ശ്രേയയുടെ ചോദ്യം കേട്ടതും സാം വല്ലാതെ പരുങ്ങി.
ആ പെൺകുട്ടിയുടെ നോട്ടം അവനിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. സാം വേഗത്തിൽ നോട്ടം മാറ്റി.
“എനിക്ക്… എനിക്കറിയില്ല വാവേ. അവൾക്ക് ആള് മാറിപ്പോയതാകും. നീയൊന്ന് വേഗം നടക്കാൻ നോക്ക്,”
എന്ന്വിക്കിപ്പറഞ്ഞുകൊണ്ട്,
ശ്രേയയുടെ കൂടുതൽ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി സാം അവളുടെ കൈയും പിടിച്ച് വേഗത്തിൽ അവിടെ നിന്നും മുന്നോട്ട് നടന്നു.
അപ്പോഴും ആ പെൺകുട്ടി
തിരിഞ്ഞുനിന്ന് സാമിനെത്തന്നെ നോക്കുന്നുണ്ടായിരുന്നു.
നടത്തത്തിന്റെ വേഗത കൂട്ടുമ്പോഴും സാമിന്റെ മനസ്സിലേക്ക് ഒരു മിന്നൽ പോലെ കടന്നുവന്നത് സ്വാമിജിയുടെ ആ വാക്കുകളായിരുന്നു. കൊടുംകാട്ടിൽ വെച്ച് ആദിവാസി മൂപ്പൻ തനിക്ക് നൽകിയ ആ ജീവജലം…
“സാം, നീ കുടിച്ചത് സാധാരണ വെളളമല്ല, ഗന്ധർവ്വതീർത്ഥമാണ്. അത് ഉള്ളിൽച്ചെന്ന ഒരു പുരുഷനിൽ, ഗന്ധർവ്വന്മാരുടേതിന് സമാനമായ അസാധാരണമായ ഒരു ആകർഷണശക്തി ഉടലെടുക്കും.
നിന്റെ സാന്നിധ്യം, നിന്റെ ശബ്ദം, നിന്റെ ഗന്ധം… ഇവയെല്ലാം സ്ത്രീകൾക്ക് ഒരു കാന്തം പോലെ അനുഭവപ്പെടും. യാതൊരു കാരണവുമില്ലാതെ അവർക്ക് നിന്നോട് അദമ്യമായ അടുപ്പവും പ്രണയവും തോന്നും.”
വ്രതം കഴിഞ്ഞെങ്കിലും, ആ മാന്ത്രിക ജലത്തിന്റെ ശക്തി തന്റെ സിരകളിൽ പൂർണ്ണമായും അലിഞ്ഞുചേർന്നിട്ടുണ്ടെന്ന് സാമിന് അപ്പോൾ മനസ്സിലായി.
ഈ ‘ഗന്ധർവ്വ വശ്യത’ കാരണം വരുംദിവസങ്ങളിൽ താൻ വലിയ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്ന തിരിച്ചറിവ് അവനിലുണ്ടായി.
എന്നാൽ വിപഞ്ചികയ്ക്ക് മാത്രം തന്നോട് ഈ ആകർഷണം തോന്നാത്തത് എന്തുകൊണ്ടാണെന്ന വലിയൊരു ചോദ്യവും സാമിന്റെ ഉള്ളിൽ ബാക്കിയായിരുന്നു.
നിലാവിൽ കുളിച്ചുനിൽക്കുന്ന ഇടവഴികളിലൂടെ, മനസ്സിൽ ഒട്ടേറെ ചിന്തകളുമായി സാം ശ്രേയയെയും കൂട്ടി തറവാട്ടിലേക്ക് നടന്നു.
പിറ്റേന്ന് പ്രഭാതം. അമ്പലത്തിലെ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ദിവസമായിരുന്നു അത്.
കാവിലെ കൊടുംതപസ്സിന്റെ ദിനങ്ങൾക്ക് ശേഷം തറവാട്ടിലേക്ക് സന്തോഷത്തിന്റെ നാളുകൾ തിരിച്ചെത്തിയിരിക്കുന്നു.
അടുക്കളയിൽ നിന്ന് പായസത്തിന്റെയും പലഹാരങ്ങളുടെയും കൊതിയൂറുന്ന മണം ഉമ്മറത്തേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം തറവാട് അക്ഷരാർത്ഥത്തിൽ ഉണർന്നിരിക്കുകയാണ്.
ഉച്ചയോടടുത്തപ്പോഴേക്കും മുറ്റത്തേക്ക് ആദ്യത്തെ കാർ വന്നുനിന്നു.
സാമിന്റെ അമ്മയുടെ വലിയ ചേച്ചി ശാരികയും മകൾ സ്വാസികയുമായിരുന്നു അത്. ശാരികയുടെ ഭർത്താവ് ദിലീപ് വിദേശത്തായതിനാൽ അവർ രണ്ടുപേരും മാത്രമാണ് വന്നത്.
പതിനെട്ടുകാരിയായ സ്വാസികയ്ക്ക് ശ്രേയയെ കണ്ടപ്പോൾ വലിയ സന്തോഷമായി.
ഒരേ പ്രായത്തിലുള്ളവരായതുകൊണ്ട് നിമിഷങ്ങൾക്കകം അവർ രണ്ടുപേരും കൂട്ടായി.
മുത്തശ്ശനെയും മുത്തശ്ശിയെയും കെട്ടിപ്പിടിച്ച് ശാരിക വലിയമ്മ വിശേഷങ്ങൾ പങ്കുവെക്കാൻ തുടങ്ങി.
ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടാണ് സാം ഉമ്മറത്തേക്ക് ചെന്നത്.
അമ്മയുടെ ഇളയ അനിയൻ ശങ്കരനും ഭാര്യ സമിനിയുമായിരുന്നു അത്.
മുപ്പത്തിരണ്ടുകാരനായ ശങ്കരമ്മാവൻ സാമിനെപ്പോലെ തന്നെ ബൈക്കുകളോടും യാത്രകളോടും വലിയ താല്പര്യമുള്ള ആളാണ്. അവർ തമ്മിൽ എപ്പോഴും ഒരു സുഹൃദ്ബന്ധമാണുള്ളത്.
ശങ്കരമ്മാവന്റെ പിന്നിലിരുന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിയ സമിനിയെ കണ്ടപ്പോൾ ശ്രേയയും സ്വാസികയും അത്ഭുതത്തോടെ നോക്കിനിന്നു.
ഇരുപത്തൊൻപത് വയസ്സുകാരിയായ സമിനി അമ്മായിക്ക് ഒരു സിനിമാനടിയെ വെല്ലുന്ന സൗന്ദര്യമുണ്ടായിരുന്നു.
കറുത്ത കരയുള്ള ഒരു സാധാരണ സെറ്റ് സാരിയായിരുന്നു വേഷമെങ്കിലും, കാതിൽ കിടന്നാടുന്ന വലിയ ജിമിക്കിയും അവരുടെ മുഖത്തെ എപ്പോഴുമുള്ള ആ വശ്യമായ പുഞ്ചിരിയും അവരെ കൂടുതൽ സുന്ദരിയാക്കി.
“എന്താടാ സാമേ… നീയങ്ങ് മാറിപ്പോയല്ലോ. ഈ ഗ്രാമത്തിലെ കാറ്റേറ്റപ്പോൾ ഒരു യഥാർത്ഥ പോരാളിയെപ്പോലെ ആയല്ലോ നീ,”
ശങ്കരമ്മാവൻ സാമിന്റെ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു.
