അമ്മയുടെ മുഖത്തും സമാധാനം വിടർന്നു.
നേരം പതിയെ വൈകുന്നേരത്തോട് അടുത്തു തുടങ്ങിയിരുന്നു. ശേഖരൻ അങ്കിളിനോടും രേവതി ആന്റിയോടും ഒരു ദിവസം ഞങ്ങളുടെ വീട്ടിലേക്കും വരണമെന്ന് നിർബന്ധമായി പറഞ്ഞേൽപ്പിച്ചാണ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയത്.
വന്നതിനേക്കാൾ വലിയൊരു സന്തോഷത്തോടെ, സ്വന്തം മകൾക്ക് ഏറ്റവും അനുയോജ്യമായൊരു വീടും കുടുംബവും കണ്ടെത്തിയതിന്റെ തികഞ്ഞ സംതൃപ്തിയോടെ അമ്മ കാറിന്റെ പിൻസീറ്റിലേക്ക് കയറി.
വലിയ ഇരുമ്പ് ഗേറ്റ് കടന്ന് കാർ റോഡിലേക്ക് ഇറങ്ങുമ്പോൾ, മുറ്റത്ത് നിറഞ്ഞ ചിരിയോടെ കൈവീശിക്കാണിക്കുന്ന ആ അച്ഛനെയും അമ്മയെയും എനിക്ക് കാറിന്റെ മിററിലൂടെ കാണാമായിരുന്നു.
മടക്കയാത്രയിൽ പത്തനംതിട്ടയുടെ ഗ്രാമവഴികളിൽ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. പകലിന്റെ വെളിച്ചം പതിയെ ഇരുട്ടിന് വഴിമാറിയപ്പോൾ, കാറിലെ നേർത്ത പാട്ടുകൾക്കൊപ്പം പ്രകൃതിയും ഒരു മൗനത്തിലേക്ക് വീണു.
രാവിലെ മുതൽ തുടർച്ചയായി വണ്ടിയോടിച്ചതിന്റെ ക്ഷീണം എനിക്കുണ്ടായിരുന്നെങ്കിലും, മനസ്സിലെ ആഹ്ലാദം അതൊക്കെ മറികടക്കുന്നതായിരുന്നു. അമ്മയും പാർവണയും വല്ലാത്തൊരു സമാധാനത്തിൽ സീറ്റിലേക്ക് ചാരിക്കിടന്ന് മയങ്ങുന്നുണ്ടായിരുന്നു.
വരുന്ന വഴിക്ക് ഹൈവേയിലുള്ളൊരു ഹോട്ടലിൽ വണ്ടി നിർത്തി ഞങ്ങൾ രാത്രിഭക്ഷണം കഴിച്ചു.
വീട്ടിൽ എത്തുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. യാത്രയുടെ വല്ലാത്തൊരു ക്ഷീണത്തിലായിരുന്നു എല്ലാവരും. പുറത്തുനിന്ന് ഭക്ഷണം കഴിച്ചതുകൊണ്ട് വേറെയൊന്നും ചെയ്യാൻ നിൽക്കാതെ ഞങ്ങൾ നേരെ ഉറങ്ങാനായി മുറികളിലേക്ക് പോയി.
തുടർച്ചയായുള്ള ഡ്രൈവിങ്ങിന്റെ സകല ക്ഷീണവും എന്റെ ശരീരത്തെ അപ്പോഴേക്കും വല്ലാതെ തളർത്തിയിരുന്നു. യാത്രയുടെ ആയാസം കൊണ്ട് എന്റെ പാർവണയും പകുതി മയക്കത്തിലായിരുന്നു.
വസ്ത്രം മാറി ലൈറ്റണച്ച് കട്ടിലിലേക്ക് വീണതും, ഒരു കൊച്ചുകുട്ടിയെപ്പോലെ അവൾ എന്റെ നെഞ്ചിലേക്ക് ചുരുണ്ടുകൂടി. എന്റെ ഇരുകൈകളും ആ നേർത്ത അരക്കെട്ടിലൂടെ ചുറ്റി അവളെ ഒന്നുകൂടി എന്നിലേക്ക് വലിച്ചടുപ്പിച്ചു.
ആ തണുത്ത രാത്രിയിലും എന്റെ നെഞ്ചിൽ പറ്റിചേർന്നുറങ്ങുന്ന അവളുടെ ശരീരത്തിന് വല്ലാത്തൊരു ചൂടുണ്ടായിരുന്നു. എന്റെ സകല ക്ഷീണങ്ങളെയും അലിയിച്ചുകളയുന്ന അവളുടെ ആ ചൂടിലേക്ക് മുഖമമർത്തി, എന്റെ പെണ്ണിന്റെ മുടിയിലെ നേർത്ത ഗന്ധവും ശ്വസിച്ച് വലിയൊരു സമാധാനത്തോടെ ഞാനും ഉറക്കത്തിലേക്ക് വീണു.
രാവിലത്തെ ഇളംവെയിൽ ജനാലയിലൂടെ മുഖത്ത് വന്ന് വീണപ്പോഴാണ് ഞാൻ ഉണർന്നത്. ഇന്നലത്തെ യാത്രയുടെ ക്ഷീണം കാരണം നല്ല ഉറക്കമായിരുന്നു. കണ്ണുതുറക്കുമ്പോൾ പാർവണ അടുത്തില്ലായിരുന്നു.
അവൾ നേരത്തെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് താഴെ പോയിട്ടുണ്ടാകണം.
ഞാൻ പതുക്കെ എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു.
ഹാളിലെ സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു അമ്മ. എന്നെ കണ്ടതും പത്രം മടക്കിവെച്ചുകൊണ്ട് അമ്മ ചോദിച്ചു.
“ആദീ… നമ്മൾ ഇന്നലെ അവിടെനിന്ന് ഇറങ്ങിയപ്പോൾ അരവിന്ദിന്റെ ജാതകം അവർ തന്നിരുന്നല്ലോ, അതെവിടെയാ?”
അപ്പോഴാണ് ഞാൻ ആ കാര്യം ഓർക്കുന്നത്.
“അമ്മേ, അത് ഞാൻ ഇന്നലെ കാറിൽ വെച്ച് പാർവണയുടെ കയ്യിലാ കൊടുത്തത്. ഞാൻ അവളോട് ചോദിക്കാം…”
അപ്പോഴേക്കും രണ്ട് കപ്പിൽ ചൂട് ചായയുമായി പാർവണ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു.
“ജാതകം എന്റെ കയ്യിലുണ്ടമ്മേ… ഇന്നലെ വന്ന പാടെ ഞാൻ അത് എന്റെ ബാഗില് ഭദ്രായിട്ട് വെച്ചിട്ട്ണ്ട്. ഞാൻ ഇപ്പൊത്തന്നെ എടുത്തു തരാം ട്ടോ,”
അവൾ ആ നാട്ടുഭാഷയുടെ കുസൃതിയോടെ ചായ ടീപ്പോയിയിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
“എന്നാ നീ അത് ഇങ്ങോട്ട് എടുത്തുവെച്ചോ മോളെ. ഇന്ന് വൈകുന്നേരം ഞാൻ എന്തായാലും അമ്പലത്തിൽ പോകുന്നുണ്ട്. അപ്പൊ അരവിന്ദിന്റെയും അനഘയുടെയും ജാതകം തിരുമേനിയെ ഏൽപ്പിച്ച് പൊരുത്തം നോക്കിക്കാമല്ലോ. എല്ലാം ഒത്തുവരികയാണെങ്കിൽ പിന്നെ ഒട്ടും വൈകിക്കേണ്ടല്ലോ.”
