പാർവണം – 9 6അടിപൊളി  

“ഇതൊരു പുതിയ ജീവന്റെ കാര്യമാ. നിന്റെ ഈ പഴയ കുറുമ്പും ധൃതിയും കുറച്ചു നാളത്തേക്ക് മാറ്റിവെക്കണം. എന്തെങ്കിലും ആവശ്യം വന്നാൽ അമ്മയെ വിളിക്കണം.”

“ഉം…”

എന്ന് വെറുതെ മൂളിക്കൊണ്ട് അവൾ മുഖം വീർപ്പിച്ച് എന്നെ നോക്കി. ആ മുഖത്തെ പരിഭവം കണ്ടപ്പോൾ അമ്മയ്ക്കും എനിക്കും ചിരിവന്നു.

“വൈകുന്നേരം നമുക്ക് ഹോസ്പിറ്റലിൽ പോകാനുള്ളതാ, റെഡിയായി നിന്നോണം,”

ഞാൻ അവളുടെ നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് ഓഫീസിലേക്ക് തിരിച്ചു.

വൈകുന്നേരം ഹോസ്പിറ്റലിൽ വല്ലാത്ത തിരക്കായിരുന്നു. ബൈക്കിൽ നിന്നിറങ്ങി ഹോസ്പിറ്റലിന്റെ പടികൾ കയറുമ്പോൾ ഞാൻ അവളുടെ കൈകളിൽ ഇറുകെ പിടിച്ചിരുന്നു. ഓരോ ചുവടുവെക്കുമ്പോഴും അവളുടെ മുഖത്തെ ആയാസം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

ഗൈനക്കോളജിസ്റ്റിന്റെ ക്യാബിനിൽ എത്തിയപ്പോൾ ഡോക്ടർ അവളെ വിശദമായി പരിശോധിച്ചു. സ്കാനിംഗ് റിപ്പോർട്ടുകളൊക്കെ നോക്കിയ ശേഷം ഡോക്ടർ വലിയൊരു പുഞ്ചിരിയോടെ എന്നെ നോക്കി.

“പേടിക്കാൻ ഒന്നുമില്ല ആദിത്യൻ. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതികളാണ്. കുഞ്ഞിന്റെ വളർച്ചയും ഹൃദയമിടിപ്പും എല്ലാം വളരെ നോർമൽ ആണ്,”

ഡോക്ടർ പറഞ്ഞപ്പോൾ എന്റെ വലിയൊരു ശ്വാസം പുറത്തേക്ക് പോയി.

“പക്ഷെ ചെറിയൊരു കാര്യമുണ്ട്,”

ഡോക്ടർ ഗൗരവത്തോടെ തുടർന്നു.

“അഞ്ചാം മാസം

കഴിഞ്ഞതുകൊണ്ട് ഇനി കൂടുതൽ ശ്രദ്ധ വേണം. ബൈക്കിലൊക്കെയുള്ള യാത്രകൾ പരമാവധി പതുക്കെയാക്കണം. നടക്കുമ്പോഴും കിടക്കുമ്പോഴും ഒക്കെ ആ ഒരു കരുതൽ ഉണ്ടാവണം.

പിന്നെ, കാലുകഴപ്പും നടുവേദനയും സ്വാഭാവികമാണ്. ആദിത്യൻ കുറച്ചുകൂടി സപ്പോർട്ട് കൊടുക്കണം.”

“തീർച്ചയായും ഡോക്ടർ, ഞാൻ ശ്രദ്ധിച്ചോളാം,”

ഞാൻ വളരെ പക്വതയോടെ മറുപടി നൽകി.

ഹോസ്പിറ്റലിൽ നിന്നും മരുന്നുകളൊക്കെ വാങ്ങി പാർക്കിങ്ങിൽ വെച്ചിരുന്ന ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. വലിയൊരു വയറും വെച്ച് ബൈക്കിൽ കയറാനുള്ള അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, വളരെ കരുതലോടെ ഞാൻ അവളെ പിന്നിലേക്ക് കയറ്റി ഇരുത്തി.

അവളുടെ തലയിൽ ഹെൽമെറ്റ് വെച്ചു കൊടുത്ത് സ്ട്രാപ്പ് ഇടുമ്പോഴാണ് അവൾ പതുക്കെ എന്റെ കയ്യിൽ പിടിച്ചത്.

“ആദീ…”

അവളുടെ കണ്ണുകളിൽ നേരിയൊരു ഭയമുണ്ടായിരുന്നു.

“എനിക്കെന്തോ വല്ലാത്ത പേടിയാവാ… ഓരോ ദിവസം കഴിയുന്തോറും വയറു വലുതാവുമ്പോ… എനിക്ക് നമ്മുടെ കുഞ്ഞിനെ സുരക്ഷിതമായിട്ട്…”

അവൾക്ക് വാചകം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഞാൻ അവളുടെ ചുണ്ടുകളിൽ എന്റെ വിരലുകൾ വെച്ച് ആ വാക്കുകൾ തടഞ്ഞു.

“നീ എന്തിനാ വെറുതെ ഓരോന്ന് ഓർത്ത് പേടിക്കുന്നത്?”

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ശാന്തമായി പറഞ്ഞു.

“ഡോക്ടർ പറഞ്ഞില്ലേ എല്ലാം നോർമൽ ആണെന്ന്. പിന്നെ എന്റെ പെണ്ണിനെന്തിനാ ഈ പേടി?”

എന്റെ ആ വാക്കുകളിലെ ആത്മവിശ്വാസം കേട്ടപ്പോൾ അവളുടെ മുഖത്തെ ഭയം മാറി അവിടെ സമാധാനം വിടർന്നു. അവൾ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തതും, അവൾ എൻ്റെ വയറിലൂടെ ഇരുകൈകളുമിട്ട് എന്നെ ഇറുകെ ചേർത്തുപിടിച്ചു. കുഴികളിലൊന്നും വീഴാതെ വളരെ പതുക്കെ ബൈക്ക് മുന്നോട്ടെടുക്കുമ്പോൾ, എൻ്റെ മുതുകിൽ ചേർന്നുകിടക്കുന്ന അവളുടെ ഹൃദയമിടിപ്പ് എനിക്കറിയാമായിരുന്നു.

ഒരു ഭർത്താവ് എന്നതിലുപരി ഒരു അച്ഛന്റെ വലിയ ഉത്തരവാദിത്തം എന്നെ കൂടുതൽ പക്വതയുള്ളവനാക്കുന്നത് ആ കാറ്റിൽ ഞാൻ ശരിക്കും തിരിച്ചറിയുകയായിരുന്നു….

ഏഴാം മാസത്തിലെ വളക്കാപ്പ് ചടങ്ങ് ഞങ്ങളുടെ വീട്ടിൽ ശരിക്കുമൊരു ഉത്സവമായിരുന്നു. പാലക്കാട് നിന്നും ഭദ്രാമ്മയും അമ്മാവൻമാരും അമ്മായിമാരും എത്തിയതിന് പിന്നാലെ, അനഘ ചേച്ചിയും അരവിന്ദും കൂടി വന്നതോടെ വീട് വീണ്ടും ശബ്ദമുഖരിതമായി.

കസവുസാരിയുടുത്ത്, ചന്ദനക്കുറി തൊട്ട്, ഇരുകൈകളിലും നിറയെ

കുപ്പിവളകളണിഞ്ഞ് അന്ന് ഉമ്മറത്ത് നിന്നപ്പോൾ എന്റെ പാർവണയെ കാണാൻ ശരിക്കുമൊരു ദേവതയെപ്പോലെയായിരുന്നു. ബന്ധുക്കളുടെയെല്ലാം സ്നേഹവും അനുഗ്രഹവും ഏറ്റുവാങ്ങി അവളുടെ മുഖത്ത് വിരിഞ്ഞ ആ ചിരി, എന്റെ ഹൃദയത്തിലാണ് ചെന്നടിച്ചത്.

Updated: August 26, 2026 — 3:35 pm

Leave a Reply

Your email address will not be published. Required fields are marked *