“നിന്റെ 41 ദിവസത്തെ കഠിനമായ ബ്രഹ്മചര്യ വ്രതം അവസാനിച്ചിരിക്കുന്നു സാം. വികാരങ്ങളെ നിയന്ത്രിക്കാൻ നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചു കഴിഞ്ഞു. ഇനി നിനക്ക് സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാം.
ഒരു കുടുംബം ഉണ്ടാകുന്നതോ, പ്രണയിക്കുന്നതോ, നിന്റെ ശരീരത്തിലെ ആഗ്രഹങ്ങളോ ഒന്നും ഇനി ഈ നിയോഗത്തിന് ഒരു തടസ്സമല്ല. നിന്റെ കുടുംബത്തോടൊപ്പം സന്തോഷമായിരിക്കുക.”
ആ വാക്കുകൾ സാമിൽ വലിയൊരു ആശ്വാസം നിറച്ചു..
മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ അവന് തോന്നി.
സ്വാമിജിയെ വണങ്ങി സാം കാവിന് പുറത്തേക്ക് വരുമ്പോൾ അവനെ കാത്ത് ഒട്ടും പ്രതീക്ഷിക്കാത്ത വലിയൊരു സന്തോഷം അവിടെ നിൽപ്പുണ്ടായിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം അവരപ്പുമുണ്ടായിരുന്നു—നഗരത്തിൽ നിന്നും അവനെ കാണാനായി എത്തിയ അവന്റെ അച്ഛനും , പിന്നെ അവന്റെ ജീവന്റെ പാതിയായ അനിയത്തി ശ്രേയയും!
“ചേട്ടാ…!” എന്ന് നീട്ടിവിളിച്ചുകൊണ്ട് ശ്രേയ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.
തന്റെ ചേട്ടന്റെ മുഖത്തെ ഈ പുതിയ തേജസ്സും ശാന്തതയും കണ്ട് അവൾ അത്ഭുതപ്പെട്ടു…
അവളുടെ മുടിയിഴകളിൽ തലോടുമ്പോൾ സാമിന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
അച്ഛനും അഭിമാനത്തോടെ അവനെ ചേർത്തുപിടിച്ചു..
അവരെല്ലാവരും ഒന്നിച്ച് തറവാട്ടിലെത്തിയപ്പോൾ മുറ്റത്ത് സാമിനായി മറ്റൊരു സർപ്രൈസ്
കാത്തിരിപ്പുണ്ടായിരുന്നു.
സാമിന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്ന ആ പുതിയ ബൈക്ക് തറവാട്ടുമുറ്റത്ത് കിടക്കുന്നു!
“നീ ഈ ഗ്രാമത്തിൽ തന്നെ നിൽക്കാൻ തീരുമാനിച്ചെന്ന് മുത്തശ്ശൻ വിളിച്ചു പറഞ്ഞിരുന്നു. ഇവിടെ ഇനി നിനക്ക് കറങ്ങാൻ അച്ഛന്റെ വക ഒരു ചെറിയ സമ്മാനം,”..
അച്ഛൻ ചിരിച്ചുകൊണ്ട് ബൈക്കിന്റെ താക്കോൽ സാമിന്റെ കയ്യിലേക്ക് വെച്ചുകൊടുത്തു.
സാം അതിയായ സന്തോഷത്തോടെ അച്ഛനെ കെട്ടിപ്പിടിച്ചു.
പിറ്റേന്ന് പ്രഭാതം. അച്ഛൻ സമ്മാനിച്ച ആ പുതിയ ബൈക്കിൽ ഗ്രാമത്തിലെ ഇടവഴികളിലൂടെയും പാടവരമ്പുകളിലൂടെയും യാത്ര ചെയ്യുമ്പോൾ സാമിന് വല്ലാത്തൊരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു.
കാറ്റിൽ പറക്കുന്ന അവന്റെ മുടിയിഴകളും, മുഖത്തെ തിളക്കവും അവനിലെ മാറ്റം വിളിച്ചോതുന്നുണ്ടായിരുന്നു.
കോൺക്രീറ്റ് കാടുകളിൽ ജനിച്ചുവളർന്ന ആ പഴയ സാം ഇപ്പോൾ പൂർണ്ണമായും മാറിയിരിക്കുന്നു.
ഈ മണ്ണും കാവും അമ്പലവും എല്ലാം നെഞ്ചേറ്റിയ ഒരു പക്കാ നാട്ടിൻപുറത്തുകാരനായി അവൻ മാറിയിരുന്നു.
വരാനിരിക്കുന്ന വലിയ പോരാട്ടങ്ങളെക്കുറിച്ചുള്ള ചിന്തകൾ തൽക്കാലത്തേക്ക് മാറ്റിവെച്ച്,
തന്റെ ഈ പുതിയ ജീവിതവും ഗ്രാമത്തിലെ ആ ശാന്തമായ അന്തരീക്ഷവും അവൻ പൂർണ്ണ മനസ്സോടെ ആസ്വദിച്ചു തുടങ്ങി.
ഗ്രാമത്തിൽ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. തറവാട്ടിലെ അന്തരീക്ഷവുമായി പതിയെ ഇണങ്ങിവരുന്ന അനിയത്തി ശ്രേയയെയും കൂട്ടി സാം അമ്പലത്തിലേക്ക് പുറപ്പെട്ടു.
നഗരത്തിലെ തിരക്കുകളിൽ നിന്ന് വന്നവൾക്ക് ആ ഗ്രാമവും ഇരുളടഞ്ഞ കാവും വലിയ അമ്പലക്കുളവുമെല്ലാം തികച്ചും പുതിയൊരു ലോകമായിരുന്നു.
വഴിനീളെ അവൾ ഓരോന്നും കൗതുകത്തോടെ ചോദിച്ചറിഞ്ഞുകൊണ്ട് അവന്റെ കൈപിടിച്ച് നടന്നു.
അവർ അമ്പലമുറ്റത്തെത്തുമ്പോൾ ചുറ്റുവിളക്കുകൾ തെളിയിക്കുന്ന സമയമായിരുന്നു.
ദീപാരാധനയ്ക്കുള്ള മണിനാദം ചുറ്റമ്പലത്തിനുള്ളിൽ നിന്ന് കേൾക്കാമായിരുന്നു.
അബദ്ധവും ശാസനയും
അമ്പലത്തിന്റെ കൽപ്പടവുകൾ കയറുമ്പോൾ ശ്രേയയുടെ ശ്രദ്ധ കരിങ്കല്ലിൽ തീർത്ത കൊത്തുപണികളുള്ള ആ വലിയ തൂണുകളിലായിരുന്നു.
ഗ്രാമത്തിലെ ക്ഷേത്രങ്ങളിലെ ചിട്ടവട്ടങ്ങളെക്കുറിച്ച് തീർത്തും അജ്ഞാതയായിരുന്ന അവൾ, തന്റെ കാലിലെ ചെരുപ്പഴിക്കാൻ മറന്നുപോയിരുന്നു.
അവളറിയാതെ ചെരുപ്പോടെ തന്നെ അവൾ അമ്പലത്തിന്റെ തിരുമുറ്റത്തേക്ക് കാൽവെച്ചു.
“നിൽക്കവിടെ!” പെട്ടെന്ന് അമ്പലമുറ്റത്ത് മുഴങ്ങിക്കേട്ട ആ ശബ്ദത്തിൽ ശ്രേയ ഞെട്ടിത്തരിച്ചുപോയി.
ചുറ്റുവിളക്കുകളിൽ എണ്ണ പകരുകയായിരുന്ന വിപഞ്ചികയായിരുന്നു അത്. അവളുടെ കണ്ണുകളിൽ കോപം ആളിക്കത്തുന്നുണ്ടായിരുന്നു.
