പാർവണം – 9 6അടിപൊളി  

അയാൾ തുക പറയാൻ തുടങ്ങിയപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു.

“തുക എത്രയാണെന്ന് വെച്ചാൽ ഞാൻ കൗണ്ടറിൽ പേ ചെയ്തോളാം”

എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു.

നാല്പതു പവൻ സ്വർണ്ണം! അത് കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് അത് വലിയൊരു സ്വപ്നമായിരുന്നു.

ചേച്ചി ഒന്നും മിണ്ടാതെ വന്ന് എന്റെ തോളിലേക്ക് ചാരി നിന്നു. അവൾക്കൊന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല.

“എന്റെ മോനില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു കല്യാണം എനിക്ക് സ്വപ്നം കാണാൻ കൂടി പറ്റില്ലായിരുന്നു…”

അമ്മ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു.

“ദേ സെന്റി എനിക്ക് തീരെ ഇഷ്ട്ടല്ലട്ടോ,”

ഞാൻ അമ്മയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“ഇതൊക്കെ എന്റെ കടമയല്ലേ അമ്മേ… എനിക്ക് എന്റെ ചേച്ചിയല്ലേ ഉള്ളൂ. അവൾ ആ വീട്ടിലേക്ക് വലതുകാൽ വെച്ച് കയറുമ്പോൾ, യാതൊരു കുറവുമില്ലാതെ തലയുയർത്തിത്തന്നെ നിൽക്കണം.”

അതുകേട്ടപ്പോൾ അമ്മ എന്റെ നെറ്റിയിലൊരു ഉമ്മ തന്നു. ഇതൊക്കെ കണ്ട്, തികഞ്ഞ അഭിമാനത്തോടെ നിൽക്കുകയായിരുന്നു പാർവണ. സ്വന്തം കുടുംബത്തിന് വേണ്ടി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന അവളുടെ ഭർത്താവിനെ വല്ലാത്തൊരു ആരാധനയോടെ അവൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

ബില്ലും പേ ചെയ്ത്, ആ സ്വർണ്ണപ്പെട്ടി കാറിന്റെ ഡിക്കിയിലേക്ക് വെക്കുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിന്റെ അനിർവചനീയമായ സമാധാനം എന്റെ

ഹൃദയത്തിലുണ്ടായിരുന്നു….

പർച്ചേസിങ് കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോൾ വല്ലാത്ത ക്ഷീണമുണ്ടായിരുന്നു എല്ലാവർക്കും. ഷോപ്പിംഗ് ബാഗുകളൊക്കെ മുകളിലത്തെ മുറിയിൽ ഭദ്രമായി വെച്ചതിന് ശേഷം ഞാൻ താഴേക്ക് വന്നു.

ഹാളിലെ സോഫയിലിരുന്ന് എടുത്ത സാരികളും സ്വർണ്ണത്തിന്റെ കണക്കുകളുമൊക്കെ ഒന്നുകൂടി നോക്കുകയായിരുന്നു അമ്മയും ചേച്ചിയും. അപ്പോഴേക്കും എല്ലാവർക്കും കുടിക്കാനായി തണുത്ത നാരങ്ങാവെള്ളവുമായി പാർവണ അങ്ങോട്ടേക്ക് വന്നു.

നാരങ്ങാവെള്ളം കുടിക്കുന്നതിനിടയിലാണ് കല്യാണം വിളിക്കുന്നതിന്റെ കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിച്ചു തുടങ്ങിയത്.

“അമ്മേ, കല്യാണക്കത്ത് അടിക്കാൻ ഞാൻ നാളെ തന്നെപ്രസ്സിൽ ഏൽപ്പിക്കാം. മറ്റന്നാൾ ആകുമ്പോഴേക്കും കിട്ടും. അത് കിട്ടിയാൽ പിന്നെ നമുക്ക് എല്ലാവരെയും നേരിട്ട് പോയി വിളിച്ചു തുടങ്ങാം.”

ഞാൻ ഗ്ലാസ്സ് ടേപ്പായിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.

അതുകേട്ടപ്പോൾ അമ്മ ഓർമ്മവന്നതുപോലെ എന്നോട് പറഞ്ഞു

“എടാ ആദീ… കത്ത് കിട്ടണവരെ നിക്കണ്ട. സച്ചു ഗൾഫിലല്ലേ, അവനോട് നീ ഇപ്പൊത്തന്നെ വിളിച്ചു പറയണം. അവര് ജോലി ചെയ്യുന്ന കമ്പനിയിൽ മുന്നേക്കൂട്ടി ലീവ് ചോദിച്ചാലല്ലേ അവന് കല്യാണത്തിന് ഇങ്ങോട്ട് വരാൻ പറ്റൂ. അവിടുത്തെ അവസ്ഥ നിനക്കറിയാവുന്നതല്ലേ.”

“അത് ഞാൻ ഇന്നലെത്തന്നെ സച്ചുചേട്ടനെ വിളിച്ച് പറഞ്ഞിരുന്നു അമ്മേ,”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“കല്യാണത്തിന്റെ ഡേറ്റ് ചേട്ടന് അറിയാം ഞാൻ പറഞ്ഞിരുന്നു. ഒരു പത്തു ദിവസം കഴിഞ്ഞാൽ ലീവ് എടുത്ത് നാട്ടിലേക്ക് വരുമെന്നാ പറഞ്ഞത്.”

“അത് നന്നായി,”

അമ്മയ്ക്ക് വലിയ സമാധാനമായി.

“പിന്നെ അനഘയുടെ അച്ഛന്റെ തറവാട്ടിലുള്ളവരെയും നമ്മുടെ അടുത്ത ബന്ധുക്കളെയുമൊക്കെ നേരിട്ട് തന്നെ പോയി വിളിക്കണം. നാട്ടുകാരെയും പരിചയക്കാരെയുമൊക്കെ വിളിക്കാനുള്ള ലിസ്റ്റ് നമുക്ക് നാളെത്തന്നെ ഇരുന്ന് തയ്യാറാക്കാം. ആരെയും വിട്ടുപോകരുത്.”

“അതൊക്കെ നമുക്ക് കറക്റ്റ് ആയിട്ട് ചെയ്യാം അമ്മേ. കല്യാണത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ. എന്തായാലും ഇന്നത്തെ ഈ ഓട്ടത്തിന്റെ ക്ഷീണം മാറ്റട്ടെ,”

ഞാൻ പറഞ്ഞു.

കല്യാണത്തിന്റെ ഓരോ ചെറിയ കാര്യങ്ങളും പ്ലാൻ ചെയ്യുന്ന ആ സംസാരം ഏറെനേരം നീണ്ടുനിന്നു. ഒരുപാട് നാളുകൾക്ക് ശേഷം ആ വീടിന്റെ അകത്തളങ്ങളിൽ യാതൊരു ടെൻഷനുമില്ലാത്ത, വലിയൊരു സന്തോഷത്തിന്റെ വർത്തമാനങ്ങൾ നിറഞ്ഞുനിൽക്കുകയായിരുന്നു.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *