“എന്താടീ… എന്താ പറഞ്ഞേ?”
ഞാൻ തിരിഞ്ഞുനോക്കിക്കൊണ്ട് ചോദിച്ചു.
അതേ നിമിഷം, എൻ്റെ കാതുകളെ തുളച്ചുകൊണ്ട് അവളുടെ ആ അലർച്ച മുഴങ്ങി.
“ആദീ… മുന്നിൽ…!”
അവളുടെ ആ നിലവിളി കേട്ട് ഞാൻ പെട്ടെന്ന് മുന്നിലേക്ക് തിരിഞ്ഞു.
എന്റെ കണ്ണിനുമുന്നിൽ, വേഗതയിൽ ഹോൺ മുഴക്കിക്കൊണ്ട് ഒരു വലിയ കണ്ടെയ്നർ ലോറി ഞങ്ങൾക്ക് നേരെ പാഞ്ഞുവരികയായിരുന്നു. ആ വലിയ വണ്ടിയുടെ കണ്ണഞ്ചിപ്പിക്കുന്ന വെള്ള വെളിച്ചം എൻ്റെ കണ്ണുകളിലേക്ക് ആഞ്ഞടിച്ചു.
ബ്രേക്ക് പിടിക്കാനോ വണ്ടി വെട്ടിക്കാനോ എനിക്ക് സമയം കിട്ടിയില്ല. ആ വെളിച്ചത്തിന് പിന്നിലെ അന്ധകാരത്തിലേക്ക് എൻ്റെ ലോകം മുഴുവൻ വലിയൊരു ശബ്ദത്തോടെ പതിക്കുകയായിരുന്നു…
കണ്ണുകൾ തുറക്കുമ്പോൾ മുകളിലെ ട്യൂബ് ലൈറ്റിന്റെ വെളിച്ചം എൻ്റെ കണ്ണുകളിലേക്ക് വല്ലാതെ തുളച്ചുകയറുന്നുണ്ടായിരുന്നു. കാഴ്ചകൾക്ക് ഒരു മങ്ങൽ. നെറ്റിയിൽ വലിയൊരു കെട്ടുണ്ട്.
തലയ്ക്ക് വല്ലാത്തൊരു ഭാരം, ശരീരമാകെ പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന. വായുടെ ഒരു വശത്ത് ചെറിയൊരു മുറിവുണ്ടായിരുന്നു. ചുറ്റും മരുന്നുകളുടെ രൂക്ഷഗന്ധം. എവിടെയാണ് ഞാനെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ എനിക്ക് കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു.
പെട്ടെന്നാണ് ആ ഓർമ്മ ഒരു കൊള്ളിയാൻ പോലെ എന്റെ മനസ്സിലൂടെ പാഞ്ഞുപോയത്. പാതിരാത്രിയിലെ ആ ബൈക്ക് യാത്ര… ഹൈവേ… അപ്രതീക്ഷിതമായി മുന്നിൽ വന്ന ആ കണ്ടെയ്നർ ലോറിയുടെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം…
കാതടപ്പിക്കുന്ന ഹോൺ ശബ്ദം…
അതിനെല്ലാം മീതെ എന്റെ നെഞ്ചിനകം പിളർക്കുന്നതുപോലെയുള്ള അവളുടെ ആ അലർച്ച…
“ആദീ… മുന്നിൽ…!”
എന്റെ ബോധം പതിയെ ഇരുളിന്റെ ആഴങ്ങളിൽ നിന്ന് കരകയറി, പൂർണമായും എന്നിലേക്ക് തിരിച്ചെത്തി.
എന്റെ പാർവണ! എന്റെ കുഞ്ഞ്! ദൈവമേ…
ശരീരത്തിലെ വേദനകളൊന്നും വകവെക്കാതെ ഞാൻ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. എന്റെ വെപ്രാളം കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് വേഗം പുറത്തേക്ക് ഓടി.
നിമിഷങ്ങൾക്കകം വാതിൽ തുറന്ന് അമ്മയും അനഘ ചേച്ചിയും അരവിന്ദും അകത്തേക്ക് വന്നു.
“മോനേ… നിനക്കിപ്പൊ എങ്ങനെയുണ്ടടാ?”
അമ്മ ഓടിവന്ന് എന്റെ കട്ടിലിനരികിൽ നിന്നു.
ആ മുഖത്ത് വല്ലാത്തൊരു ഭയമുണ്ടായിരുന്നു.
“എനിക്കൊരു കുഴപ്പവുമില്ല… അവൾ എവിടെ?”
എന്റെ സ്വരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
എൻ്റെ കണ്ണുകൾ വാതിൽക്കലേക്ക് അവളെ തിരഞ്ഞു.
അമ്മയുടെ മുഖത്തെ ഭയം പെട്ടെന്ന് മാറി, അവിടെ വളരെ കൃത്രിമമായ ഒരു ചിരി വന്നുനിറഞ്ഞു.
“അവൾക്ക് കുഴപ്പമൊന്നുമില്ല. അവൾ അപ്പുറത്തെ റൂമിലുണ്ട്,”
അമ്മ വളരെ വേഗത്തിൽ പറഞ്ഞു തീർത്തു.
പക്ഷെ, അമ്മയുടെ പിന്നിൽ നിൽക്കുന്ന അനഘ ചേച്ചിയുടെ മുഖത്തേക്ക് ഞാൻ നോക്കി. ചേച്ചിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.
വായപൊത്തി കരച്ചിലടക്കാൻ പാടുപെടുകയാണ് ചേച്ചി. ആ കാഴ്ച എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ കടത്തിവിട്ടു.
“നീ എന്തിനാടാ പാതിരാത്രിക്ക് അവളെയും കൂട്ടി പോയത്……”
അമ്മയുടെ വാക്കുകൾ വിതുമ്പലായി മാറുന്നുണ്ടായിരുന്നു.
പക്ഷെ ആ വാക്കുകളൊന്നും എന്റെ കാതുകളിൽ കയറുന്നുണ്ടായിരുന്നില്ല. എന്റെ ചിന്തകൾ മുഴുവൻ അവളിലായിരുന്നു.
ഞാൻ ഐ.വി ഡ്രിപ്പിന്റെ സൂചി വലിച്ച് ഊരിയെടുത്ത് ഒറ്റച്ചാട്ടത്തിന് കട്ടിലിൽ നിന്നെഴുന്നേറ്റു.
“എടാ… നീ ഇതെങ്ങോട്ടാ പോണേ? അവിടെ കിടക്ക്…”
അമ്മ എന്നെ തടഞ്ഞു. അരവിന്ദും വന്ന് എന്റെ തോളിൽ കയറിപ്പിടിച്ചു.
“മാറി നിൽക്ക്…”
ഞാൻ അരവിന്ദിനെ തള്ളിമാറ്റി.
“എനിക്കെന്റെ പെണ്ണിനെ കാണണം.”
“എടാ ആദീ… അവൾക്ക് കുഴപ്പമൊന്നുമില്ലടാ……”
അമ്മ വീണ്ടും കള്ളം പറയാൻ ശ്രമിച്ചു. എന്നാൽ ചേച്ചിയുടെ കരച്ചിൽ ഉച്ചത്തിലായി.
അവരെന്തോ വലിയൊരു സത്യം എന്നിൽ നിന്ന് മറച്ചുപിടിക്കുകയാണെന്ന് എന്റെ ഹൃദയം വിളിച്ചുപറയുന്നുണ്ടായിരുന്നു. അവളില്ലാതെ എനിക്കൊരു ജീവിതമില്ല.
