ഗ്രാമത്തിലെ ആ പഴയ നാലുകെട്ടിന്റെ ശ്വാസംമുട്ടിക്കുന്ന നിശബ്ദതയിൽ നിന്നും, വിപഞ്ചികയുമായുള്ള
പ്രശ്നങ്ങളിൽ നിന്നും സാമിന് ലഭിച്ച ഏറ്റവും വലിയ ആശ്വാസമായിരുന്നു ഹരിയുമായുള്ള ഈ സൗഹൃദം.
താൻ നോറ്റ കഠിനമായ വ്രതത്തിന്റെ ഭാരമോ, തന്നെ വേട്ടയാടുന്ന അജ്ഞാതനായ ശത്രുവിന്റെ ചിന്തകളോ ഇല്ലാതെ, വെറുമൊരു സാധാരണ ചെറുപ്പക്കാരനായി ചിരിച്ചുല്ലസിച്ച് നടക്കാൻ ആ ദിവസങ്ങളിൽ ഹരി അവനെ സഹായിച്ചു.
സാമിനെ സംബന്ധിച്ച്, ഈ പുതിയ നാട്ടിൽ അവന് ലഭിച്ച ഏറ്റവും വലിയ പിടിവള്ളിയായിരുന്നു ആ സൗഹൃദം.
ദിവസങ്ങൾ വേഗത്തിൽ കടന്നുപോയി.
കടയുടെ പണികളെല്ലാം പൂർത്തിയായി. ഉദ്ഘാടനത്തിന് ഇനി വെറും രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. അച്ഛനും ശ്രേയയുമെല്ലാം ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിട്ടുണ്ട്.
കടയുടെ ബോർഡ് വെക്കുന്ന പണികൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട് ഹരിയും സാമിനൊപ്പം തന്നെ നിൽപ്പുണ്ട്.
എല്ലാം ഭംഗിയായി നടക്കുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു സാം.
ടൗണിലെ കടയുടെ പണികൾ കഴിഞ്ഞ് വളരെ വൈകിയാണ് അന്ന് സാം തിരികെ എത്തിയത്.
ബൈക്ക് തറവാടിന്റെ മുറ്റത്ത് വെച്ച ശേഷം, വീട്ടിലേക് നടക്കുമ്പോൾ അവൻ അമ്പലത്തിൽ പരിസരത്തു ഒരു അനക്കം കേട്ടപോലെ തോന്നി .
ചുറ്റുവിളക്കുകളെല്ലാം അണഞ്ഞ അമ്പലപ്പറമ്പിൽ കനത്ത ഇരുട്ടായിരുന്നു.
പെട്ടെന്നാണ് അമ്പലത്തിന്റെ തെക്കേ ഭാഗത്തുകൂടി ഒരു നിഴൽ വേഗത്തിൽ നീങ്ങുന്നത് സാമിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പാതിരാത്രിയിൽ അമ്പലത്തിൽ കയറിയ ഏതെങ്കിലും മോഷ്ടാവാകാം അതെന്ന് അവൻ കരുതി.
കാവിലെ കഠിനമായ പരിശീലത്തിലൂടെ സാം നേടിയെടുത്ത വലിയൊരു കഴിവായിരുന്നു നിശബ്ദമായി സഞ്ചരിക്കുക എന്നത്.
ഉണങ്ങിയ ഇലകളിൽപ്പോലും കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ, ഇരയെ ലക്ഷ്യം വെക്കുന്ന ഒരു വേട്ടക്കാരനെപ്പോലെ സാം ആ രൂപത്തിന് പിന്നാലെ നടന്നു.
ആ അജ്ഞാതൻ പോയത് അമ്പലത്തിന് പുറകിലുള്ള വിപഞ്ചികയുടെ ചെറിയ മുറിക്ക് നേരെയായിരുന്നു.
നിലാവിന്റെ നേരിയ വെളിച്ചത്തിൽ സാം ആ മുഖം വ്യക്തമായി കണ്ടു—!
അവനെ കണ്ടയുടനെ കഴിഞ്ഞ ദിവസം കുളക്കടവിൽ വെച്ച് നടന്ന സംഭവങ്ങൾ സാമിന്റെ മനസ്സിലേക്ക് ഓടിയെത്തി.
അന്ന് ഇരുട്ടിൽ വിപഞ്ചികയെ ആക്രമിക്കാൻ
ശ്രമിച്ചതും, താൻ ചെന്നപ്പോൾ ഓടിമറഞ്ഞതും
ഇവൻ തന്നെയാണെന്ന് സാമിന് ഉറപ്പായി.
അവൻ വളരെ പതുക്കെ വിപഞ്ചികയുടെ മുറിയുടെ വാതിലിനടുത്തേക്ക് നീങ്ങി.
വാതിലിന്റെ കൊളുത്ത് പുറത്തുനിന്നും തകർക്കാനോ മറ്റോ അവൻ ശ്രമിക്കുന്നതുപോലെ തോന്നി.
അവൻ കൃത്യമായി എന്തെങ്കിലും ചെയ്യുന്നതുവരെ സാം പിന്നിലെ ഇരുട്ടിൽ അനങ്ങാതെ നിന്നു.
അവൻ വാതിലിൽ ബലം പ്രയോഗിക്കാൻ തുടങ്ങിയ ആ നിമിഷം,
ഒരു ഇടിമിന്നൽ പോലെ സാം അവന് മേൽ ചാടിവീണു.
യാതൊന്നും പ്രതിരോധിക്കാൻ സമയം കിട്ടും മുൻപേ അവൻ നിലത്തേക്ക് വീണുപോയിരുന്നു.
സാം അവന്റെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തമർത്തി.
സാമിന്റെ ആ വലിയ പ്രഹരത്തിൽ അവന്റെ വായിൽ നിന്നും ഒരു ഞരക്കം പുറത്തുവന്നു.
പുറത്തെ വലിയ ശബ്ദം കേട്ട് ഭയന്നാണ് വിപഞ്ചിക വാതിൽ തുറന്നത്.
മുറ്റത്തെ കാഴ്ച കണ്ട് അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തറഞ്ഞുപോയി.
നിലത്ത് ഭയന്ന് വിറച്ചുകിടക്കുന്ന സുദേവും, അവന്റെ നെഞ്ചിൽ കാൽമുട്ടമർത്തി കഴുത്തിന് കുത്തിപ്പിടിച്ച് നിൽക്കുന്ന സാമും!
ആ ഒറ്റ നിമിഷം കൊണ്ട് വിപഞ്ചികയ്ക്ക് എല്ലാം മനസ്സിലായി.
അന്ന് അമ്പലക്കുളത്തിൽ നിന്നും തനിക്ക് കിട്ടിയ ആ അപരിചിതമായ പാദരക്ഷ സുദേവിന്റേതായിരുന്നു. തന്നെ ആക്രമിക്കാൻ വന്നത് അവനായിരുന്നു, അന്ന് തന്നെ രക്ഷിക്കാൻ വന്നത് ശരിക്കും സാമായിരുന്നു.
തന്റെ ബുദ്ധിയിൽ തോന്നിയ സംശയങ്ങളെല്ലാം സത്യമായിരിക്കുന്നു.
സത്യം മനസ്സിലായെങ്കിലും അവളുടെ പ്രതികരണം സാം പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല.
സുദേവിനെ അവിടെ കണ്ടതും അവളുടെ ഉള്ളിൽ പഴയ ഭയം തിരികെവന്നു.
പാതിരാത്രിയിൽ തന്റെ മുറിക്ക് മുന്നിൽ രണ്ട് പുരുഷന്മാർ തമ്മിൽ അടികൂടുന്നത് ആരെങ്കിലും കണ്ടാൽ,
