പാർവണം – 9 6അടിപൊളി  

അച്ഛനാകാൻ പോകുന്നതിന്റെ വലിയൊരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നെങ്കിലും, എൻ്റെ കണ്ണിൽ അവൾ അപ്പോഴും ഞാൻ കാത്തുസൂക്ഷിക്കേണ്ട ഒരു കൊച്ചുകുട്ടിയായിരുന്നു. അനഘ ചേച്ചി ഇത് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം പങ്കുവച്ചു ഒരു ദിവസം വീട്ടിലേക്ക് വരുന്നുണ്ടന്നും പറഞ്ഞു.

അന്ന് രാത്രി. അത്താഴമൊക്കെ കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു ഞങ്ങൾ. ജനലിലൂടെ വരുന്ന ഇളംകാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരിക്കിടക്കുകയായിരുന്നു അവൾ.

അവളുടെ കാലുകൾ എന്റെ മടിയിലേക്ക് വെച്ച് ഞാൻ വളരെ പതുക്കെ തടവിക്കൊടുക്കുകയായിരുന്നു. പകൽ മുഴുവനുണ്ടായിരുന്ന ക്ഷീണം മാറി, അവളുടെ

മുഖത്ത് വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.

“ആദീ… മതി, കൈ കഴക്കില്ലേ…”

അവൾ പതുക്കെ കണ്ണുകൾ പാതി തുറന്ന് പറഞ്ഞു.

“എനിക്ക് ഒരു കുഴപ്പവും ഇല്ല…”

ഞാൻ കുസൃതിയോടെ അവളുടെ കാലിൽ ചെറുതായി ഒന്ന് പിച്ചി.

“അയ്യോ… നോവുന്നു മനുഷ്യ…”

അവൾ ചിണുങ്ങിക്കൊണ്ട് കാല് വലിക്കാൻ നോക്കി.

“ഇനി കുറച്ചു മാസങ്ങൾ കൂടി കഴിയുമ്പോ കാണാം ഈ കുറുമ്പൊക്കെ. വയറൊക്കെ വലുതായി, അനങ്ങാൻ വയ്യാണ്ടിരിക്കുമ്പോ…”

ഞാൻ ചിരിച്ചുകൊണ്ട് അവളുടെ അരികിലേക്ക് നീങ്ങിയിരുന്നു.

അവൾ പതുക്കെ എന്റെ നെഞ്ചിലേക്ക് തലവെച്ച് കിടന്നു. അവളുടെ മുടിയിലെ ഷാംപൂവിന്റെ നേർത്ത ഗന്ധം എന്നിലേക്ക് പടർന്നു. എന്റെ ഒരു കൈ അവളുടെ തോളിലൂടെ ചുറ്റിപ്പിടിച്ചിരുന്നു.

“ആദീ… ആദിക്ക് ആരാ വേണ്ടേ? ആൺകുട്ടിയാണോ അതോ പെൺകുട്ടിയാണോ?”

എന്റെ ഷർട്ടിന്റെ ബട്ടൺസിൽ വിരലുകൾ കൊണ്ട് വെറുതെ വരച്ചുകൊണ്ട് അവൾ ചോദിച്ചു.

“എനിക്ക് നിന്നെപ്പോലെ കുറുമ്പുള്ള, ഈ വലിയ ഇളം നീലക്കണ്ണുകളുള്ള ഒരു പെൺകുട്ടിയെ മതി,”

ഞാൻ അവളുടെ മൂക്കിലൊന്ന് പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

“ഏയ്… എനിക്കൊരു ആൺകുട്ടിയെ മതി,”

അവൾ ചുണ്ടുകോട്ടി ചെറിയൊരു വാശിയോടെ പറഞ്ഞു.

“ആദിയെപ്പോലെ എപ്പോഴും എന്നെ ചേർത്തുപിടിക്കാൻ, എനിക്ക് കാവലായിട്ട് ഒരാൾ കൂടെ…”

അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത് മുൻപ് നടന്നൊരു കാര്യമാണ്. ഇന്ദ്രനീലത്തിലെ ആ കുളപ്പുരയുടെ കരിങ്കൽപ്പടവുകളിൽ ഞങ്ങൾ ഒരുമിച്ചിരുന്ന ആ സായാഹ്നം.

അന്ന് കാറ്റിൽ പറന്ന മുടിയിഴകളൊതുക്കി, കുളത്തിലെ പച്ചവെള്ളത്തിലേക്ക് നോക്കി അവൾ എന്നോട് പറഞ്ഞിരുന്നു.

“നാളെ നമ്മൾക്ക് ഒരു കുഞ്ഞുണ്ടാവുകയാണെങ്കിൽ, അതൊരു ആൺകുട്ടിയാണെങ്കിൽ… അവന് ‘ഋത്വിക്’ എന്ന് പേരിടണം.”

അന്ന് അതൊരു വെറും ആഗ്രഹമായി അവളത് പറയുമ്പോൾ ആ മുഖത്തുണ്ടായിരുന്ന നാണവും പ്രതീക്ഷയും ഞാൻ ഓർത്തു. ഒരു സ്വപ്നം യാഥാർഥ്യമാകുന്നതിന്റെ വല്ലാത്തൊരു വിസ്മയമായിരുന്നു എന്റെ മനസ്സിൽ.

“എന്താ ആദീ… എന്ത് ആലോചിക്കാ?”

അവളുടെ ചോദ്യം എന്നെ വീണ്ടും ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നു.

“ഒന്നുമില്ല… തറവാട്ടിലെ കുളക്കടവിൽ വെച്ച് അന്ന് നീ പറഞ്ഞ ആ പേര് ഞാൻ ഓർക്കുകയായിരുന്നു. ഋത്വിക്…”

ഞാൻ വളരെ പതുക്കെ, ആർദ്രമായി പറഞ്ഞു.

അതുകേട്ടപ്പോൾ അവൾ അത്ഭുതത്തോടെ മുഖമുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ

വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

“ആദി അതൊക്കെ ഇപ്പോഴും ഓർത്തു വെച്ചിട്ടുണ്ടോ?”

“പിന്നില്ലാതെ… നീ പറയുന്ന ഓരോ അക്ഷരവും ഈ നെഞ്ചിലല്ലേടി ഞാൻ കുറിച്ചുവെക്കുന്നത്,”

ഞാൻ അവളെ ഒന്നുകൂടി ഇറുകെ എന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.

“നമ്മുടെ ഋത്വിക്കിനെക്കാണാൻ ഞാൻ നിന്നെപ്പോലെ തന്നെ കാത്തിരിക്കുവാ.”

അവൾ സന്തോഷം കൊണ്ട് എൻ്റെ ഷർട്ടിൽ മുഖമമർത്തി. ആ മുറിക്കുള്ളിലെ നിശബ്ദതയിൽ, അവളെന്നെ കൂടുതൽ ചേർത്തുപിടിക്കുന്നത് എനിക്കറിയാമായിരുന്നു.

“എനിക്കെന്റെ ആദിയെ ജീവനാ…”

അവളുടെ ആ വാക്കുകൾ ആ രാത്രിയിലെ കാറ്റിനേക്കാൾ വലിയൊരു കുളിർമയായി എൻ്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയായിരുന്നു. എനിക്കായി മാത്രം ജനിച്ചവൾ, ഇപ്പോൾ എനിക്കൊരു കുഞ്ഞിനെ സമ്മാനിക്കാൻ പോകുന്നു.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *