ദോശ മുറിച്ചു ചമ്മന്തിയും കൂട്ടി സാമ്പാറിൽ മുക്കി മുക്കീല്ല എന്നാ രീതിയിൽ ഒന്ന് തൊട്ടിച്ചു വായ പിളറിയ പോലെ തുറന്നു വെച്ച് അണ്ണാക്കിലേക്ക് അതങ്ങു തട്ടാനുള്ള പ്ലാനിന് ചെറിയ തടസ്സം.മുകളിൽ നിന്ന് പത്രമെല്ലാം തട്ടി വീഴുന്നൊരു ശബ്‌ദം കാതിലേക്ക് തറച്ചു വീണു.
അനു എന്നായിരുന്നു മനസ്സിൽ.കയ്യിലെ ദോശ പാത്രത്തിലേക്ക് തന്നെ വീണു.ചാടി എഴുന്നേറ്റ് ഒറ്റ ഓട്ടം. സ്റ്റെപ് കേറി മുകളിൽ നിന്ന് ആ റൂമിലേക്ക് നോക്കിയപ്പോ ടേബിളിന് മുകളിൽ വെച്ച പത്രമൊന്നും അവിടെയില്ല. ബുദ്ധിമുട്ടെല്ലാം മാറ്റി വെച്ച് ഞാനാ റൂമിലേക്ക് ഓടി. വാതിൽ പടിയിൽ നിന്ന് കിതപ്പോടെ ഉള്ളിലേക്ക് നോക്കി.
ബെഡിൽ കാലുനീട്ടി ചുമരിലേക്ക് ചാരി ഇരിക്കുന്ന ചെറിയമ്മ ഒന്നും അറിഞ്ഞില്ല,കേട്ടില്ല കണ്ടില്ലന്നുള്ള ഭാവം.എന്‍റെ ദൈവമേ പിന്നെന്താ നടന്നെ?ഉണ്ടക്കണ്ണി ആണേൽ ഓടി വന്ന എന്നെയൊന്നും ശ്രദ്ധിക്കണ്ടേ.? അതില്ല!!.ഇനിയിവള്‍ പത്രമെടുത്തെറിഞ്ഞതാണോ? അത് വീണ ദിശയൊന്നു നോക്കിയപ്പോ. ഞാൻ തലക്ക് കൈ കൊടുത്തു പോയി . ദോശയും ചമ്മന്തിയുമൊക്കെ നിലത്തുണ്ട്. അത് നല്ല വൃത്തിക്ക് കടിച്ചു തിന്നണ ഒരു തെണ്ടി പൂച്ചയുമുണ്ട്.ശ്വാസം വിട്ടു. പിന്നെ നീട്ടി വലിച്ചു. എന്‍റെ ചെറിയമ്മേ പേടിപ്പിച്ചല്ലോ നീ!!.
കൈ കെട്ടി ചുമരിൽ ചാരി ആ മുട്ടിന്‍റെ താഴെ വരെ എത്തുന്ന പാവാടയുമിട്ട് കാലു നീട്ടി ഇരിക്കുന്നയവളുടെ വലതുവശത്തു തുറന്നുകിടക്കുന്ന ജനലുണ്ട്.അതിൽ പുറത്തു വെയിലിൽ മുങ്ങി നിൽക്കുന്ന പാടവും മെല്ലെ ഇളകിയാടുന്ന തെങ്ങും ചത്തു കിടക്കുന്ന പോലെയുണ്ട്. .കാറ്റിന് ഇളം ചൂടും, ആ ചൂടിന് ഇളം മണവുമുണ്ട്.തൊണ്ട വറ്റിക്കുന്ന ചെറിയൊരു വിങ്ങൽ വരുന്ന കാറ്റിനൊപ്പമുണ്ട്.
“മ്യാവു….” താഴെനിന്ന് വയറു നിറഞ്ഞ പൂച്ച എന്നെ കണ്ടോന്നു ചിരിച്ചു. സൈഡിലൂടെ മെല്ലെ നടന്നു അത് വാതിലിനു പുറത്തേക്ക് ഇറങ്ങി പോയി.ചെറിയമ്മ നോക്കൂല്ലന്നുറപ്പാ. നോക്കണ്ട!! അവിടെ ഇരിക്കട്ടെ. എനിക്ക് മിണ്ടാലോ. അടുത്തിരിക്കാലോ. അവളെ നോക്കാല്ലോ?.
നിലത്തു വീണ പത്രമെല്ലാം പെറുക്കിയെടുത്തു താഴെ കൊണ്ട് ചെന്ന് വെച്ചു. നിലത്തു വീണു കിടക്കുന്ന കഞ്ഞിയെല്ലാം വാരി കളഞ്ഞു.തുടച്ചു. വൃത്തിയാക്കി. റൂമിൽ പോയി കയ്യും മുഖവും കഴുകി. ബാക്കിയുള്ള റൂമിലെ വെള്ളമെടുത്ത് കുടിച്ചു ചെറിയമ്മയുടെ റൂമിലേക്ക് വീണ്ടും കേറി.
നേരത്തെ തുടച്ച നിലത്തിന് മാത്രം നല്ല തണുപ്പുണ്ട്.അത് കാലിൽ നല്ലപോലെ അറിയുന്നുണ്ട്.ബെഡിൽ അവളിരിക്കുന്നുണ്ട്.എന്നാലും ഒരു നോട്ടം!!അതിപ്പോഴുമില്ല.തുറന്ന ജനൽക്കൂടെ ഒഴുകിവന്ന കാറ്റവളുടെ മുടിയിഴകളെ തഴുകിയൊഴുകി പോയി. എന്താണെന്‍റെ മനസ്സിലെന്ന് എനിക്ക് തന്നയറിയുന്നില്ല. എങ്ങനെയാ തുടങ്ങേണ്ടന്നും. ഒരുപാട് വിഷമിപ്പിച്ചു. ആ സങ്കടമുള്ളിലുണ്ട് മാറുന്നില്ല.
ബെഡിന്‍റെ സൈഡിൽ അവളിരിക്കുന്നതിന്‍റെ മറ്റേയറ്റത്തു കാല് നീട്ടി ചുമരിൽ ചാരി ഞാനിരുന്നു. പണ്ടവളെന്‍റെയടുത്ത് വന്നിരുന്നു ചുറ്റിച്ച പോലെയൊരു ശ്രമം. പക്ഷെ അന്ന് നല്ല മഴയുണ്ടായിരുന്നു ആ തണുപ്പിലങ്ങനെ വന്നൊക്കെയിരുന്ന ആർക്കാ സ്നേഹം തോന്നത്തിരിക്ക. ഇപ്പോഴോ ഒടുക്കത്തെ വെയില്. ഞാനെങ്ങാനും ചെന്ന് അതേപോലെ ചെയ്താലവളു ചിലപ്പോ ചൂടെടുത്തിട്ട് വയ്യ മാറി ഇരിക്കട പട്ടിന്നെങ്ങാനും പറഞ്ഞാൽ തീർന്നു.എന്നാലും ആ കാടൻ ശബ്ദവും ദേഷ്യവും കേൾക്കലോ.
അവൾ എന്നെയൊന്നു നോക്കിയെന്ന് തോന്നി.കൂടെ ഞാൻ ണ്ടെന്നു അവൾക്കറിയാലോ. ചിലപ്പോ ഞാനെന്തേലും ചെയ്താലോന്ന് വീണ്ടും പേടി കാണുമോ?.ആ പതിഞ്ഞ ശ്വാസത്തിന്‍റെ ശബ്‌ദം ഇത്തിരി കൂടിയിട്ടുണ്ട്.ഞാനിത്തിരി കൂടെ നീങ്ങി ആ അടുത്തിരുന്നു. നിരങ്ങി നീങ്ങുമ്പോ ബെഡ്ഷീറ്റാണേല്‍ ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കുന്നുണ്ട്? തെണ്ടി.
ഞാനെന്തിനാങ്ങനെ നീങ്ങി നീങ്ങി കളിക്കുന്നത്? ന്താന്നു വെച്ചാലങ്ങ് ചെയ്താൽ പോരെ. സ്ലോ മോഷൻ കളിച് കളിച് അവസാനമവൾ ഇവിടുന്ന് ഇറങ്ങി പോവുന്നത് കാണേണ്ടി വരും. ഇതൊക്കെ ഞാന്‍ തന്നെയാണോലോചിക്കുന്നത് ചെയ്യാൻ മടിയുമാണ്.
