രേവതിയെ സാക്ഷിയാക്കി, സൈറ ഹരിയോട് ചേർന്ന് നിന്ന് അവനെ പുണർന്ന ശേഷം പറഞ്ഞു : താങ്ക് യൂ.. ഫോർ ദിസ് വണ്ടർഫുൾ ഗിഫ്റ്റ്……. നിന്റെ സെലക്ഷൻ ആണെന്ന് രേവതി പറഞ്ഞു എന്നോട്……
പിന്നിൽ നിന്നും വാതിൽ പൂട്ടി കൊണ്ട്, ഒരു ചുവന്ന സാരിയിൽ സുന്ദരി ആയി തന്നെ അണിഞ്ഞൊരുങ്ങി വന്ന ആയി ചിരിച്ചു കൊണ്ട് പറഞ്ഞു : ഞാൻ എപ്പോഴും പറയാറുള്ളതാണ്… ഇന്ത്യൻ സ്റ്റൈൽ ഡ്രസ്സ് ആണ് ആമിക്ക് കൂടുതൽ ചേരുക എന്ന്…
സൈറയിൽ നിന്നും മാറി, ആയിയുടെ അടുത്ത്, ഇരു തോളിലും കൈ വച്ച് ഹരി പറഞ്ഞു : വാഹ്…. ബ്യൂട്ടി തോ ആപ് ഹേ ആയീ…….
ചുരിദാർ അല്ലെങ്കിൽ നോർത്ത് സ്റ്റൈൽ സൽവാർ സൂട്ട്, അതും അധികം നിറമില്ലാത്തത് മാത്രം ധരിക്കാറുള്ള ആയിക്ക്, ഈ സാരി സെലക്ട് ചെയ്തതും ഹരിയായിരുന്നു…
” നിന്റെ സെലക്ഷൻ അല്ലെ… എനിക്ക് ഇഷ്ടമായി.. ആയി നാണത്തോടെ പുഞ്ചിരിച്ചു പറഞ്ഞു.
ഇന്നേക്ക് മൂന്നാം ദിവസം സൈറ തിരികെ പോവാണ്………
അതിനുമുൻപ് ഉള്ള ഒരു വൺ ഡേ ട്രിപ്പ്, അതായിരുന്നു പ്ലാൻ.. അല്ലെങ്കിൽ, അതായിരുന്നു ഹരി എല്ലാവരോടും പറഞ്ഞത്.. എവിടേക്ക്.. എങ്ങോട്ട്, എല്ലാ പ്ലാനും ഹരിയുടേത്, വേറെ ആർക്കും അറിയില്ല…
ഒരു ഇരുപത് കട കയറി ഇറങ്ങി, സൈറയുടെ ഫോട്ടോ കാണിച്ചു കൊണ്ട്, അതും തന്റെ അഭിപ്രായത്തിനു ചെവി താരതെ ഹരി സൈറക്കായി ഡ്രസ്സ് സെലക്ട് ചെയ്തതും പോരാഞ്ഞിട്ട്, തിരികെ വരുന്ന സമയത്ത് രേവതിയോട് ഹരി പറഞ്ഞു : എന്ത് വന്നാലും വേണ്ടില്ല.. നാളെ മാം ഈ ഡ്രസ്സ് ഇട്ടേക്കണം… അത് നീ ഉറപ്പ് വരുത്തിയെ പറ്റൂ….
ഹരി ഇന്നത് ചെയ്തേ പറ്റൂ എന്ന് തന്നോട് പറഞ്ഞിട്ടില്ല ഇന്ന് വരെ…. അതുകൊണ്ട് തന്നെ, സംശയത്തോടെ രേവതി ചോദിച്ചു : ഹരി.. സത്യം പറ.. നാളെ എങ്ങോട്ടാ നമ്മൾ പോണേ…
ഹരി രേവതിക്ക് മുഖം കൊടുക്കാതെ റോട്ടിലേക്ക് നോക്കി : രേവൂ… എവടെ ആണ് എന്താണ് എന്നൊന്നും ചോദിക്കരുത്… ഇപ്പോൾ ഞാൻ പറയില്ല.. പറഞ്ഞല്ലോ, ഇട്സ് സീക്രെട്… നീ ഞാൻ പറഞ്ഞ ഒറ്റ കാര്യം…. പ്ലീസ്.. അത് നീ നോക്കണം.. ബാക്കി നാളെ നീ അറിയും…….. പ്ലീസ്……..
സർപ്രൈസ് അല്ല… രഹസ്യം തന്നെ ആണ് നാളത്തെ യാത്ര, അല്ലെങ്കിൽ വൺ ഡേ ട്രിപ്പ് എന്ന് രേവതിക്ക് മനസ്സിലായി… പക്ഷെ, ആദ്യമായി ആണ് ഹരി ഇങ്ങനെ.. അതുകൊണ്ട് തന്നെ രേവതി ഒന്നും ചോദിക്കാൻ നിന്നില്ല…..
” അപ്പോൾ ഇറങ്ങാം “… ഹരി എല്ലാവരെയും നോക്കി ചോദിച്ചു.
കാറിൽ യാത്ര തുടരുന്നതിനിടയിൽ…
” ഹരീ… എന്ത് പറ്റി.. എന്തെങ്കിലും പ്രശ്നം ഉണ്ടോ?.. തമാശയും കളിയും ചിരിയുമായി പോയ യാത്രയിൽ ആദ്യം ഹരി ഇടപെഇട്ടിരുന്നു എങ്കിൽ കൂടെ, ഇപ്പോൾ അഞ്ചു മിനിട്ടായി, ഹരിയുടെ മുഖ ഭാവം മാറി… എന്തോ ടെൻഷൻ ഉള്ള പോലെ അവന്റെ മുഖത്ത്.. അത് കൊണ്ട് തന്നെ ആണ് സൈറ ഈ ചോദിച്ചത്…
” എയ് ഒന്നുല്ല… ഇവിടെ അടുത്ത് എന്റെ ഒരു ഫ്രണ്ടിന്റെ വീട്ട് ഉണ്ട്.. അവിടെ ഒന്ന് കേറുന്നോണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ… ഹരി പറഞ്ഞു…
എന്തോ പന്തികേട് മണത്തു എങ്കിലും സൈറ പറഞ്ഞു : മ്മ്മ്മ്… ശരി… ഇന്ന് നീ എവടെ കൊണ്ട് പോവുന്നോ, അവിടെ ഒക്കെ പോവാൻ, ഞങ്ങൾ റെഡി ആണ്…….
വണ്ടി ഓടി ചെന്ന് കയറി നിന്നത്, വെളുത്ത പെയിന്റ് അടിച്ച ഇരു നില ഉളളൂ എങ്കിലും, വളരെ വലിപ്പം ഉള്ള, ഒരു പത്തു കുടുംബങ്ങൾക്ക് താമസിക്കാൻ പറ്റുന്ന അത്രയും വലിയ, കല്ല് വിരിച്ച വീട്ട് മുറ്റത്താണ്……….
തുറന്നു കിടന്ന, ഒരുപക്ഷെ തങ്ങളുടെ കാറിന്റെ വരവ് പ്രതീക്ഷിച്ചത് കൊണ്ടായിരിക്കണം, തുറന്നിട്ടിരുന്ന വലിയ ഗേറ്റ് കടക്കുമ്പോൾ, ഗോൾഡൻ കളർ നെയിം പ്ലേറ്റിൽ എഴുതിയ വീട്ട് പേര്, സൈറ മനസ്സിൽ വീണ്ടും ഒന്നുകൂടെ പറഞ്ഞു….
” ഹരീ….. ഇത്…… സൈറ കണ്ണ് തള്ളി അലറുംമ്പോഴേക്കും, ഹരി വാതിൽ തുറന്ന് പുറത്തു ചാടുക മാത്രം അല്ല, ആ വീട്ടിൽ നിന്നും ഒരു പട, സ്ത്രീകളും കുട്ടികളും, ആണുങ്ങളും അടങ്ങിയ ഒരു പട തന്നെ പുറത്തേക്ക് കുതിച്ചു വന്നു…….
ഓടി വന്നവരുടെ വസ്ത്ര ധാരണം, ഒരു മുസ്ലിം കുടുംബത്തിന്, അല്ലെങ്കിൽ കൂട്ട് കുടുംബത്തിന്, അല്ലെങ്കിൽ തറവാടിന് മുന്നിൽ ആണ് തങ്ങൾ ഉള്ളത് എന്ന് കാറിനുള്ളിലെ എല്ലാവർക്കും മനസ്സിലായി…
