“ഞാൻ പോവ്വാ, അല്ലേലും അവള്‍ക്കെ എന്നോട് സ്നേഹമുള്ളൂ…” വിടാൻ ഉദ്ദേശം എനിക്കുമുണ്ടായില്ല. മുന്നിലേക്ക് തല നീട്ടിയിരുന്ന അതിനെ ഉന്തി ഞാൻ ചെയറിൽ നിന്ന് എഴുന്നേറ്റ് തിരിഞ്ഞു നടന്നു. ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേ.ബാക്കിൽ നിന്ന് എന്‍റെ കൈ പിടിച്ചു അമ്മ നിർത്തിച്ചു.
“ഡാ.. നിക്ക്..” പൊട്ടി മുളച്ച ചിരി ഞാൻ കടിച്ചു പിടിച്ചു നിർത്തി. തിരിഞ്ഞു കലിപ്പിൽ ആ മുഖത്തേക്ക് നോക്കി.
“ന്താ….”
“വേണ്ട വേണ്ട. എനിക്കൊന്നും മനസിലാവില്ല ന്ന് ഒന്നും കരുതണ്ട കേട്ടോടാ…അവന്‍റെയൊരു കളി..”കണ്ണുകൊണ്ട് ഒന്ന് ഉഴിഞ്ഞു നോക്കി മുഖം കനപ്പിച്ചത് മുന്നോട്ട് നടന്നു.
“പോടീ…” മൈൻഡ് ചെയ്യാതെ പോവുന്നത് കണ്ടോ? അതോണ്ട് കേൾക്കാൻ തന്നെയാ വിളിച്ചേ. പതിയെ എന്നെ ഉള്ളു.
“ന്ത്….”കൂർപ്പിച്ച കണ്ണും, നീട്ടിയ പിരികവും. അമ്മ തിരിഞ്ഞു നോക്കി.
“പോടീ ന്ന്..”ഇത്തവണ ഞാൻ ഉറക്കെത്തന്നെ പറഞ്ഞു. പെട്ടന്നമ്മ ചുറ്റിനും നോക്കി. മിഴി മാറ്റാതെ ഞങ്ങളെ നോക്കുന്ന ഒരു ചേച്ചിയെ കണ്ടതും മുഖത്തേക്ക് ഇത്തിരി ക്കൂടെ കനപ്പിച്ചു നോക്കിയമ്മ കൈ വീശി എന്നെ അടിക്കാൻ ശ്രമിച്ചു. ഞാൻ മാറിയില്ല. അടിക്കുവോ ഇല്ലയോ എന്ന് അറിയണമല്ലോ.. എന്നാ കൈ വീശിയത് അല്ലാതെ അടിച്ചില്ല.
“ന്താ അടിക്കാതെ അടിക്ക്..” ഭാവം വിടാത്ത മുഖത്ത് നോക്കി ഞാൻ പറഞ്ഞു.ഇത്തിരി കടുപ്പിച്ചു പറഞ്ഞത് കൊണ്ടാവും അമ്മ മുഖം ചുളിച്ചു അടുത്തേക്ക് വന്നു പിന്നെ കൈകോർത്തു പിടിച്ചു മുഖത്തേക്ക് നോക്കി ചിരിച്ചു..
“ഇന്ന് വയ്യടാ നാളെ തല്ലിയാൽ പോരെ?.. “ഇതിന്‍റെയൊരു വട്ട്.”നീ വാ നമ്മുടെ താടകയെ നോക്കേണ്ടേ നമുക്ക്. അവരൊക്ക ഇറങ്ങി കാണും..” എത്ര പെട്ടന്ന അമ്മ മാറിയത്.എന്ത് ആശ്വാസമാണ് അമ്മയുടെ എടുത്ത് നിക്കുമ്പോ കിട്ടുന്നത്. ഉള്ള വേദനയും വിഷമവും മറക്കുന്നപോലെ.നടന്നു നീങ്ങുമ്പോ ഞാൻ അതിന്‍റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു. എന്നെ കൂട്ടി പിടിച്ചു കൊണ്ടുപോവ മാത്രല്ല.നോക്കി ചിരിച്ചും, കുറമ്പ് കാട്ടിയും അമ്മയിങ്ങനെ സ്നേഹിക്കുന്നുണ്ട്.മുന്നേയും ഉണ്ടാവും എന്നാലും ഇപ്പോഴാ ഞാൻ കൂടുതൽ മനസ്സിലാക്കുന്നത്.
രേവതിയാന്‍റിയുടെ എടുത്ത് ചെന്നുനോക്കി. ആശാന്‍റിയുടെ കൂടെ ചെറിയമ്മ പോയെന്ന് പറഞ്ഞപ്പോ. ഞാനും അമ്മയും താഴെക്കിറങ്ങി. മെയിൻ എൻട്രൻസിൽ ചില്ലിന്‍റെ വാതിലിനു പുറത്ത് വീൽ ചെയറിൽ തലക്ക് കൈയും കൊടുത്ത് ചെറിയമ്മയിരിക്കുന്നുണ്ട്..കൂടെ സഹായത്തിനു ഒരു പെണ്ണും,അടുത്തായി ആന്‍റിമാരും. ഗൗരിയേച്ചിയും, ഷാജി അങ്കിളിന്‍റെ കൂടെ കിച്ചുവുമുണ്ട്.
മുന്നിൽ വാതിൽ തുറന്നു വന്നിട്ടും അമ്മയെന്‍റെ തോളിൽ തൂങ്ങൽ നിർത്തിട്ടിട്ടൊന്നുമില്ല. ചിലപ്പോ ചെറിയമ്മയെ കാണിക്കാനാവും.ഞാൻ കൈ ഒന്ന് വിടാൻ നോക്കിയെങ്കിലും എവിടെ!!പിടി വിടാൻ തള്ള സമ്മതിച്ചില്ല.
“എവിടെ ആയിരുന്നു മക്കളേ..?” അവരുടെ അടുത്തേക്ക് എത്തിയതും ഉഷാന്‍റിയാണ് വായ തുറന്നു. ഇത്ര നേരമുണ്ടായിരുന്ന ചിരിയുടെ ഒരംശം ചെറിയമ്മ ഇരിക്കുന്നത് കണ്ടപ്പോഴെനിക്ക് പോയിട്ടുണ്ട്. ആ ഇരിപ്പ് കാണുമ്പോ എന്തോ ആവുന്നുമുണ്ട്.
ഉഷാന്‍റിയുടെ ചോദ്യം കേട്ട് തലതാഴ്ത്തി ഇരുന്നിരുന്ന ചെറിയമ്മയൊന്നിളകി.. തല മെല്ലെ ചെരിച്ചു ഞങ്ങളുടെ നേരെയാ കണ്ണ് നീണ്ടപ്പോ എന്തോ!! നോക്കാൻ കഴിയാതെ ഞാൻ തല മാറ്റി കളഞ്ഞു.
മുന്നിൽ ഞങ്ങളുടെ കാറും കൊണ്ട് ഷാജി അങ്കിൾ വന്നു. കൂടെ അതിൽ നിന്ന് ഇറങ്ങി അച്ചനും. ആന്‍റിമാരും അങ്കിളും, ഗായത്രിയും ഗൗരിയേച്ചിയും അതിലേക്ക് കേറി വീട്ടിലേക്ക് വിട്ടു.എന്‍റെ കയ്യിൽ അങ്കിളിന്‍റെ കാറുണ്ടല്ലോ.ഞങ്ങൾക്കതിൽ പോവാം.
ചെറിയമ്മയുടെ കണ്ണ് ഞങ്ങളുടെ നേരെ തന്നെയാണെന്ന് മനസ്സിലായിരുന്നു. എന്നെ നോക്കണോന്ന് തോന്നാതിരുന്നില്ല. എന്തായാലുമാ മുഖത്തേക്ക് എങ്ങനെ ഞാൻ നോക്കും?.കാണാത്ത പോലെ നിന്നഭിനയിച്ചു തകർക്കാനൊന്നും അറിയില്ല. കള്ളത്തരമെന്‍റെ മുഖത്തു നിന്ന് വായിച്ചെടുക്കാനും പറ്റും. പോവാൻ വണ്ടിയെ കുറിച്ച് അച്ഛൻ ചോദിക്കുമ്പോ, മിണ്ടാതെ നിന്നു പോയി. ആ മുഖത്തേക്ക് നോക്കി കഥകളി കാണുന്ന പോലെ നിന്നു. അമ്മയെന്തോ പറയുകയും ചെയ്തു.എന്നാലും അനുവിന്‍റെ മുഖമെന്‍റെ നേരെ തന്നെയാണെന്ന എനിക്ക് തോന്നുന്നത്.
