“ഓഹ്…ആയിക്കോട്ടേ ശിവാ…”
കണ്ടതത്രയും സ്വപ്നമാണോ സത്യമാണോ എന്നറിയാതെ പകച്ച വറീത് ശിവൻ പറഞ്ഞതിന് തമ്പ്രാൻ പറഞ്ഞത് തല കുനിച്ചു നിന്ന് കേട്ട അടിയാളിനെ കണക്കെ സമ്മതം പറഞ്ഞു.
അമ്പരന്നു നിന്ന അനുവിന്റെ കയ്യിൽ പിടിച്ചപ്പോഴാണ് നടന്നതൊക്കെ കണ്ട ഞെട്ടലിൽ മരവിച്ചു പോയ അവൾക്ക് ബോധം വന്നത്.
“നമുക്ക് വീട്ടിൽ പോവാ…അനൂട്ടിയെ…”
അവളെ നോക്കി ചിരിച്ചുകൊണ്ട് ശിവൻ ചോദിക്കുമ്പോൾ…
ഇതാണെന്റെ അച്ഛൻ എന്ന് തൊണ്ടപൊട്ടുമാറുച്ചത്തിൽ അവരോടെല്ലാം വിളിച്ചു പറയണം എന്നവൾക്ക് തോന്നി,
എങ്കിലും അവന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു അവനോട് ചേർന്ന് നടന്ന് അവളതങ് പ്രഖ്യാപിച്ചു.
കയ്യും പിടിച്ചു തിരിഞ്ഞ അച്ഛനും മോളും കണ്ടത് ഇതെല്ലാം കണ്ടു തങ്ങളെ തന്നെ നോക്കി നില്ക്കുന്ന സുജയെയായിരുന്നു.
അപ്പോഴാണ് ചുറ്റും കൂടിയ പുരുഷാരത്തിന്റെ കണ്ണുകൾ എല്ലാം തങ്ങളിൽ ആണെന്ന് ശിവനും അനുവും മനസ്സിലാക്കുന്നത്.
ചെറിയ ഒരു ജാള്യത തോന്നിയെങ്കിലും,
വലിച്ചു കയറ്റി വീർപ്പിച്ചു പിടിച്ച വായു പുറത്തേക്ക് വിടാതെ ശിവൻ ആഹ് നിമിഷങ്ങൾ കൈകാര്യം ചെയ്തു.
കനത്ത ചുവടുകളോടെ നടന്നെത്തിയ സുജ രണ്ടു പേരെയും ദഹിപ്പിച്ചൊന്നു നോക്കിയിട്ട് നടവഴിയിലേക്ക് നടന്നു.
ടീച്ചർ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വിളിച്ചുകൊണ്ടു പോവുന്ന കുരുത്തം കെട്ട കുട്ടികളുടെ കണക്ക്,
ശിവനും അനുവും അവളുടെ പിന്നാലെ നീങ്ങി.
ശിവൻ അല്പം നീങ്ങിക്കഴിഞ്ഞപ്പോളാണ്, കടയിലെ പിള്ളയും വറീതും കൂടെ വഴിയിൽ ചവിട്ടി തേച്ച പഴം പോലെ കിടന്നിരുന്ന അരവിന്ദന്റെ അടുത്തെത്തിയത്.
“പിള്ളേച്ചൻ പോയി ഇത്തിരി വെള്ളം എടുത്തിട്ട് വാ ഇവന്റെ ബോധം പോയീന്നാ തോന്നണെ….
“പിന്നെ പോവാതിരിക്കുവോ…..അമ്മാതിരി അടി അല്ലായിരുന്നോ…”
അരവിന്ദന്റെ കിടപ്പ് കാണാൻ അങ്ങോട്ടെത്തിയ ഏതോ ഒരുത്തൻ തോൾമേലെത്തിനോക്കി പറഞ്ഞു.
അപ്പോഴേക്കും മൊന്തയിൽ വെള്ളവുമായി പിള്ള എത്തിയിരുന്നു.
“നോക്കി നിൽക്കാതെ അങ് തളിക്ക് പിള്ളെ…
ബോധം തെളിഞ്ഞിട്ട് വേണം ഉഴിയാനോ പിടിക്കാനോ ഉണ്ടൊന്നു നോക്കി വൈദ്യരുടെ അടുത്ത് കൊണ്ടുപോവാൻ…”
വറീത് ഒച്ചയിട്ടതോടെ പിള്ള വെള്ളം അരവിന്ദന്റെ മുഖത്തേക്കു തളിച്ചു.
കണ്ണ് ചിമ്മി മുഖം ഒന്നു വലിച്ചു വിട്ട് എങ്ങനെയൊക്കെയോ അരവിന്ദൻ കണ്ണ് തുറന്നു.
“ഓഹ് ഇവന് തല നേരെ നിക്കുന്നില്ല, ഒന്ന് പിടിച്ചേ വറീതേ… ആഹ് തിണ്ണയിലേക്ക് പിടിച്ചിരുത്താം….”
അതോടെ എല്ലാവരും കൂടെ പിടിച്ചു താങ്ങി അവനെ പിള്ളയുടെ തിണ്ണയിൽ ഭിത്തിയിൽ ചാരി ഇരുത്തി.
“ഹ പോയിനെടാ എല്ലാം അവനിത്തിരി കാറ്റു കിട്ടിക്കോട്ടെ…”
ചെറു വിശറിയെടുത്തു അവനു നേരെ വീശിക്കൊണ്ട് പിള്ള ചൊടിച്ചു.
അതോടെ കൂടി നിന്നവർ ഒന്നും രണ്ടും പറഞ്ഞു പതിയെ പിരിഞ്ഞു.
തലയിലെ മൂളക്കം ഒന്ന് താഴ്ന്നപ്പോഴാണ് ചുറ്റുമുള്ളതും കുറച്ചു മുൻപ് നടന്നതുമെല്ലാം അരവിന്ദന്റെ തലയിലേക്ക് എത്തിയത്.
അതോടെ അവന്റെ ഞരമ്പ് വലിഞ്ഞു മുറുകി,
ചുറ്റും കൂടി നിന്നവരുടെ മുഖത്തെ ആക്കിയ ചിരി കൂടി കണ്ടതോടെ അരവിന്ദൻ ദേഷ്യത്തോടെ കൈകുത്തി എഴുന്നേറ്റു.
ഒന്ന് വേച്ചു പോയെങ്കിലും വീർത്തു തുടങ്ങിയ കവൾതടവുമായി അരവിന്ദൻ നിലത്തു കാലുറപ്പിച്ചു വച്ചുകൊണ്ട് കവലയിൽ നിന്നും നടന്നു നീങ്ങി.
കോരയുടെ ചാരായ ഷാപ്പ് വരെ എത്തിയ നടത്തം തിരികെ നടക്കുമ്പോൾ വയറ്റിൽ നൂറു മില്ലിയും കയ്യിൽ രണ്ടു കുപ്പിയും ഉണ്ടായിരുന്നു.
ഉള്ളിൽ എരിയുന്ന പകയുമായി അവൻ എത്തിയത് പിള്ളയുടെ വീടിനു മുന്നിൽ ആയിരുന്നു.
*************************************
“ഇനി ഇതിന്റെ പേരിലെന്തൊക്കെ ഉണ്ടാവുമോ, ഈശ്വരാ….”
പിറകിൽ വരുന്ന ശിവനെ തിരിഞ്ഞു നോക്കി പറഞ്ഞു.
അപ്പോഴും അവളുടെ നേരെ നോക്കി ഒന്നും സംഭവിക്കാത്ത പോലെ ശിവൻ നടന്നു.
“വല്ലോരും എന്തേലും പറയുന്നത് കേട്ടാൽ മിണ്ടാതെ ഇങ്ങ് പോന്നാൽ പോരെ…..”
“എന്നെ എന്ത് വേണേ പറഞ്ഞോട്ടെ…നിന്നേം മോളേം വായിതോന്നിയത് വിളിച്ചു പറഞ്ഞാലതും കേട്ട് വായും പൊത്തിപ്പോരാൻ, എനിക്ക് പറ്റത്തൊന്നുമില്ല….”
