഞാൻ വീട്ടിലെത്തുമ്പോൾ ഹാളിൽ ആരെയും കണ്ടില്ല. അമ്മയെ അന്വേഷിച്ച് നോക്കിയപ്പോൾ അമ്പലത്തിൽ പോയതാണെന്ന് മനസ്സിലായി.

ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ പാർവണ കുളിക്കുകയാണെന്ന് ഉറപ്പായി. വല്ലാത്തൊരു ക്ഷീണമുണ്ടായിരുന്നതുകൊണ്ട് ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ ഞാൻ നേരെ പോയി ഹാളിലെ സോഫയിലേക്ക് തന്നെ ഇരുന്നു.

കുറച്ചുകഴിഞ്ഞതും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ, അമ്പലത്തിൽ പോയിട്ട് തിരികെ വരികയായിരുന്നു അമ്മ. അമ്മയുടെ മുഖത്ത് വലിയൊരു സന്തോഷവും സമാധാനവും ഉണ്ടായിരുന്നു.

എന്നെ കണ്ടപാടെ കയ്യിലിരുന്ന കവർ മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് അമ്മ ആവേശത്തോടെ പറഞ്ഞുതുടങ്ങി.

“എടാ ആദീ… ഞാൻ തിരുമേനിയെ കണ്ട് ജാതകം നോക്കിച്ചു…”

“എന്നിട്ട് തിരുമേനി എന്താ അമ്മേ പറഞ്ഞത്?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

“എല്ലാം ഭഗവാന്റെ അനുഗ്രഹം പോലെ തന്നെ നടന്നു മോനെ. പത്തിൽ പത്ത്

പൊരുത്തമാ നമ്മുടെ അനഘമോളും അരവിന്ദും തമ്മിൽ. തിരുമേനി ജാതകം നോക്കിയിട്ട് പറഞ്ഞത്, ഇത്രയും നല്ലൊരു പൊരുത്തം ഈയടുത്തെങ്ങും അദ്ദേഹം കണ്ടിട്ടില്ലെന്നാ.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *