കൃത്യമായ മറുപടികളാണ് അവൾ നൽകിയത്. അവളുടെ ആത്മവിശ്വാസവും, അറിവും കണ്ട് അവരുടെ മുഖം തെളിഞ്ഞു. ഇതുപോലെ ഒരു ഉദ്യോഗാർത്ഥിയെയാണ് അവർ ഉദ്ദേശിച്ചിരുന്നത്.
അവൾക്ക് അറിയില്ലെങ്കിലും ഇത് കമ്പനിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പോസ്റ്റ് ആയിരുന്നു. അതുകൊണ്ടുകൂടിയാണ് ഭർത്താവും വരണം എന്ന് കമ്പനി നിർബന്ധിച്ചത്. കാരണം, ഒരു സ്ത്രീ അന്യനാട്ടിൽ ഒറ്റയ്ക്ക് ജീവിയ്ക്കുമ്പോൾ അവളുടെ മനസ്സ് ശാന്തമായി ഇവിടെ ആയിരിക്കില്ല. ഭർത്താവ് കൂടെ ഉണ്ടെങ്കിൽ, അതും ചെറുപ്പക്കാരായവർക്ക് അത് കൂടുതൽ അർപ്പണബോധവും, ആത്മവിശ്വാസവും, നൽകും എന്നായിരുന്നു എം.ഡി. മാഡത്തിന്റെ തീരുമാനം.
അവസാനം ഭർത്താവിനെപ്പറ്റി ചോദിച്ചു.
“ഭർത്താവ് കൂടെ വന്നിട്ടുണ്ട്” എന്ന് അവൾ പറഞ്ഞു.
പാറുവിനോട് ഭർത്താവിനെ വിളിക്കാൻ എം.ഡി. പറഞ്ഞു.
അവൾ പുറത്തേക്ക് വന്ന് അച്ഛനെ അല്ല, ഭർത്താവിനെ വിളിച്ച്, അകത്തേക്ക് നടന്നു.
രണ്ടുപേർക്കും ചെറിയ ഒരു ഭയം ഉണ്ടായിരുന്നു. അഥവാ പിടിക്കപ്പെട്ടാലോ എന്ന ഭയം.
അകത്തേക്ക് കയറി സീറ്റിൽ ഇരിക്കുന്ന മാഡത്തെ കണ്ട് ശേഖരൻ ഞെട്ടിപ്പോയി. അയാളുടെ തൊണ്ട വരണ്ടു.
ഓട്ടോകാരന്റെ കൂടെ ഒളിച്ചോടിപ്പോയ തന്റെ ഭാര്യ രാധ!
മേശപ്പുറത്തിരുന്ന ഫയലിൽ എന്തോ നോക്കിക്കൊണ്ടിരുന്ന രാധ തല പൊക്കിയപ്പോൾ മുൻപിൽ നിന്ന ആളെക്കണ്ട് ഞെട്ടിപ്പോയി!
തന്റെ ആദ്യ ഭർത്താവ് ശേഖരേട്ടൻ!
രണ്ടുപേരും ആകെ വിളറി പരസ്പരം മുഖത്തോട് മുഖം നോക്കി.
‘ശേഖരേട്ടൻ വീണ്ടും വിവാഹം കഴിച്ചോ? അതും ഇത്ര ചെറുപ്പക്കാരിയായ ഒരു പെൺകുട്ടിയെ? അപ്പോൾ തങ്ങളുടെ മക്കളുടെയെല്ലാം വിവാഹം കഴിഞ്ഞോ? ഒറ്റയ്ക്കായപ്പോൾ ആണോ വീണ്ടും വിവാഹിതനായത്?‘’ രാധയുടെ മനസ്സിലൂടെ ചോദ്യങ്ങളുടെ ഒരു ട്രെയിൻ ഓടി.
അവർ വേഗം പാർവതിയുടെ ജോലി അപേക്ഷ എടുത്തു. അതിൽ ഭർത്താവിന്റെ പേര് രാജശേഖർ. ‘ശേഖരേട്ടന്റെ ഔദ്യോഗിക പേര് അങ്ങനെ ആയിരുന്നോ?’
രാധയ്ക്ക് ഓർത്തെടുക്കാൻ ആയില്ല.
‘അല്ലെങ്കിലും താൻ ഈ മനുഷ്യനെപ്പറ്റി അധികം ഒന്നും ഒരിയ്ക്കലും ഓർത്തിട്ടില്ലല്ലോ.’ രാധ കുറ്റബോധത്തോടെ ഓർത്തു.
രാധ മുഖം തിരിച്ച്, മകനെയും മാനേജരെയും നോക്കി. അവർ ശ്രദ്ധിക്കുന്നില്ല. എന്തോ ചർച്ചയിലാണ്.
പാർവതിയും അവരുടെ മുഖങ്ങളിലെ ഭാവമാറ്റം ശ്രദ്ധിച്ചില്ല. കാരണം അവൾക്ക് രാധയുടെ മുഖം ഓർമ്മയില്ലല്ലോ.
രാധ മുഖത്ത് ശാന്തത വരുത്തി വീണ്ടും, അവളുടെ മകനെ ഒന്ന് നോക്കി.
അവൻ അതു കണ്ടു. അവൻ അവരോട് ഇരിക്കാൻ പറഞ്ഞു.
“ഇരിയ്ക്കൂ. ഇതാണോ നിങ്ങളുടെ ഭർത്താവ്?” അവൻ ചോദിച്ചു.
രാധ സൂഷ്മതയോടെ കേട്ടിരുന്നു.
“അതേ.”
“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ? നിങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടല്ലൊ.” അവൻ അവിശ്വാസം പ്രകടിപ്പിച്ചു.
ശേഖരൻ ഞെട്ടലിൽ നിന്ന് മുക്തനാകാതെ നിശബ്ദനായി ഇരുന്നു. രാധയും.
“അദ്ദേഹത്തിന് ജാതകത്തിൽ ദോഷം ഉണ്ടായിരുന്നു. അതുകൊണ്ട് വളരെ വൈകിയാണ് വിവാഹം നടന്നത്.”
“എന്നാലും ഇത്രയും
പ്രായവ്യത്യാസമോ?”
“അതേ സർ. ഇതാ സർട്ടിഫിക്കറ്റ്.” പാർവതി മലയാളഭാഷയിൽ ഉള്ള പഴയ ഭർത്താവിന്റെ വിവാഹ സർട്ടിഫിക്കറ്റ് അവനു നേരെ നീട്ടി.
അവൻ അതു വാങ്ങിയെങ്കിലും മലയാളം വായിക്കാൻ അവനും മാനേജർക്കും അറിയില്ലായിരുന്നു. അതിനാൽ അത് അമ്മയ്ക്ക് നൽകി.
രാധയ്ക്ക് ഒറ്റനോട്ടത്തിൽ അതിലെന്തോ പാകപ്പിഴയുണ്ടെന്ന് തോന്നി. അവരത് മെല്ലെ ഒരരികിലേയ്ക്ക് മാറ്റിവെച്ചു.
“സർട്ടിഫിക്കറ്റ് ഒക്കെ അവിടെ നിൽക്കട്ടെ, ഒരുപാട് പേര് കള്ളം പറഞ്ഞു വരുന്നുണ്ട് . ഭാര്യയും ഭർത്താവും ആണെങ്കിൽ നിങ്ങൾ ഒരു ചുടു ചുംബനം നടത്തണം. ഇവിടെ വച്ച്.” എം.ഡി.യുടെ മകൻ അവിശ്വാസത്താൽ ചുളിഞ്ഞ നെറ്റിയോടെ പറഞ്ഞു.
അവൻ കരുതിയത് അച്ഛനെയോ അമ്മാവനെയോ വേഷം കെട്ടിച്ച് കൊണ്ടു വന്നിരിക്കുകയാണെന്നാണ്. അതാണ് സത്യം എന്ന് അവൻ ഒരിക്കലും അറിയില്ലല്ലോ!
“വേണ്ട.” രാധ ആയിരുന്നു അത് പറഞ്ഞത്.
“അമ്മ എന്താ പറയുന്നേ? ഇവരെ കാണുമ്പോൾ തന്നെ ഒരു ചേർച്ചയും ഇല്ല.”
