ഇതിലും വലിയൊരു ഭാഗ്യം ഇനി ഈ ജന്മത്തിൽ എനിക്ക് കിട്ടാനില്ലെന്ന് എൻ്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. പരസ്പരം താങ്ങായി, പുതിയൊരു ജീവന് കാവലായി ആ രാത്രിയുടെ ശാന്തതയിലേക്ക് ഞങ്ങൾ അലിഞ്ഞുചേർന്നു.
ദിവസങ്ങളും മാസങ്ങളും എത്ര പെട്ടന്നാണ് കടന്നുപോകുന്നത്. ഗർഭകാലം മൂന്നാം മാസത്തിലേക്ക് കടന്നതോടെ അവളുടെ മാറ്റങ്ങൾ കൂടുതൽ വ്യക്തമായിത്തുടങ്ങിയിരുന്നു. അന്ന് രാവിലെ ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിയത് ആദ്യത്തെ പ്രധാനപ്പെട്ട സ്കാനിങ്ങിന് വേണ്ടിയായിരുന്നു.
സ്കാനിംഗ് റൂമിന് പുറത്ത് കാത്തിരിക്കുമ്പോൾ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര നെഞ്ചിടിപ്പായിരുന്നു. പേര് വിളിച്ചതും ഞാൻ അവളുടെ കൈകൾ ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു.
മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, സ്കാനിംഗ് ബെഡിലേക്ക് കിടക്കുമ്പോൾ അവളുടെ കണ്ണുകളിലും നേരിയ ഭയവും ആകാംക്ഷയുമുണ്ടായിരുന്നു. ഡോക്ടർ വളരെ സൗമ്യമായി കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സ്കാനർ അവളുടെ വയറ്റിലൂടെ ചലിപ്പിച്ചു തുടങ്ങി.
“ആദിത്യൻ… ദേ ആ സ്ക്രീനിലേക്ക് ഒന്ന് നോക്കൂ…”
ഡോക്ടർ മോണിറ്ററിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
ഞാൻ സ്ക്രീനിലേക്ക് നോക്കി. വ്യക്തമല്ലാത്ത ഒരു ചെറിയ രൂപം അവിടെ തെളിഞ്ഞുകാണാമായിരുന്നു.
“ആ കാണുന്നതാണ് നിങ്ങളുടെ കുഞ്ഞ്. വളരെ കൃത്യമായ വളർച്ചയുണ്ട്,”
ഡോക്ടർ പുഞ്ചിരിയോടെ പറഞ്ഞു.
ഞാൻ അത്ഭുതത്തോടെ ആ സ്ക്രീനിലേക്ക് നോക്കിനിന്നു. എൻ്റെ രക്തം, എന്റെ ജീവൻ… അവിടെ ഒരു ചെറിയ രൂപമായി വളരുകയാണ്.
“ഇനി ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു സംഗീതം കേൾപ്പിച്ചു തരാം,”
എന്ന് പറഞ്ഞ് ഡോക്ടർ സ്കാനിംഗ് മെഷീനിലെ ഒരു ബട്ടൺ അമർത്തി.
പെട്ടെന്ന് ആ മുറിയിലെ സ്പീക്കറിലൂടെ വളരെ
വേഗത്തിലുള്ള ഒരു താളം മുഴങ്ങിക്കേട്ടു… ‘ലബ് ഡബ്… ലബ് ഡബ്…’
ഒരു നിമിഷം എന്റെ ശ്വാസം നിലച്ചുപോയതുപോലെ എനിക്ക് തോന്നി. എൻ്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പ്! ഭൂമിയിലെ സകല വാദ്യോപകരണങ്ങൾക്കും മീതെ മുഴങ്ങുന്ന ജീവന്റെ താളം.
ഞാൻ അറിയാതെ കുനിഞ്ഞ് പാർവണയുടെ മുഖത്തേക്ക് നോക്കി. അവളുടെ ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. അവൾ എന്റെ വലതുകൈ പിടിച്ച് അവളുടെ വിറയ്ക്കുന്ന ചുണ്ടുകളോട് ചേർത്തു.
ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. ഒരു പുരുഷൻ ശരിക്കും ഒരു അച്ഛനായി മാറുന്നത് കുഞ്ഞ് ജനിക്കുമ്പോഴല്ല, ഈ ആദ്യത്തെ സ്പന്ദനം കേൾക്കുന്ന നിമിഷത്തിലാണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.
ആ സന്തോഷത്തിന്റെ ലഹരിയിലായിരുന്നു അന്ന് പകൽ മുഴുവൻ ഞങ്ങൾ. രാത്രി അത്താഴമൊക്കെ കഴിഞ്ഞ് വളരെ നേരത്തെ തന്നെ അവൾ ഉറങ്ങാൻ കിടന്നിരുന്നു.
ഞാൻ കുറച്ചുനേരം ലാപ്ടോപ്പിൽ വർക്കുകൾ നോക്കിയ ശേഷം ലൈറ്റണച്ച് അവളുടെ അടുത്തായി കിടന്നു.
സമയം പാതിരാത്രി പന്ത്രണ്ടര കഴിഞ്ഞിട്ടുണ്ടാവും. പെട്ടെന്ന് എന്റെ നെഞ്ചിൽ ആരോ പതുക്കെ വിരലുകൾ കൊണ്ട് കുത്തുന്നത് പോലെ തോന്നി. ഞാൻ ഉറക്കച്ചടവോടെ കണ്ണുകൾ തുറന്നു.
ജനാലയിലൂടെ വരുന്ന നിലാവിന്റെ വെളിച്ചത്തിൽ, എന്റെ നെഞ്ചിലേക്ക് ചാരി മുഖത്തൊരു വലിയ കുസൃതിയും വെച്ച് എന്നെത്തന്നെ നോക്കി കിടക്കുകയാണ് പാർവണ.
“എന്താടീ… ഈ പാതിരാത്രിയിൽ നിനക്ക് ഉറക്കമില്ലേ?”
ഞാൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് പതുക്കെ ചോദിച്ചു.
“ആദീ…”
അവൾ വളരെ കൊഞ്ചിക്കൊണ്ട് എന്റെ താടിയിൽ പിടിച്ചു വലിച്ചു.
“എനിക്കിപ്പൊ ഒരു മസാലദോശ കഴിക്കാൻ വല്ലാത്തൊരു കൊതി…”
“മസാലദോശയോ? ഈ പാതിരാത്രിയില?”
ഞാൻ അത്ഭുതത്തോടെയും ചെറിയൊരു ചിരിയോടെയും ചോദിച്ചു.
“മ്മ്… നല്ല ചൂട് മസാലദോശയും ചമ്മന്തിയും… എനിക്കിപ്പോ കഴിക്കണം. എനിക്കല്ല… നമ്മുടെ ഋത്വിക്കിന് കൊതി വന്നിട്ടാവും…”
അവൾ കുഞ്ഞിന്റെ പേരും പറഞ്ഞ് എന്നെ വീഴ്ത്താൻ നോക്കുകയാണ്.
ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും, അവളുടെ ആ മുഖത്തെ കൊതി കണ്ടപ്പോൾ എനിക്ക് പിന്നെ മറുത്തൊന്നും പറയാൻ തോന്നിയില്ല.
