രേവതി പല്ല് കടിച്ചു കൊണ്ട്, തെറ്റ് പറ്റിയ പോലെ ഇളിച്ചു…..
മേഴ്‌സി ടീച്ചർ… ഇംഗ്ലീഷ് ടീച്ചർ ആയിരുന്നു ഞങ്ങടെ ക്ലാസ്സ് ടീച്ചർ… ടീച്ചർ ക്ലാസ്സിൽ വന്ന് ആദ്യം തന്നെ, പരിചയപ്പെടൽ ആയിരുന്നു…..
ആദ്യം ഞങ്ങൾ ഒരു ഭാഗത്ത് ഇരുന്ന, പെണ്ണുങ്ങളിൽ നിന്ന് തുടങ്ങി…. എന്നെ പൊക്കി അടിക്കും എന്ന് വിചാരിച്ച എനിക്ക് തെറ്റ് പറ്റി… ഞാൻ പേര് പറഞ്ഞതും എന്നോട് ഇരുന്നോളാൻ പറഞ്, അടുത്ത ആളെ ചൂണ്ടി….
അതങ്ങിനെ ഓരോരുത്തർ ആയി, പരിചയപ്പെടുത്തി, പരിചയപ്പെടുത്തി… ആണുങ്ങളുടെ കൂട്ടത്തിൽ, ലാസ്റ്റ് ബെഞ്ചിൽ എത്തി………
“ഞാൻ…ഹരി…. ഹരികൃഷ്ണൻ………..
രേവതി ചെറു ചിരിയോടെ, തന്റെ മടിയിൽ തല വച്ച്, വാ പിളർത്തി ഉറങ്ങുന്ന തന്റെ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട്, ചുണ്ട് കൂട്ടി പിടിച്ചു ഉമ്മ വയ്ക്കുന്ന പോലെ ആക്ഷൻ കാണിച്ചു സൈറയെ നോക്കി ചിരിച്ചു രേവതി….
ഹരി എഴുന്നേറ്റ് പേര് പറഞ്ഞതും, മേഴ്‌സി ടീച്ചറുടെ തിരിച്ചുള്ള ചോദ്യം വന്നു : സ്കൂൾ ടോപ്പർ എന്താ ലാസ്റ്റ് ബെഞ്ചിൽ?….
അപ്പോഴാണ് ഞാൻ മുഖം തിരിച്ചു, ഇവനെ ആദ്യമായി കാണുന്നത്.. എന്റെ ഹരിയെ… എന്റെ.. എന്റെ ചെക്കനെ …..
ഈ വട്ടം ആക്ഷൻ മാത്രം ആയിരുന്നില്ല, രേവതി ഹരിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…
വാ പൊളിച്ചു ഉറങ്ങുന്ന ഹരിയുടെ മുഖത്ത്, ഉറക്കത്തിൽ തന്നെ ഒരു ചെറു ചിരി വിരിയുന്നത്, അല്ലെങ്കിൽ, ചെന്നൈയിൽ താൻ ഉറങ്ങി കിടക്കുന്ന ഹരിക്ക് കിസ്സ് അടിച്ചപ്പോൾ ഉള്ള അതേ ക്യൂട്ട് ആയ ചിരി വിരിയുന്നത് സൈറ കണ്ട് അത്ഭുതപ്പെട്ടു…..
ഇവന്റെ ക്യൂട്ട് ആയ ഒരു ചിരി ഇല്ലേ ചേച്ചി…. അത് ആയിരുന്നു അന്നും ഇവന്റെ മറുപടി…..
രേവതി തുടർന്നു………….
ടീച്ചർ പരിചയപ്പെടൽ എല്ലാം കഴിഞ്ഞ ശേഷം, നേരെ എല്ലാവരെയും നോക്കി പറഞ്ഞു, ഹരി ആയിരിക്കും നിങ്ങടെ ക്ലാസ്സ് ലീഡർ….
” ങ്ങേ?…… “… ഞങ്ങളിൽ മിക്കവരും ഞെട്ടി. സാധാരണ, ആർക്കാ ക്ലാസ്സ് ലീഡർ ആവാൻ താല്പര്യം എന്ന് ചോദിക്കും, രണ്ടു പേരുണ്ടെങ്കിൽ, പിന്നെ മൊത്തത്തിൽ വോട്ട് എടുപ്പ് അങ്ങിനെ ഒക്കെ ആണ് പതിവ്.. ഇത്…..
പിന്നെ, പഠിപ്പി ക്ലാസ്സ് ലീഡർ ആയാൽ, പി ടി പിരിയട് വരെ മാത്‍സ് ടീച്ചറെ വിളിച്ചു കൊണ്ട് വരും എന്നൊക്കെ ആയിരുന്നു, എന്റെ അടക്കം മിക്കവരുടെയും മനസ്സിൽ…..
പക്ഷെ, ടീച്ചർ പറഞ്ഞു ” നിങ്ങളിൽ കുറേ പേര് ഈ സ്കൂളിൽ ആദ്യം ആണ്, അതുകൊണ്ടാണ് അറിയാത്തത്. കഴിഞ്ഞ വർഷം ഹൈ സ്കൂൾ ലീഡറും ഹരി ആയിരുന്നു… അതുകൊണ്ട് അവന് എക്സ്പീരിയൻസ് ഉണ്ട്.. അതുകൊണ്ടാണ് ഞാൻ ഹരിയെ തന്നെ നിർദേശിക്കുന്നത്…..
ടീച്ചർ എല്ലാരുടെയും മുറു മുറുപ്പ് അതോടെ അവസാനിപ്പിച്ചു.
അങ്ങിനെ ഞാൻ ഓരോരുത്തരെ ആയി ഞാനും പരിചയപ്പെട്ടു ….. ദീപ്തി, സംഗീത, ഷിഫ്ന, മയൂരി, മേഘ, അങ്ങിനെ കുറച്ചു പേരുമായി ഞാൻ കംമ്പനി ആയി ..
അങ്ങിനെ അന്ന് ഉച്ചക്കാണ്, സീനിയർ ചേട്ടന്മാരും ചേച്ചിമാരും പരിചയപ്പെടാൻ വേണ്ടി വരുന്നത്….. ചെറിയൊരു റാഗിങ് എന്ന് പറയാം…. അപ്പോൾ പേടി തോന്നി എങ്കിലും, ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല രസമുള്ള പരുപാടി ആയിരുന്നു…
ഓർമയിൽ എന്ന പോലെ രേവതി പറഞ്ഞു നിർത്തി….
സൈറ കാലിന് മേൽ കാല് കയറ്റി വച്ച്, കൈകൾ കെട്ടി ചെറു ചിരിയോടെ കേട്ടിരുന്നു…
അതിൽ ഒരു ചേച്ചി, കണ്ണട വച്ചിട്ടുണ്ടെങ്കിലും എന്റെ മുന്നിൽ വന്ന് നിന്നതും, ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയത് ഹരിയെ ആണ്…
ആ ചേച്ചി, ഹൃദ്യ ചേച്ചി… ഹരിയുടെ സ്വന്തം ചേച്ചി…. ഇവന്റെ അതേ പകർപ്പാണ്, കണ്ണട ഒഴിച്ചു കഴിഞ്ഞാൽ.. ചേച്ചി ഹരിയെ വിളിച്ചു..
ഇവനോട് ചേച്ചി പറഞ്ഞു : എടാ ഇത് രേവതി… കഴിഞ്ഞ വർഷത്തെ സ്കൂൾ കലോത്സവത്തിൽ കലാ തിലകം ആണ്……
ഞാൻ ഒന്ന് പൊങ്ങിട്ടോ ചേച്ചി…. ഇത്തിരി പോസ് ഒക്കെ ഇട്ട് ആണ് അപ്പോൾ ഹരിയെ നോക്കിയത്…
പക്ഷെ, ഹരി ചിരിച്ചിട്ട് എന്റെ മുഖത്ത് നോക്കി പറഞ്ഞു : അറിയാം… നല്ല ഓർമ ഉണ്ട് എനിക്ക് ഈ മുഖം, ടെൻഷൻ അടിച്ചു, നഖം കടിച്ചു പറിച്ച്. കുറച്ചു കൂടെ കഴിഞ്ഞിരുന്നേൽ, വിരൽ വരെ കടിച്ചു പറിച്ചു തിന്നേനെ കഴിഞ്ഞ വർഷം ഫെസ്റ്റിന്റെ അന്ന് രാത്രി…..
