പാമ്പും കോണിയും – 6 19

ഇതെല്ലാം കേട്ട ഹരി, പണിയാവും ഇനി മിണ്ടാതെ ഇരുന്നാൽ എന്ന് മനസ്സിലായ വഴി എഴുന്നേറ്റ് നിന്ന് പറഞ്ഞു : അയ്യോ, ഞാൻ… എന്റെ പേര് ഹരി… ഞാൻ xxxx ഫാർമ കമ്പനിയിൽ മെഡിക്കൽ റെപ് ആണ്..

ഹരി വേഗം പോക്കറ്റിൽ കിടന്ന ഐഡി എടുത്തു മൂപ്പർക്ക് നേരെ നീട്ടി….

” അല്ല… നിങ്ങൾക്ക് ഇവിടെ… ഇവിടെന്താ അന്വേഷിക്കാൻ ഉള്ളത്?.. അസുഖങ്ങളുടെ വല്ല കാര്യവും അന്വേഷിക്കാൻ ആണോ?.. അയാൾ ചോദിച്ചു…

” ടാ ഹരീ……………. ഒരു നീട്ടി ഉള്ള വിളി ഹരി കേട്ടു….

ശബ്ദം കെട്ടിടത്തേക്ക് നോക്കിയ ഹരി, കണ്ണ് മിഴിച്ചു കൊണ്ട് അറിയാതെ പറഞ്ഞു പോയി : ആഷിക്ക്….. ലെഫ്റ്റ് ഫോർവേഡ് xxxxx ഫുട്ബോൾ ക്ലബ്‌ …………

ഹരി ഓർമകളിലേക്ക് കടന്നു, xxxx സെവെൻസ് ടൂർണമെന്റിൽ, ഓപ്പോസിറ്റ് ടീമിന്റെ റൈറ്റ് ലെഫ്റ്റ് ബാക്ക് ആയിരുന്ന, തന്റെ മൂക്കിടിച്ചു പാലം പൊളിച്ചതിനു, അടുത്ത തവണ അവന്റെ ഷിൻ ബോൺ രണ്ടായി ചവിട്ടി ഒടിച്ച ആ നിമിഷം, മത്സരത്തിൽ മാത്രം ആയിരുന്നില്ല റെഡ് കാർഡ്, തന്റെ ഫുട്ബോൾ കരിയറിനു തന്നെ ആയിരുന്നു റെഡ് കാർഡ് വീണത്..

ആരും തന്നത് അല്ല, സ്വയം സ്വീകരിച്ചത്, അവന്റെ ഒടിഞ്ഞു തൂങ്ങിയ കാല്, വേദനയിൽ ” ഉമ്മാ ” എന്ന് വിളിച്ചു കരഞ്ഞു കൊണ്ട് അവൻ ഗ്രൗണ്ടിൽ കിടന്നു വേദനയിൽ പുളഞ്ഞു കൊണ്ട് ഉരുണ്ടത്.. പിന്നീട് ബൂട്ട് കെട്ടാൻ ഉള്ള ആഗ്രഹം, ദയിര്യം അന്നത്തോടെ അവസാനിപ്പിച്ചു ഹരി…….

പകരത്തിനു പകരം, ഒരു അടി, ചവിട്ട്, മുഖത്തിന്‌ ഒരു കുത്ത് പ്രതീക്ഷിച്ച, ഹരിയെ സ്ഥബ്ദനാക്കിക്കൊണ്ട്, ആഷിക്ക് ഓടി വന്ന് ഹരിയെ കെട്ടിപിടിച്ചു……..

ചിരിച്ച മുഖവുമായി ആഷിക്ക് ചോദിച്ചു : എത്ര നാളായിടാ നിന്നെ കണ്ടിട്ട്… അന്ന് കണ്ടതല്ലേ…..

ഹരി സങ്കടത്തോടെ, ആ ഓർമയിൽ മുഖം കുനിച്ചപ്പോൾ, ആഷിക്ക് പറഞ്ഞു : എന്താടാ.. അതൊക്കെ കഴിഞ്ഞു എത്ര കാലം ആയി.. നീ വിട്ടില്ലേ….

” എങ്ങിനെ… എങ്ങിനെ മറക്കാൻ ആടാ…. ഹരി കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു…

ആഷിക്ക് എന്തെങ്കിലും പറയുന്നതിന് മുൻപ് ഹരി വേഗം കുനിഞ്ഞു കൊണ്ട്, അവന്റെ ഇടത് കാലിൽ, അവൻ ഇട്ടിരിക്കുന്ന ട്രാക്ക് പാന്റ് പൊക്കി..

ഇപ്പോഴും ഉണ്ട് തുന്നൽ ഇട്ട പാട്, അവന്റെ വെളുത്ത കാലിൽ…..

ഹരിയെ ഉടനെ പിടിച്ചു പൊക്കി നിർത്തി ആഷിക്ക് തോളിൽ കൈ വച്ച് പറഞ്ഞു : എന്താടാ…. നീ അതോടെ കളി നിർത്തി അല്ലെ?……..

ഹരി മിണ്ടാതെ നിന്നപ്പോൾ ആഷിക്ക് തുടർന്നു : അന്ന് നിന്റെ മൂക്ക് ഇടിച്ചു പൊളിച്ചപ്പോൾ , നിന്റെ സിസിഫിസി സെലെക്ഷൻ ചാൻസ് ആയിരുന്നല്ലേ ഞാൻ കളഞ്ഞത്.. എനിക്കറിയില്ലായിരുന്നെടാ..
അന്ന് കളിയിൽ ഞാൻ പ്രതീക്ഷിച്ചിരുന്നു, നീ തിരിച്ചു പണി തീരും എന്ന്. അത്രക്ക് നീയും കരുതിയിരുന്നില്ല അല്ലെ…….

തങ്ങളെ നോക്കി നിൽക്കുന്ന കുട്ടികൾ അടക്കം ഉള്ള മുഖങ്ങൾ ഉണ്ടെന്ന് ഓർക്കാതെ ഹരി ആഷിക്കിനെ വാരി പുണർന്നു കൊണ്ട് അമർത്തി കെട്ടി പിടിച്ചു അവന്റെ തോളിലേക്ക് മുഖം പൂഴ്ത്തി… അവന്റെ കണ്ണ് നിറഞ്ഞൊഴുകുമ്പോൾ, ആഷിക്കിന്റെയും അവസ്ഥയും അത് തന്നെ ആയിരുന്നു..

ആ ഹാളിൽ ആളുകൾ കൂടി തുടങ്ങി, കുട്ടികളും സ്ത്രീകളും ആയിരുന്നു കൂടുതൽ………

വന്ന കാര്യം എല്ലാം മറന്ന്, ഹരി ആഷിക്കിനോട് കുറേ നേരം, പരിസരം മറന്ന് കൊണ്ട് സംസാരിച്ചു… അതിന് ശേഷം ഉണ്ടായ ജീവിതവും, കല്യാണവും, കുട്ടിയും, പ്രാരാബ്ദങ്ങളും..

ഇതിനിടയിൽ ആഷിക്കിന്റെ മെഹർ, അല്ലെങ്കിൽ ഭാര്യ മുഷ്‌രിഫയെയും കുട്ടിയെയും ഹരിക്ക് പരിചയപ്പെടുത്തി………

ഹരി ഫോണിൽ തന്റെ കുടുംബത്തിന്റെ ഫോട്ടോ എല്ലാവർക്കും കാണിച്ചു കൊടുത്തു..

” അപ്പോൾ, ഇനി നമ്മുടെ പിള്ളേർ….. അല്ലെ….. ആഷിക്ക് ചിരിച്ചു ചോദിച്ചു.

” നോക്കട്ടെ,, ആഗ്രഹം ഉണ്ട്…. ഒരു ഫുട്ബോൾ പ്ലയെർ ആക്കാൻ.. ആർക്കറിയാം…. നമ്മൾ പ്ലാൻ ചെയ്തിട്ട് കാര്യം ഒന്നും ഇല്ലല്ലോ… ഹരി ചിരിച്ചു പറഞ്ഞു.

ആഷിക്കിന്റെ ചോദ്യം ” അല്ല… നീ ഇവിടെ ഇപ്പോൾ, എങ്ങിനെ?..”.. ഹരിയെ ഒന്ന് ഞെട്ടിച്ചു.

ഹരി എഴുന്നേറ്റ് നിന്ന് കൊണ്ട്, അവനോട് പറഞ്ഞു : എടാ,, നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം…..

Leave a Reply

Your email address will not be published. Required fields are marked *