നീലികാവിലെ കാവൽക്കാരൻ Likeഅടിപൊളി  

“എന്റെ യാതൊരു തെറ്റുമില്ലാതെയാണ് ഇന്ന് ആ മുത്തശ്ശിയുടെ വായയിൽ ഇരിക്കുന്ന മുഴുവൻ ഞാൻ കേൾക്കേണ്ടി വന്നത്. ഞാൻ എന്റെ പാട്ടിന് ജോലി ചെയ്യുകയല്ലായിരുന്നോ?

എന്തിനായിരുന്നു നിങ്ങൾ എന്റെ അടുത്തേക്ക് വന്നത്? ഞാൻ നിങ്ങളെ വിളിച്ചോ?”

സാം ശാന്തനായി പറഞ്ഞു, “ഞാൻ വെറുതെ ഒന്ന് സംസാരിക്കാൻ… എനിക്ക് ശരിക്കും വിഷമമുണ്ട്.”

“നിങ്ങളുടെ വിഷമം എനിക്ക് കേൾക്കേണ്ട!”

വിപഞ്ചികയുടെ വാക്കുകൾ സാമിന്റെ മുഖത്തേറ്റ അടിയെന്നപോലെയായിരുന്നു.

“ഞാൻ ഈ അമ്പലത്തിൽ ജോലി ചെയ്തു ജീവിക്കുന്നവളാണ്. നിങ്ങൾ കാരണം ഇല്ലാത്ത അപവാദം കൂടി കേൾക്കാൻ എനിക്ക് വയ്യ. ഇനി ഒരിക്കൽപ്പോലും എന്റെ വഴിക്ക് വരരുത്, എന്നോട് സംസാരിക്കാനും ശ്രമിക്കരുത്.”

ഒരു നിമിഷം പോലും അവിടെ നിൽക്കാതെ അവൾ വേഗത്തിൽ ഇരുട്ടിലേക്ക് നടന്നുപോയി.

അവളുടെ വാക്കുകളിലെ ദേഷ്യവും നിസ്സഹായതയും സാമിനെ വല്ലാതെ സ്പർശിച്ചു.

യാതൊരു തെറ്റുമില്ലാതെ അവൾക്ക് അനുഭവിക്കേണ്ടി വന്ന ആ വലിയ അപമാനത്തിൽ സാമിന് അതിയായ കുറ്റബോധം തോന്നി.

അർദ്ധരാത്രി.

കാവിലെ കനത്ത ഇരുട്ടിൽ ചീവിടുകളുടെ ശബ്ദം മാത്രം. ബ്രാഹ്മമുഹൂർത്തത്തിന് മുൻപുള്ള ആ യാമത്തിൽ, അമ്പലക്കുളത്തിലെ

തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ച് ഈറനോടെ സാം കളരിക്കളത്തിൽ നിന്നു.

ഹോമകുണ്ഡത്തിലെ അഗ്നിയുടെ വെളിച്ചത്തിൽ അവന്റെ പേശികൾ വലിഞ്ഞുമുറുകുന്നത് കാണാമായിരുന്നു. സ്വാമിജിയുടെ കർശനമായ നിർദ്ദേശപ്രകാരം കയ്യിലൊരു വടിയുമായി കാറ്റിലിളകുന്ന ഇലകളെക്കാൾ വേഗത്തിൽ അവൻ ചുവടുകൾ വെച്ചു.

തണുത്തുറഞ്ഞ കാറ്റടിച്ചിട്ടും സാമിന്റെ ശരീരത്തിൽ നിന്നും വിയർപ്പൊഴുകുന്നുണ്ടായിരുന്നു.

പക്ഷേ, സാമിന്റെ മനസ്സ് അവിടെയായിരുന്നില്ല.

കുറച്ചുമണിക്കൂറുകൾക്ക് മുൻപ് അമ്പലക്കുളത്തിനടുത്ത് വെച്ച് കണ്ട വിപഞ്ചികയുടെ മുഖം അവനെ വല്ലാതെ വേട്ടയാടി.

യാതൊരു തെറ്റുമില്ലാതെ അവൾക്ക് കേൾക്കേണ്ടി വന്ന അപമാനവും, അവളുടെ കണ്ണുകളിലെ നിസ്സഹായതയും, ഒടുവിൽ അവളോട് സംസാരിക്കാൻ പോയിട്ട് കിട്ടിയ ശകാരവും അവനിൽ വല്ലാത്തൊരു കുറ്റബോധം സൃഷ്ടിച്ചു.

അവളുടെ ആ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിലൂടെ കടന്നുപോയ ആ നിമിഷം, സാമിന്റെ ശ്രദ്ധ പാളി.

അവന്റെ ചുവടുകളുടെ താളം തെറ്റി, കൈയിലെ വടി നിലത്തുതട്ടി അവൻ വേച്ചുപോയി.

പെട്ടെന്ന് ഇരുട്ടിൽ നിന്നും പാഞ്ഞുവന്ന സ്വാമിജിയുടെ വടി സാമിന്റെ കൈത്തണ്ടയിൽ ആഞ്ഞടിച്ചു.

വേദനകൊണ്ട് സാം പിന്നിലേക്ക് മാറി.

“ശരീരം ഇവിടെയും മനസ്സ് മറ്റെവിടെയോ ആണെങ്കിൽ, ശത്രുവിന്റെ ആദ്യത്തെ വെട്ടിൽ തന്നെ നിന്റെ കഴുത്തറ്റു വീഴും!”

സ്വാമിജിയുടെ ശബ്ദത്തിൽ തീ പാറുന്നുണ്ടായിരുന്നു.

“നിന്റെ വികാരങ്ങളാണ് നിന്റെ ഏറ്റവും വലിയ ശത്രു. ആ പെൺകുട്ടിയെക്കുറിച്ചുള്ള ചിന്തകൾ നിന്നെ തളർത്തുകയാണ് സാം. അനിഴം നക്ഷത്രക്കാരന്റെ ലക്ഷ്യബോധം ഇത്രവേഗം നിനക്ക് നഷ്ടപ്പെട്ടോ?

ഓർക്കുക, നീ വ്യതിചലിക്കുന്ന ഓരോ നിമിഷവും നീ ഈ നാടിനെ മരണത്തിലേക്ക് തള്ളിവിടുകയാണ്.”

സാം കുറ്റബോധത്തോടെ തലതാഴ്ത്തി നിന്നു. എന്നാൽ പെട്ടെന്നാണ് ചുറ്റുമുള്ള അന്തരീക്ഷം അസാധാരണമായി മാറിയത്.

അതുവരെ കാവിൽ വീശിയടിച്ചിരുന്ന തണുത്ത കാറ്റ് പെട്ടെന്ന് നിലച്ചു. വല്ലാത്തൊരു ശ്വാസംമുട്ടിക്കുന്ന നിശബ്ദത അവിടെ നിറഞ്ഞു.

ഹോമകുണ്ഡത്തിൽ ആളിക്കത്തിയിരുന്ന അഗ്നി പെട്ടെന്ന് നീല നിറത്തിലേക്ക് മാറി, കരിഞ്ഞ മാംസത്തിന്റെ ഗന്ധത്തോടെ അസാധാരണമായി പുകയാൻ തുടങ്ങി.

കാവിന്റെ തെക്കേ മൂലയിലുള്ള വലിയ പാലമരത്തിന്റെ മുകളിൽ നിന്നും അജ്ഞാതമായ

ഒരു വലിയ പക്ഷി ചിറകടിച്ച് പറന്നുപോയി. സാമിന്റെ നെഞ്ചിടിപ്പ് കൂടി.

അവന് ചുറ്റുമുള്ള ഇരുട്ടിന് പെട്ടെന്ന് ജീവൻ വെച്ചതുപോലെ തോന്നി.

സ്വാമിജിയുടെ മുഖത്തെ ഗൗരവം വർദ്ധിച്ചു. അദ്ദേഹം വേഗത്തിൽ ഹോമകുണ്ഡത്തിലേക്ക് ചില പൊടികൾ വിതറി കണ്ണുകളടച്ച് ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിട്ടു.

നിമിഷങ്ങൾക്കകം ആ നീലജ്വാല പഴയപടിയായി, കാറ്റ് വീണ്ടും വീശിത്തുടങ്ങി.

Updated: September 6, 2026 — 1:30 pm

Leave a Reply

Your email address will not be published. Required fields are marked *