പാർവണം – 9 6അടിപൊളി  

ഒരുപാട് പേരുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നടുവിൽ നിൽക്കുന്ന അവളെ വലിയൊരു ആരാധനയോടെയാണ് ഞാൻ അന്ന് നോക്കിനിന്നത്.

വളക്കാപ്പിന്റെ ബഹളങ്ങളൊക്കെ കഴിഞ്ഞ്

എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങിയതോടെ വീട് വീണ്ടും ഞങ്ങളുടേത് മാത്രമായി. ഗർഭകാലം എട്ടാം മാസത്തിലേക്ക് കടക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.

അന്ന് രാത്രി, താഴത്തെ വാതിലുകളൊക്കെ അടച്ചുറപ്പാക്കി ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിലാകെ സാധനങ്ങൾ നിരത്തിവെച്ച് നോക്കുകയായിരുന്നു അവൾ. വളക്കാപ്പിന് വന്നവർ കുഞ്ഞിന് വേണ്ടി കൊണ്ടുവന്ന കൊച്ചുകൊച്ചു ഉടുപ്പുകളും, ചെറിയ കളിപ്പാട്ടങ്ങളും, സോക്സുകളുമൊക്കെയായിരുന്നു അത്.

അവളുടെ ആ കണ്ണുകളിൽ വല്ലാത്തൊരു അത്ഭുതവും സന്തോഷവും തിളങ്ങുന്നുണ്ടായിരുന്നു.

ഞാൻ ചിരിച്ചുകൊണ്ട് കട്ടിലിനരികിലേക്ക് ചെന്നു.

“എന്താടീ… ഇതൊക്കെ നോക്കിയിരുന്ന് ഇന്ന് ഉറങ്ങാൻ ഉദ്ദേശ്യമില്ലേ നിനക്ക്?”

ഞാൻ വളരെ വാത്സല്യത്തോടെ അവളുടെ അരികിലായി ഇരുന്നു.

എന്നെ കണ്ടതും അവൾ വലിയ ആവേശത്തോടെ ചെറിയൊരു വെള്ള ഉടുപ്പ് എന്റെ നേരെ നീട്ടി.

“ആദീ… ഇതൊന്ന് നോക്കിക്കേ…”

അവളുടെ ശബ്ദത്തിൽ ഒരു കൊച്ചുകുട്ടിയുടെ കൗതുകമുണ്ടായിരുന്നു.

“എത്ര ചെറുതാല്ലേ… ഇതിൽ കയറാൻ മാത്രം ചെറുതായിരിക്കുമോ നമ്മുടെ കുഞ്ഞാവ? നമ്മുടെ ഋത്വിക്കിന് ഇത് പാകാവുമോ?”

ഞാൻ ചിരിയമർത്തിക്കൊണ്ട് ആ ചെറിയ ഉടുപ്പ് കയ്യിൽ വാങ്ങി. ശരിയാണ്, എന്റെ കൈവെള്ളയുടെ അത്രയേ ഉണ്ടായിരുന്നുള്ളൂ അത്. ഒരു നിമിഷം ആ ഉടുപ്പിലേക്ക് നോക്കിനിന്നപ്പോൾ എന്റെ നെഞ്ചിലൂടെ വല്ലാത്തൊരു കുളിർമ കടന്നുപോയി.

എൻ്റെ രക്തം, ഞാൻ കാത്തിരിക്കുന്ന എൻ്റെ കുഞ്ഞ് ഇത്രയും ചെറിയൊരു രൂപമായി എൻ്റെ കൈകളിലേക്ക് വരുന്ന ആ നിമിഷം ഞാൻ വെറുതെ ഓർത്തുപോയി.

ഞാൻ അതിനൊപ്പമുണ്ടായിരുന്ന ചെറിയൊരു ഷൂസ് കൂടി കയ്യിലെടുത്തു.

“അവൻ ജനിക്കുന്നതിന് മുൻപേ നീ അവനെ വലിയൊരു ആളാക്കി സങ്കൽപ്പിച്ചോ?”

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് അവളെ എന്റെ നെഞ്ചോട് ചേർത്തുനിർത്തി.

“ആദ്യമൊക്കെ ഇത്രയേ ഉണ്ടാവൂ പെണ്ണെ… പിന്നെ പതുക്കെ പതുക്കെ അവൻ വലുതാകും.”

അവൾ എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് ആ ചെറിയ കളിപ്പാട്ടങ്ങളിലേക്ക്

തന്നെ നോക്കി.

“ആദീ… അവൻ വരുമ്പോ ഈ വീട് നിറയെ അവന്റെ കുറുമ്പുകളായിരിക്കും അല്ലെ?”

അവൾ സ്വപ്നം കാണുന്നതുപോലെ പറഞ്ഞു.

“ആദിയെപ്പോലെ ഒരു കുറുമ്പൻ… അവനെ ആരും ഒന്നും പറയാൻ ഞാൻ സമ്മതിക്കില്ല ട്ടോ.”

ഞാൻ അവളുടെ താടിത്തുമ്പിൽ പിടിച്ച് മുഖം എനിക്ക് നേരെ ഉയർത്തി. ആ വിറയ്ക്കുന്ന ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരിയുണ്ടായിരുന്നു.

“എന്നെപ്പോലെയല്ല, നിന്നെപ്പോലെ ആയിരിക്കണം,”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.

“ഈ ഇളം നീലക്കണ്ണുകളും, എന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ പാലക്കാടൻ ചിരിയുമുള്ള ഒരു കൊച്ചു പാർവണ… ഈ വീട് മുഴുവൻ കിലുങ്ങിച്ചിരിച്ച് ഓടിനടക്കുന്ന എന്റെ സ്വന്തം പെണ്ണ്.”

“അല്ല… എനിക്ക് ആദിയെപ്പോലെ മതി,”

അവൾ ചെറിയൊരു വാശിയോടെ എൻ്റെ ഷർട്ടിൽ പിടിച്ചുലച്ചു.

“ആരായാലും കാവലായിട്ട് ഈ ലോകത്ത് ഏറ്റവും നല്ലൊരു അമ്മയുണ്ടാകും… എൻ്റെ ഈ പാർവണ,”

ഞാൻ അവളുടെ നെറുകയിൽ പതുക്കെ ചുംബിച്ചുകൊണ്ട് പറഞ്ഞു.

അതുകേട്ടപ്പോൾ അവൾ വല്ലാത്തൊരു സമാധാനത്തോടെ കണ്ണുകളടച്ച് എൻ്റെ നെഞ്ചിലേക്ക് ഒന്നുകൂടി മുഖമമർത്തി. ഞാൻ അവളെ ഇറുകെ പുണർന്നു. ജനലിലൂടെ വരുന്ന കാറ്റിന് അപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു.

ഞങ്ങളുടെ ജീവന്റെ പാതിയെക്കുറിച്ചുള്ള സ്വപ്നങ്ങളും നെയ്ത്, പൂർണ്ണമായൊരു സമാധാനത്തോടെ ആ രാത്രിയുടെ നിശബ്ദതയിലേക്ക് ഞങ്ങൾ അലിഞ്ഞുചേർന്നു….

**

ഓഫീസിലെ തിരക്കുകൾ കഴിഞ്ഞ് സന്ധ്യയോടെ വീട്ടിലെത്തുമ്പോൾ എന്നെ കാത്തിരിക്കുന്ന ആ കണ്ണുകളായിരുന്നു എന്റെ ഒരു ദിവസത്തെ ഏറ്റവും വലിയ ആശ്വാസം. അവളോടൊപ്പമുള്ള ഓരോ നിമിഷവും ഒരു ഉത്സവമായിരുന്നു എനിക്ക്.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *