ബാത്റൂമിന്‍റെ ഉള്ളിൽ നിന്നവൾ പുറത്തേക്കിറങ്ങാൻ ഉള്ള ഒരു നീക്കം മുൻകൂട്ടി ഞാനൊന്ന് കണ്ടു.അനക്കമൊന്നും കേൾക്കുന്നില്ല. ഇറങ്ങി വരുമ്പോ എന്നെക്കണ്ട് ആകെയലമ്പാവുമെന്ന് മനസ്സ് പറയുന്നു. വേഗം ചാടി റൂമിന് പുറത്തേക്ക് വന്നു. ഡോർ അടച്ചില്ല നേരെ നടന്നെന്‍റെ റൂമിന്‍റെ മുന്നിൽ ചെന്ന് നിന്നു. തിരിഞ്ഞു ഒന്നുകൂടെ ചെറിയമ്മയുടെ റൂമിലേക്ക് നോക്കിയപ്പോ ഞാൻ സാധനങ്ങൾ എല്ലാം വെച്ച ടേബിളിന്‍റെ മുന്നിലവളുണ്ട്.എല്ലോമോന്ന് തുറന്നു നോക്കിയിട്ടുണ്ട്. പിന്നെ തിരിഞ്ഞു തുറന്നുവാതിലിലൂടെ പുറത്തേക്ക് നോക്കി. ഞാൻ ചാടിയെന്‍റെ റൂമിൽ കേറി.അല്ലല്ലെന്നെ കറക്ട് ആയിട്ടവൾ കാണും
അടുത്ത അഞ്ചു മിനിറ്റ് കഴിഞ്ഞു പതുങ്ങി പതുങ്ങി ഞാൻ അവളെ റൂമിലേക്ക് നോക്കികൊണ്ടിരുന്നു.അടച്ചു വെച്ച പത്രം ആ തെണ്ടി തുറന്നുപോലും നോക്കിയിട്ടില്ല.ന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നത്. അവളൊന്നും കഴിച്ചു കഴിഞ്ഞാൽ എനിക്ക് പോയി സമാധാനത്തോടെ കഴിക്കാമെന്ന് കരുതിയ ഞാനാരായി.അതും നടക്കില്ല. അവളിങ്ങനെ മസിലു പിടിച്ചു ഇരുന്നാലെങ്ങനെയാ. പോയി രണ്ടു ചീത്ത പറഞ്ഞാലോ.ചന്തിക്ക് രണ്ടു അടിയും കൊടുക്കാം.’ഡാ മോനെ ആടെപ്പോയി വായും പൊളിച്ചു നിന്ന് അവൾ ന്തേലും പറഞ്ഞ ഒന്ന് മുനങ്ങാൻ പോലും പറ്റാതെ മേലോട്ട് നോക്കി നിക്കാനാണോ ‘ നശിപ്പിച്ചു എന്തേലും ഒന്ന് ചെയ്യാൻ പോവുമ്പോ തലയിലുള്ള നെഗറ്റീവ് നാറിയുടെ ചിന്തകൾ. കോൺഫിഡൻസിന്‍റെ ഫ്ലോ അങ്ങ് പോയി.
കുടല് കരിഞ്ഞു. ഇന്നലെ അമ്മ കൊണ്ട് വെച്ച വെള്ളം റൂമിലുണ്ടായത് കൊണ്ട് അതെടുത്തു വിഴുങ്ങി, ഇല്ലാത്തേമ്പക്കവും വിട്ടു ഞാൻ ചാര പണി വീണ്ടും തുടങ്ങി. പത്രം തൊട്ടിട്ടില്ലയാപ്പന്നി . ഇവളെയിന്നു ഞാൻ.. അത്രക്ക് ദേഷ്യം തോന്നി. വിശന്നുകരയുന്ന എന്‍റെ വയറു തോന്നിപ്പിച്ചതാ.നീട്ടിയ കാലുവെച്ചു അവളുടെ വാതിലിന്‍റെ അടുത്ത് വരെ നടന്നപ്പോ ഇത്തിരി കലിയെന്‍റെ മൂക്കിന്‍റെ തുമ്പത്തുണ്ട്.
തുറന്ന ഡോറിലൂടെ കാണുന്നയാ ടേബിളും, അതിന് മുകളിൽ വെച്ച പത്രങ്ങളും പിന്നെ ഒരു വലിയ കണ്ണാടിയും. അതിൽ നടന്നടുക്കുന്ന എന്‍റെ രൂപമുണ്ട്.ഇത്തിരി ചെരിഞ്ഞപ്പോ ആ സൈഡിൽ കണ്ണാടിയുടെ ഒരറ്റത്തു എന്‍റെ വരവ് നോക്കി കണ്ണ് നട്ടിരിക്കുന്ന അവളുണ്ട്. പുല്ല്! സ്റ്റക്ക് ആയി അവിടെ നിന്നു. അറിയാത്ത പോലെ തിരിഞ്ഞു കളിച്ചു.ഞാൻ പതിയെ തിരിച്ചു പോന്നു. എന്തോ അങ്ങട്ട് പോയി മിണ്ടനോ. ഒന്ന് ചിരിക്കനോ, ആ മുന്നിൽ നിൽക്കാനോ വലിയ ബുദ്ധിമുട്ട്. എന്നെയാണെകിൽ അവൾ നേരിട്ട് നോക്കുന്നു പോലുമില്ല.
പണ്ടാരമടങ്ങാനാണേൽ ഇന്നൊരുതുള്ളി മഴകാണാനില്ല. പറത്തൊക്കെ നോക്കിയാൽ കണ്ണ് അടിച്ചു പോവുന്ന തോതിൽ വെയിലാണ്. ഇടിയൊക്കെയോന്ന് വെട്ടിയാൽ. ആ അടുത്ത് ചെന്നിരിക്കാമായിരുന്നു.അല്ലേൽ പേടി കൊണ്ട് എന്‍റടുത്തേക്കു വന്നേനെ.പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ അല്ലേലും ഇങ്ങനെ തന്നെയാണ്.
നിന്ന് തിരിഞ്ഞു കളിച്ചു കളിച്ചു ഉപ്പാടിളകീന്ന് പറഞ്ഞാൽ മതി. സമയം പതിനൊന്നര, ഇന്നലെ ഉച്ചക്ക് കഴിച്ചതാണ്. അല്ലേലും ഫുഡ് വിട്ടുള്ളൊരു സ്നേഹമൊക്കെ മതി! തോന്നി തുടങ്ങിയത് വിശപ്പ് കൊണ്ട. ചെന്ന് രണ്ടു ചീത്ത പോയിപ്പറയാൻ കഴിയുമെന്ന് ഇപ്പോഴുമെനിക്ക് തോന്നുന്നില്ല. ആ ഉണ്ടക്കണ്ണു കാണുമ്പോഴേ തളർന്നു പോവും. ഇത്തിരി നേരം കൂടെ പിടിച്ചു നിക്കാമെന്ന് കരുതി. ഇനിയും നിന്ന ചിലപ്പോ തല കറങ്ങുമെന്ന് ഉറപ്പായപ്പോ ചെറിയമ്മയുടെ റൂമിലേക്കുള്ള നോട്ടം നിർത്തി താഴേക്ക് ചാടി.
രണ്ട് ദോശയും, ചമ്മന്തിയും,ഇത്തിരി സാമ്പാറും വേണ്ടിയിട്ടല്ലാതെ ഒരു ഭംഗിക്ക് ഇത്തിരി കോഴി വെട്ടിനുറുക്കിയ അച്ചാറും എടുത്തൊരു ഒരു പ്ലേറ്റിൽ ആക്കി.നോട്ടം കൊണ്ട് തന്നെ വിശപ്പിനെ ശമിപ്പിക്കാൻ നോക്കി
.അച്ഛാറെടുത്ത സ്പൂൺ ഞാൻ വായിലിട്ട് നക്കി വൃത്തിയാക്കിയപ്പോ. നേർത്ത ചെറു കഷ്ണങ്ങളാക്കിയ ചിക്കനും ഇഞ്ചിയും ഇടക്ക് മെല്ലെയറിയാതെ കടിച്ചു പോവും ചെറിയ പുളിയും എരിവും, എവിടൊന്നൊക്കെയോ കേറിവരുന്നൊരു മധുരവും നാക്കിലൂടെ ഇഴഞ്ഞു ഇഴഞ്ഞു തലച്ചോറിൽ എത്തിയ പോലെ തോന്നി.നേരത്തെ മണം പിടിച്ച കുടലെന്നോട് കൈ കൂപ്പി നന്ദി പറഞ്ഞു കാണും.
