“നിന്റെ മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രതിസന്ധിയിൽ ഒരു കാവലായി നീ വേണം… അതീ അമ്മയുടെ അവസാനത്തെ ആഗ്രഹമാണ്.”
സാമിന്റെ കണ്ണുകൾ ഒന്നുകൂടി നിറഞ്ഞു. അവൻ പതുക്കെ കൈകൾ കൂപ്പി അമ്മയുടെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ചു,
“അമ്മ സമാധാനമായി ഉറങ്ങുക… അമ്മയുടെ ആഗ്രഹം പോലെ ഞാൻ പോവുകയാണ്.”
സാം തന്റെ മുറിയിലേക്ക് നടന്നു.
അലമാരയിൽ നിന്നും തന്റെ വസ്ത്രങ്ങൾ ഓരോന്നായി വലിയൊരു ബാഗിലേക്ക് അവൻ അടുക്കിവെക്കാൻ തുടങ്ങി. നഗരത്തിലെ തന്റെ സുരക്ഷിതമായ ജീവിതവും, വലിയ സ്വപ്നങ്ങളും, കൂട്ടുകാരെയുമെല്ലാം അവൻ ആ മുറിയിൽ ഉപേക്ഷിക്കുകയാണ്.
ബാഗ് പായ്ക്ക് ചെയ്ത് പുറത്തിറങ്ങിയ സാമിനെ കണ്ട് ശ്രേയ വീണ്ടും കരയാൻ തുടങ്ങി.
അമ്മ പോയതിന് പിന്നാലെ ചേട്ടൻ കൂടി ദൂരേക്ക് പോകുന്നതിന്റെ സങ്കടം അവൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.
സാം അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പതുക്കെ പറഞ്ഞു,
“കരയാതിരിക്ക് ഡോ … ഈ നഗരത്തിലെ ജീവിതം അമ്മയോടൊപ്പം അവസാനിച്ചു. ഇനി എനിക്ക് മറ്റൊരു നിയോഗമുണ്ട്. അമ്മയ്ക്ക് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം. ഞാൻ പോവുകയാണ്… ആ ഗ്രാമത്തിലേക്ക്.”
തന്റെ ഉള്ളിലെ വലിയ സങ്കടങ്ങളെല്ലാം മറച്ചുവെച്ച്, അമ്മയുടെ ആഗ്രഹപൂർത്തീകരണത്തിനായി, അജ്ഞാതമായ വലിയൊരു പ്രതിസന്ധിയെ നേരിടാൻ സാം ആ പഴയ നാലുകെട്ടിലേക്ക് തന്റെ യാത്ര തുടങ്ങുകയായിരുന്നു.
അന്ന് വൈകുന്നേരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം സാമിന്റെ യാത്രയയപ്പിന് സാക്ഷ്യം വഹിച്ചു.
അച്ഛൻ അവന് വേണ്ട നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. പക്ഷെ സാമിന്റെ കണ്ണുകൾ ശ്രേയയിലായിരുന്നു. അവളുടെ മുഖം വല്ലാതെ വാടിയിരുന്നു.
ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കേ, അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു. “എന്നെ വിട്ട് ആദ്യമായിട്ടാ ചേട്ടൻ ഇത്രയും ദിവസം മാറിനിൽക്കുന്നത്.
എന്നും എന്നെ വിളിക്കണം. ആ നാട്ടിലെ കാവും കുളവും എല്ലാം എനിക്ക് പേടിയാണ് . സൂക്ഷിക്കണം,” അവളുടെ കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.
“ഒന്നുമില്ലെടാ, നിന്റെ ചേട്ടൻ എത്രയും വേഗം തിരിച്ചു വരും,” അവളുടെ കണ്ണുനീർ തുടച്ചുമാറ്റുമ്പോൾ സാമിന്റെയും തൊണ്ടയിടറുന്നുണ്ടായിരുന്നു.
അച്ഛനെയും ചേർത്തുപിടിച്ച് യാത്രാമൊഴി നൽകുമ്പോൾ അവനറിയാമായിരുന്നു, ഈ യാത്ര തനിക്കൊട്ടും ഇഷ്ടമുള്ള ഒന്നല്ലെന്ന്.
ട്രെയിൻ ചൂളം വിളിച്ച് മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ പ്ലാറ്റ്ഫോമിൽ നിറഞ്ഞ കണ്ണുകളോടെ കൈവീശുന്ന ശ്രേയയെ നോക്കിനിൽക്കേ സാമിന്റെ മനസ്സിൽ വല്ലാത്തൊരു ശൂന്യത പടർന്നു.
ഇരുട്ടിന്റെ മറവിലുള്ള പാലക്കാടൻ മലനിരകൾ
കണ്ടുതുടങ്ങിയപ്പോൾ, അവനറിയാതെ ഒരു നെടുവീർപ്പുയർന്നു.
പിറ്റേന്ന് അതിരാവിലെ ട്രെയിൻ പാലക്കാട് സ്റ്റേഷനിൽ എത്തുമ്പോൾ തണുത്ത കാറ്റ് അവനെ വരവേറ്റു. ഒരു ടാക്സി വിളിച്ച് അവൻ മുത്തശ്ശന്റെ ഗ്രാമത്തിലേക്ക് തിരിച്ചു.
മൺപാതകളും വിശാലമായ നെൽപ്പാടങ്ങളും താണ്ടി വാഹനം ആ പഴയ നാലുകെട്ടിന് മുന്നിൽ നിന്നു.
സാമിനെ കണ്ടതും ഉമ്മറത്ത് നിൽക്കുകയായിരുന്ന മുത്തശ്ശിയുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി വിടർന്നു.
“എന്റെ കുട്ടി വന്നല്ലോ…”
മുത്തശ്ശി ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു. ആ സ്നേഹത്തിന് മുന്നിൽ തന്റെ അനിഷ്ടങ്ങളെല്ലാം സാം മറന്നു.
എങ്കിലും,
ആ വലിയ തറവാടിനും തൊട്ടടുത്തുള്ള നിഗൂഢമായ കാവിനും വല്ലാത്തൊരു ഭയപ്പെടുത്തുന്ന അന്തരീക്ഷമുണ്ടെന്ന് അവന് തോന്നി.
ശ്രേയ പറഞ്ഞതുപോലെ എന്തൊക്കെയോ രഹസ്യങ്ങൾ ആ മണ്ണിൽ ഒളിഞ്ഞുകിടപ്പുണ്ട്.
അന്ന് സന്ധ്യയ്ക്ക് മുത്തശ്ശിയുടെ നിർബന്ധപ്രകാരമാണ് സാം തറവാടിനടുത്തുള്ള അമ്പലത്തിലേക്ക് പോയത്.
വലിയ കരിങ്കൽ ചുവരുകളുള്ള, അധികം വെളിച്ചമില്ലാത്ത ഒരു പഴയ ക്ഷേത്രം. ദീപാരാധനയുടെ സമയമായതിനാൽ ചുറ്റമ്പലത്തിൽ കുറെ കൽവിളക്കുകൾ തെളിയിച്ചിട്ടുണ്ടായിരുന്നു.
മണിക്കിണറിന് സമീപത്ത് നിന്ന സാം പെട്ടെന്നാണ് അവളെ കണ്ടത്.
