ഏഴു വയസിനടുത്തു പ്രായം തോന്നുന്ന പെൺകുട്ടിയുടെ കൈ അവൾ പിടിച്ചിട്ടും ഉണ്ട്. ആ പെൺകുട്ടിയുടെ മുഖത്തു നല്ല ക്ഷീണം കാണാം.
“അവിടെ ഇരുന്നോളൂ…”
അവളെ മുഖമുയർത്തി നോക്കാതെ തന്നെ ഡോക്ടർ സോമശേഖരൻ പതിയെ പറഞ്ഞു. കയ്യിലെ കുഞ്ഞിനെ അരയിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ച് അവൾ മുന്നിലിരുന്ന സ്റ്റൂളിലേക്ക് മെല്ലെ ഇരുന്നു.
“എന്താ പേര്? എന്താണ് പ്രശ്നം? ആർക്കാണ് അസുഖം…”
തന്റെ മേശപ്പുറത്തുള്ള മെഡിക്കൽ ഫയലിൽ എന്തോ നോക്കികൊണ്ട് ഡോക്ടർ യാന്ത്രികമായി ചോദിച്ചു.
” എനക്ക് പ്രശ്നം ഏതുമേ ഇല്ലൈ സാർ…”
ശാന്തമെങ്കിലും ദൃഢമായ ശബ്ദത്തിൽ അവൾ പറഞ്ഞു.
.”ഓഹ്, തമിഴാ…!?”
പേന മാറ്റിവെച്ച് ഡോക്ടർ തമിഴിലേക്ക് മാറി,
“ഉനക്ക് പ്രശ്നം ഇല്ലൈനാ… പിന്നെ ഏതുക്ക് ഇങ്കെ വന്തേ?””
“സാർ മലയാളത്തിൽ പേസിനാൽ പോതും. എനക്ക് മലയാളം നല്ല തെരിയും… മലയാളികളെയും നന്നായി അറിയാം.”
അവളുടെ ചുണ്ടിൽ ഒരു നേർത്ത പരിഹാസം മിന്നിമറഞ്ഞു. അവൾ വീണ്ടും പറഞ്ഞു
“പ്രശ്നം എനക്കല്ല സാർ. എൻ കുളന്തയ്ക്ക് താൻ. അവൾക്ക് അവളുടെ അപ്പാവേ വേണം!”
ആ വാക്കുകൾ കേട്ടതും സോമശേഖരൻ പെട്ടെന്ന് തലയുയർത്തി
അവളെ നോക്കി. ഒരു നിമിഷം അദ്ദേഹം പകച്ചുപോയി.
“എന്നാ സാർ… എന്നെ ഇപ്പടി പാക്കറീങ്കെ? എന്നെ ഉങ്കൾക്ക് ഞാപകം ഇല്ലെയാ? ഞാൻ മല്ലി സാർ, മല്ലി… മല്ലിക! എന്നെ ഓർമ്മയില്ലേ? എന്നാ സാർ ഇത്… എന്നെ അപ്പടിയേ മറന്തിട്ടീങ്കളാ? സാർ എന്നെ മറക്കവേ മാട്ടീങ്കെ… അപ്പടി താനേ സാർ?”
അത്രയും പറഞ്ഞ് അവൾ അരയിലിരുന്ന ആ കുഞ്ഞിനെയെടുത്ത് ഡോക്ടറുടെ മേശപ്പുറത്തേക്ക് ഇരുത്തി.
എന്നിട്ട് അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു:
“സാർ… ഇത് ഉങ്ക കുളന്തൈ!”
അതൊരു ഇടിത്തീയായിരുന്നു. ഡോക്ടർ സോമശേഖരൻ ആകെ ഞെട്ടിത്തരിച്ചുപോയി. ശ്വാസം പോലും എടുക്കാൻ മറന്ന് അദ്ദേഹം ഇരുന്നുപോയി. ‘എന്താണ് ഇവൾ ഈ പറയുന്നത്? എന്റെ കുഞ്ഞോ? ‘ ഭയവും സംശയവും കലർന്ന കണ്ണുകളോടെ അയാൾ മല്ലിയെ നോക്കി.
“എന്നാ സാർ… വീണ്ടും ഇപ്പടി പാക്കറീങ്കെ? ഉങ്കൾക്ക് സന്ദേഹമാ? സന്ദേഹപ്പെടക്കൂടാത് സാർ… നിജമാ ഇത് ഉങ്ക കുളന്തൈ താൻ…”
ഡോക്ടറുടെ നോട്ടം മേശപ്പുറത്തിരുന്ന് തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ആ പിഞ്ചുകുഞ്ഞിലേക്ക് നീണ്ടു.
” ആമാ സാർ. ഇതു ഉങ്ക കുളന്തൈ താൻ സാർ… അതെ സാറേ, ഇത് സാർ എനിക്ക് തന്ന സാറിന്റെ കുഞ്ഞാ. ഇനി ഈ കുഞ്ഞിനെ സാർ തന്നെ വളർത്തിക്കോ. എന്നാലേ ഇനി ഇന്ത കുളന്തയെ പാക്ക മുടിയാത് സാർ… ഈ കുഞ്ഞിനെ സാറിന് തരാനാണ് ഞാൻ ഇപ്പോൾ ഇവിടെ വന്നത്…”
തൊണ്ടയിടറി, വാക്കുകൾ മുറിഞ്ഞു വീഴുമ്പോഴും മല്ലിയുടെ കണ്ണുകളിൽ ഒരു നിശ്ചയദാർഢ്യമുണ്ടായിരുന്നു. അവൾ പറയുന്നത് കേട്ട് ഡോക്ടർ അവിശ്വസനീയതയോടെ അവളെ നോക്കി. മലയാളവും തമിഴും കലർന്ന അവളുടെ ആ
വാക്കുകളിൽ ഒരു അമ്മയുടെ നെഞ്ചുപൊട്ടുന്ന വേദനയുണ്ടായിരുന്നു.
“എന്താ സാർ, ഞാൻ മലയാളം പറയുന്നത് കേട്ടാണോ എന്നെ ഇങ്ങനെ നോക്കുന്നത്? അതോ ഈ കുഞ്ഞിനെ കണ്ടോ..? നോക്ക് സാർ, എന്റെ മോൾക്ക് സാറിന്റെ അതേ ഛായ അല്ലേ… സാർ സംശയിക്കേണ്ട, ഇത് സാറിന്റെ കുഞ്ഞ് തന്നെയാ. സാറിന്റെ ചോര. എനിക്ക് സാറിന്റെ ചോരയിൽ പിറന്ന കുഞ്ഞ് . സാർ എനിക്ക് തന്ന സാറിന്റെ കുഞ്ഞ്! ഈ കുഞ്ഞിനെ സാറിന് തിരിച്ചു തരാൻ ആണ് ഞാൻ ഇവിടെ വന്നത്.”
പറഞ്ഞുതീർന്നതും ഡോക്ടർ എന്ത് പറയും എന്ന് കേൾക്കാൻ നിൽക്കാതെ
മല്ലി എഴുന്നേറ്റ് തിരിഞ്ഞു നടന്നു. ആ ക്ലിനിക്കിൽ നിന്ന് പുറത്ത് ഇറങ്ങിയതും
അവളുടെ സാരിത്തുമ്പിൽ തൂങ്ങി കൂടെ നടന്ന ചെറിയ മകൾ അല്ലിമോൾ മല്ലിയുടെ കൈകളിൽ പിടിച്ചുവലിച്ചുകൊണ്ട് വിളിച്ചു
:”അമ്മാ… കല്ലുമോള്? കല്ലുമോള് എങ്കേ അമ്മാ?”
മല്ലി നടപ്പിന്റെ വേഗത കുറയ്ക്കാതെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു. അത് കണ്ട് ആ കുഞ്ഞുപെണ്ണും മെല്ലെ കരയാൻ തുടങ്ങി. അവൾ അമ്മയുടെ കൈകളിൽ തൂങ്ങി വീണ്ടും ചോദിച്ചു:
