ആ വലിയ വീടിന്റെ മുറ്റത്ത് മോളോടൊപ്പം എത്തിയ മല്ലി പേടിയോടെ കോളിങ് ബെൽ അമർത്തി.. എന്നാൽ എത്ര സമയം കാത്തിരുന്നിട്ടും വാതിൽ തുറന്ന് ആരും വന്നില്ല. മല്ലിക്ക് പേടിയും സങ്കടവും നിരാശയും വന്നു. ഡോക്ടർ അവിടെ ഇല്ലേ…പുറത്ത് എവിടെയെങ്കിലും പോയതാണോ.. അതോ വീട് മാറിയോ എന്ന് അറിയാതെ അവൾ സങ്കടപ്പെട്ടു . അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.
ഒരു തേങ്ങലോടെ അവൾ അല്ലിമോളേയും
കൊണ്ട് തിരിച്ചു നടന്നു..
“അമ്മാ എന്തിനാ കരയുന്നത്..?
മല്ലിയുടെ കൈ പിടിച്ചു നടക്കുന്ന മല്ലി ചോദിച്ചു. അവളും മലയാളത്തിൽ ആണ് ചോദിച്ചത്. എങ്കിലും അതിൽ തമിഴ് ഭാഷയുടെ ഈണം ഉണ്ടായിരുന്നു.
“ഒന്നും ഇല്ല ചെല്ലം.. വാ നമുക്ക് നടക്കാം.. ” കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണീർ തുടച്ചുകൊണ്ട് മല്ലി പറഞ്ഞു
“ഇവിടെ എന്തിനാ വീണ്ടും വന്നത്..? നമ്മൾ ഇനി എവിടെക്കാ പോകുന്നത്..?”
“അമ്മാക്ക് അറിയില്ല മോളെ.. നമുക്ക് എവിടെ എങ്കിലും പോകാം. ”
അതും പറഞ്ഞു അവൾ മെല്ലെ നടന്നു. അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പുറത്ത് റോഡിലേക്ക് ഇറങ്ങിയപ്പോൾ അതുവഴി വന്ന ആളോട് അവൾ ചോദിച്ചു.
“ഒരു നിമിഷം നിൽക്കണേ… ഇവിടെ താമസിച്ചിരുന്ന ഡോക്ടർ ഇപ്പോൾ ഇവിടെ അല്ലേ താമസം.. ”
“ഓഹ്!! ഡോക്ടർ സോമശേഖരനോ. അദ്ദേഹം വീട് മാറി പോയിട്ട് കുറേ ആയല്ലോ..?”
അയാൾ പറഞ്ഞു. അത് കേട്ട് മല്ലിക്ക് ആകെ എന്തോ പോലെ ആയി. എങ്കിലും അവൾ ചോദിച്ചു.
“കുറേ എന്ന് പറഞ്ഞാൽ..?”
“കുറേ എന്ന് പറഞ്ഞാൽ…. ഒരു അഞ്ചാറു മാസം ആയിക്കാണും.”. അയാൾ വീണ്ടും പറഞ്ഞു.
“എവിടെക്കാ പോയത് എന്ന് അറിയാമോ..?” മല്ലി വീണ്ടും ചോദിച്ചു.
“അത് ! ഇവിടെ നിന്ന് കുറച്ചു ദൂരെയാ.. അദ്ദേഹത്തിന്റെ പഴയ വീട്ടിൽ. അത് പുതുക്കി പണിതു ഇപ്പോൾ അവിടെയാ താമസം. മാത്രമല്ല ഇപ്പോൾ അദ്ദേഹം ആരേയും നോക്കാറില്ല. വലിയ എന്തോ ഓപ്പറേഷൻ കഴിഞ്ഞെന്നോ വിശ്രമത്തിലാണെന്നോ മറ്റോ പറയുന്നത് കേട്ടു..? ”
അത് കേട്ട് മല്ലിക്ക് വീണ്ടും സങ്കടം ആയി. താൻ കേട്ടത് ശരിയാണെന്ന്
അവൾക്ക് ഉറപ്പായി.. താൻ കാരണം ആണല്ലോ ഡോക്ടർക്ക് ഇങ്ങനെയൊക്കെ സഹിക്കേണ്ടി വന്നത് എന്ന ചിന്ത കുറച്ചൊന്നുമല്ല അവളെ വേദനിപ്പിച്ചത്.
അന്ന് ആ വൈകുന്നേരം താൻ ഇവിടെ വന്നില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇതിന്റെ ഒന്നും ആവശ്യം ഉണ്ടാകുമായിരുന്നില്ല. എല്ലാം താൻ കാരണമാ. ആ കാലിൽ പിടിച്ചു മാപ്പ് പറയാതെ തനിക്കു സമാധാനം കിട്ടില്ല അവൾ മനസ്സിൽ പറഞ്ഞു. പിന്നെ
വീണ്ടും അയാളോട് ചോദിച്ചു.
“എനിക്ക് അവിടേക്കുള്ള വഴി പറഞ്ഞു തരാമോ..?”
“അത് ഇവിടെ നിന്ന് കുറേ ഉണ്ട്. നടന്നു പോയാൽ ഒരുപാട് സമയം എടുക്കും അവിടെ എത്താൻ. ഒരു ഓട്ടോയിൽ പോകുന്നതാ നല്ലത്.. ഓട്ടോക്കാരനോട് പറഞ്ഞാൽ അവർ അവിടെ നിങ്ങളെ എത്തിച്ചുതരും. ”
അയാൾ പറഞ്ഞു തീരുമ്പോഴേക്കും അതുവഴി വന്ന ഓട്ടോയുടെ മുന്നിൽ അവൾ കൈനീട്ടി. അവിടെ വന്നു നിർത്തിയ ആ ഓട്ടോയുടെ ഡ്രൈവറോട് അയാൾ പറഞ്ഞത് അനുസരിച്ചു അയാൾ അവരെ ഡോക്ടർ സോമശേഖരന്റെ വീടിന്റെ മുന്നിൽ കൊണ്ടുപോയിവിട്ടു.
അതു ഒരു പഴയ ഇടത്തരം വീട്. വലിയ വീട് തന്നെ ആയിരുന്നു അതും . എങ്കിലും കണ്ടാൽ പഴയ രീതിയിൽ ഉള്ള പുതിയ വീട് ആണെന്നെ ആരും പറയൂ..
ടൗണിൽ നിന്നും അകന്ന് ഒരു ഗ്രാമത്തിൽ ആണെന്ന് മാത്രം. അവിടെ ഇറങ്ങിയ മല്ലി അല്ലിമോളുടെ കൈയും പിടിച്ചു ആ വീട്ടിലേക്ക് നടന്നു. ആ വീട്ടിൽ എത്തിയ മല്ലി അവിടെ കണ്ട കോളിങ് ബെൽ അടിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ ആ വീടിന്റെ വാതിൽ മെല്ലെ തുറന്നു ഒരു സ്ത്രീ പുറത്തേക്ക് വന്നു . പുറത്ത് വന്ന ആളെ മല്ലിക്ക് മനസ്സിലായില്ല. അങ്ങനെ
ഒരാളെ ഡോക്ടറുടെ പഴയ വീട്ടിൽ മല്ലി കണ്ടിരുന്നില്ല..
അവൾ മെല്ലെ ചോദിച്ചു.
“ഡോക്ടർ. സാർ..?”
“ആരാ. എവിടുന്നാ…. എന്താ വേണ്ടത്..?” ആ സ്ത്രീ തിരിച്ചു ചോദിച്ചു.
“ഡോക്ടർ സാറിനെ കാണണം… സാറിനെ കാണാൻ വന്നതാ..” മല്ലി പറഞ്ഞു.
“അതിന് സാർ ഇപ്പോൾ പേഷ്യൻസിനെ നോക്കാറില്ല.. പിന്നെ നിങ്ങൾ എന്തിനാ ഇവിടേക്ക് വന്നത്.”
