പാർവണം – 9 6അടിപൊളി  

“ശരി, നീ പോയി ഒരു ഷാൾ എടുത്തോണ്ട് വാ. നമുക്ക് പോയി ദോശ കഴിച്ചിട്ട് വരാം.”

അതുകേട്ടതും സന്തോഷത്തോടെ അവൾ കട്ടിലിൽ നിന്നെഴുന്നേറ്റു. അമ്മ ഉണരാതിരിക്കാൻ ശബ്ദമുണ്ടാക്കാതെ ഞങ്ങൾ പതുക്കെ താഴേക്കിറങ്ങി.

ഗേറ്റ് തുറന്ന് ബൈക്ക് പുറത്തിറക്കുമ്പോൾ പുറത്ത് നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു.

ബൈക്കിന് പിന്നിൽ കയറി, തണുപ്പിൽ നിന്നും രക്ഷനേടാനെന്നോണം അവൾ എന്റെ മുതുകിൽ ചേർന്നിരുന്ന് വയറ്റിലൂടെ ഇരുകൈകളും ചുറ്റിപ്പിടിച്ചു. കഴക്കൂട്ടത്തെ ഒഴിഞ്ഞ ഹൈവേയിലൂടെ ബൈക്ക് മുന്നോട്ട് കുതിക്കുമ്പോൾ, ആ കാറ്റിന് പോലും വല്ലാത്തൊരു പ്രണയത്തിന്റെ ഗന്ധമുള്ളതുപോലെ എനിക്ക് തോന്നി.

കുറച്ചു ദൂരം ചെന്നപ്പോൾ ഹൈവേയുടെ സൈഡിലായി ലൈറ്റുകൾ മിന്നിത്തിളങ്ങുന്ന ഒരു തട്ടുകട കണ്ടു. ചൂട് ദോശക്കല്ലിൽ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു. അവിടെ വണ്ടി നിർത്തി ഞങ്ങൾ രണ്ട് മസാലദോശ ഓർഡർ ചെയ്തു.

വലിയൊരു ആവേശത്തോടെ ചൂട് മസാലദോശ പറിച്ച് ചമ്മന്തിയിൽ മുക്കി അവൾ കഴിക്കുന്നത് ഞാൻ കണ്ണിമവെട്ടാതെ നോക്കിയിരുന്നു. ആ കൊച്ചുകുട്ടിയെപ്പോലെയുള്ള അവളുടെ നിഷ്കളങ്കത എന്റെ ഉള്ളിൽ വല്ലാത്തൊരു വാത്സല്യം നിറയ്ക്കുന്നുണ്ടായിരുന്നു.

പെട്ടെന്ന് അവൾ കഴിക്കുന്നത് നിർത്തി എന്നെ നോക്കി.

“എന്താ മനുഷ്യ ഇങ്ങനെ നോക്കണേ? എന്റെ കൊതി മാറ്റാൻ വന്ന ആൾക്ക് ഒന്നും വേണ്ടേ?”

എന്ന് ചോദിച്ച് അവൾ ദോശയുടെ ഒരു കഷ്ണം പറിച്ച് എന്റെ വായിലേക്ക് വെച്ചുതന്നു.

രാത്രിയുടെ ആ വലിയ നിശബ്ദതയിൽ, ഒരു തട്ടുകടയുടെ ഓരത്തിരുന്ന് അവളോടൊപ്പം പങ്കുവെച്ച ആ മസാലദോശയ്ക്ക് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മധുരമുണ്ടായിരുന്നു.

അവളെ ചേർത്തുപിടിച്ച് തിരികെ വണ്ടിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ, ഞാനും അവളും ഞങ്ങളുടെ കുഞ്ഞും മാത്രമുള്ള ഈ ചെറിയ ലോകം ഇതിലും മനോഹരമായി എങ്ങനെയാണ് എന്നെ വിസ്മയിപ്പിക്കുക എന്ന് ഞാൻ വെറുതെ ഓർത്തുപോയി…

******

കാലം ഒരു ഇളംകാറ്റുപോലെ കടന്നുപോയി. ഗർഭകാലം അഞ്ചാം മാസത്തിലേക്ക് കടന്നതോടെ എൻ്റെ പാർവണയുടെ ശരീരത്തിലും മാറ്റങ്ങൾ പ്രകടമായിത്തുടങ്ങിയിരുന്നു.

സാരിത്തുമ്പിനാൽ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചാലും, അവളിൽ തുടിക്കുന്ന പുതിയ ജീവൻ്റെ സാന്നിധ്യം ആ വയറിൽ ഇപ്പോൾ വ്യക്തമായി കാണാമായിരുന്നു. മെലിഞ്ഞ പ്രകൃതമായിരുന്നതുകൊണ്ട് വയർ കുറച്ചധികം മുന്നോട്ട് വന്നിരുന്നു.

അതുകൊണ്ട് തന്നെ പണ്ടത്തെപ്പോലെ ഓടിച്ചാടിയുള്ള ആ നടത്തമൊക്കെ അവൾക്ക് എന്നെന്നേക്കുമായി ഉപേക്ഷിക്കേണ്ടി വന്നു.

ഇപ്പോൾ പടവുകൾ ഇറങ്ങുമ്പോഴും മുറ്റത്തൂടെ നടക്കുമ്പോഴും അവൾക്ക് വല്ലാത്തൊരു ക്ഷീണമുണ്ട്. ഇടതുകൈ കൊണ്ട് ചെറിയൊരു ഭാരത്തോടെ ഇടുപ്പിൽ കുത്തിപ്പിടിച്ച്, വലതുകൈ കൊണ്ട് സാരിത്തുമ്പിനൊപ്പം ആ വലിയ വയറിനെ മൃദുവായി

താങ്ങിപ്പിടിച്ചുള്ള അവളുടെ ആ നടത്തം കാണാൻ എനിക്ക് വല്ലാത്തൊരു ഇഷ്ടമായിരുന്നു.

മാതൃത്വത്തിന്റെ വലിയൊരു പ്രകാശം ആ മുഖത്ത് എപ്പോഴും തിളങ്ങിനിന്നു.

അന്ന് രാവിലെ ഞാൻ ഓഫീസിൽ പോകാൻ തയ്യാറായി താഴേക്ക് വരുമ്പോൾ, ഹാളിൽ നിന്നും അമ്മയുടെ സ്ഥിരം ശാസനകൾ കേൾക്കാമായിരുന്നു. ഞാൻ കോണിപ്പടികൾ പതുക്കെ ഇറങ്ങി അങ്ങോട്ടേക്ക് ചെന്നു.

“എൻ്റെ കുട്ടീ… ഞാൻ നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ധൃതിപിടിച്ച് നടക്കരുതെന്ന്?”

അമ്മ വലിയ ഗൗരവത്തിൽ അവളെ വഴക്കുപറയുകയാണ്.

“അഞ്ചാം മാസമാ… ഇനി ഇങ്ങനത്തെ ഓട്ടമൊന്നും വേണ്ട. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി?”

ഹാളിന്റെ നടുവിലായി, ഇടുപ്പിൽ കൈകുത്തി നിന്ന് കിതച്ചുകൊണ്ട് അമ്മയോട് പരിഭവം പറയുകയായിരുന്നു അവൾ.

“അയ്യോ അമ്മേ… ഞാൻ പതുക്കെയല്ലേ നടന്നത്.”

അവളുടെ മൊഴിയിൽ വലിയൊരു നിസ്സഹായത ഉണ്ടായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.

“അമ്മ പറയുന്നതൊക്കെ അക്ഷരംപ്രതി അനുസരിച്ചോണം,”

ഞാൻ അവളുടെ തോളിലൂടെ കയ്യിട്ട് എന്റെ നെഞ്ചോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *