Curious case edited version
Author : Willie Beamen | Previous Part
2013.
“എന്റെ പെണ്ണിനോട് തന്നെ വേണോടാ നിനക്ക്?”
“മറക്കാതിരിക്കാൻ നീ ഇതുകൂടി വെച്ചോ!”
ആ ക്ലാസ്സ് റൂമിലെ ബഹളം പുറത്തേക്കും അലയടിക്കുന്നുണ്ടായിരുന്നു.ഒരു ക്ലാസ്സിലെ മുഴുവൻ പിള്ളേരും അവിടെയുണ്ട്.തന്നെ വളഞ്ഞിട്ട് അടിക്കുന്നവർക്ക് അതിനുള്ള കൃത്യമായ കാരണമുണ്ടെന്ന് ബോധ്യമുള്ളത് കൊണ്ടാകണം, ഉണ്ണിയും ഷാഹിറും പരമാവധി പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.
പരിചയം തോന്നിയ രണ്ട് മുഖങ്ങൾ ആ തല്ലുകൂടുന്നതിനിടയിൽ കണ്ടുകൊണ്ടാണ് ഞാൻ അങ്ങോട്ട് ഓടിക്കയറിയത്.
“അണ്ണാ… വിട്ടേക്ക്!” ഉണ്ണിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചിരുന്നവന്റെ കൈ ബലമായി വിടുവിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
“നീ ആരാടാ?” അതിന്റെ ഇടയിൽ മറ്റൊരുത്തൻ എന്റെ കോളറിൽ കയറിപ്പിടിച്ചു.
“എന്റെ കൂട്ടുകാരാ… ഞങ്ങൾ പൊക്കോളാം.” കഴുത്തിൽ പിടുത്തം മുറുകിയപ്പോൾ നല്ല വേദന തോന്നിയെങ്കിലും, അവിടെ നടക്കുന്ന പ്രശ്നം കൃത്യമായി അറിയാത്തത് കൊണ്ട് അവന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
പക്ഷേ, അടുത്ത നിമിഷം എന്റെ പുറകിൽ നിന്ന് ഒരു ചവിട്ട് കൂടി കിട്ടി. പ്രശ്നം ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും പ്രകോപനം! ബാലൻസ് തെറ്റി നിലത്ത് വീഴുന്നതിന് മുൻപ് കൈകുത്തി ഞാൻ വേഗത്തിൽ തിരിഞ്ഞു. മുന്നിൽ പേടിച്ചു നിൽക്കുന്നവന്റെ മുഖം കണ്ടപ്പോൾ, അത്രയും നേരം ഉള്ളിലൊതുക്കിയ ദേഷ്യം പുറത്തേക്ക് ഇരച്ചുകയറി. പിന്നെ എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു.
എന്റെ നേരെ ഒരുകൈ ഉയർന്നു വന്നത് എനിക്ക് നല്ല ഓർമ്മയുണ്ട്. അതേ നിമിഷം തന്നെ കൈവീശി അവന്റെ വലത്തേ കവിൾ പൊളിച്ച് ഒരെണ്ണം ഞാൻ തിരിച്ചു കൊടുത്തു. 23 വയസ്സ് കഴിഞ്ഞ്, ആദ്യമായി ഒരു കോളേജിൽ കാലുകുത്തിയ ദിവസം തന്നെ തല്ലുണ്ടാക്കാൻ മാത്രം മോശക്കാരനല്ല ഞാൻ.
23-ാം വയസ്സിൽ ആദ്യമായി കോളേജിൽ പോകുന്നത് കേട്ട് നിങ്ങൾക്ക് സംശയം തോന്നുന്നത് സ്വാഭാവികമാണ്. എന്നെക്കുറിച്ച് ചില കാര്യങ്ങൾ പറയാം. അതിന് മുൻപ്, കോളേജ് തുറക്കുന്നതിന് രണ്ട് ദിവസം പുറകിലേക്ക് പോകാം.
——————————————————————
എന്റെ അപ്പൻ ഹാരിസ്. എ.സി.പി ഹാരിസ് വലിയവീട്ടിൽ. പോലീസ് ഓഫീസറായിരുന്നു, ഇപ്പോൾ സർവീസിലില്ല. അമ്മ സ്മിത ലോപ്പസ്, വീട്ടമ്മയാണ്. ഞാനടക്കം മൂന്ന് മക്കളാണ് അവർക്ക്. ചേട്ടൻ ലുക്മാൻ ലോപ്പസ്. ലൂക്കാച്ചന്റെ കല്യാണം കഴിഞ്ഞു; ചേട്ടത്തി പല്ലവി, പിന്നെ ഞങ്ങളുടെ ജീവനായ കുഞ്ഞു നദിയും. അനിയത്തി റിയ ലോപ്പസ് പ്ലസ് വണ്ണിന് പഠിക്കുന്നു.
സ്വന്തം സ്ഥലം പത്തനംതിട്ടയാണെങ്കിലും ഞങ്ങൾ സെറ്റിൽ ചെയ്തിരിക്കുന്നത് കൊല്ലത്താണ്. അമ്മയുടെ അച്ഛൻ ലോപ്പസ്, എന്റെ വല്യപ്പൻ. പുള്ളി ഒരു അസ്സൽ കൊല്ലംകാരനാണ്. ഞങ്ങളുടെ പേരിനൊപ്പം ‘ലോപ്പസ്’ എന്ന് വരാനുള്ള കാരണം വഴിയിേ പറയാം.
അപ്പന്റെ ഫാമിലി ശരിക്കും പത്തനംതിട്ടയിലാണ്. അവിടെയൊരു തറവാടി പ്രമാണി കുടുംബമാണ് അവരുടേത്. പക്ഷേ, എന്റെ മുത്തശ്ശന് അപ്പനോടും അമ്മയോടും അത്ര താല്പര്യമില്ല. എന്നാൽ എന്നോട് വലിയ താല്പര്യമാണ്, അതിന് കാരണം എന്റെ പേര് തന്നെയാണ്.
പ്ലസ് ടു കഴിഞ്ഞ സമയത്ത് അപ്പൻ വിളിച്ചിട്ടാണ് ഞാൻ പത്തനംതിട്ടയിലേക്ക് പോയത്. എന്റെ അപ്പന്റെ അപ്പനെ ഞാൻ ‘അപ്പൻ’ എന്ന് തന്നെയാണ് വിളിക്കുന്നത്. ഒരു അവധിക്കാലം ആഘോഷിക്കാൻ ചെന്നതായിരുന്നു ഞാൻ. പക്ഷേ, വലിയവീട്ടിൽ കുരുവിള തന്റെ സാമ്രാജ്യം മുഴുവൻ എന്റെ കൈകളിലേക്ക് വെച്ചുതന്നു. മൂന്ന് വർഷക്കാലം ഞാൻ അതൊക്കെ നോക്കി നടത്തി. എന്റെ അച്ഛൻ പോലീസുകാരനായിരുന്നല്ലോ, ആ ചോരയുടെ ഗുണം എന്റെ ഉള്ളിലുമുണ്ട്.
ഒടുവിൽ വലിയവീട്ടിൽ കുരുവിളയോട് യാത്ര പറഞ്ഞ് ഞാൻ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു. നല്ല മാർക്കുള്ളത് കൊണ്ടും, സ്വാധീനമുള്ള ചില വിളികൾ പോയതുകൊണ്ടും കോളേജിൽ എളുപ്പത്തിൽ അഡ്മിഷൻ കിട്ടി. എന്റെ കൂടെ പഠിച്ചവരൊക്കെ ഡിഗ്രി കഴിഞ്ഞ് ഇറങ്ങിയ സമയത്താണ് എനിക്ക് സ്വന്തമായൊരു ഡിഗ്രി വേണമെന്ന തോന്നുലുണ്ടായത്. അറിവ് കാശ് കൊടുത്തു വാങ്ങാൻ പറ്റില്ലല്ലോ. അങ്ങനെ വീണ്ടും പഠിക്കാൻ തന്നെ തീരുമാനിച്ചു.
