ആ സമയം ഡോക്ടർ മെല്ലെ മല്ലിയോട് ചോദിച്ചു.
“മല്ലി. നിനക്ക് ഇപ്പോഴും എന്നോട് വെറുപ്പാണോ മല്ലി..?”
വിറയാർന്ന ശബ്ദത്തോടെയുള്ള
ഡോക്ടറുടെ ആ ചോദ്യം അവളെ വീണ്ടും ഒരു കരച്ചിലിന്റെ വാക്കോളം എത്തിച്ചു. അവൾ ഇപ്പോൾ പൊട്ടിക്കരയും എന്ന അവസ്ഥയിൽ ആയി.
അവൾ മെല്ലെ ഇരുവശത്തേക്കും തലയാട്ടി ‘അല്ല’ എന്ന് ആംഗ്യം കാണിച്ചു. അങ്ങനെ കാണിക്കാൻ അല്ലാതെ അല്ലെന്ന് തുറന്ന് പറയാൻ അവൾക്ക് കഴിഞ്ഞില്ല. അത് ഒരു നിമിഷം ഡോക്ടറുടെ ഉള്ളിൽ വലിയൊരു പേമാരി പെയ്തു തോർന്ന പോലെ തോന്നി.
” നീ ഒന്നു വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മോഹിച്ചിരുന്നു..”
അങ്ങനെ പറഞ്ഞു ഒന്ന് നിർത്തിയ ശേഷം അൽപ്പം ഭയത്തോടെ ഡോക്ടർ ചോദിച്ചു
“മല്ലി. കുറച്ചു ദിവസമെങ്കിലും നിനക്ക് ഇവിടെ കഴിയമോ.. ?'”
ഡോക്ടറുടെ ചോദ്യം കേട്ട് നിറക്കണ്ണുകളോടെ ഡോക്ടറെ നോക്കിയതല്ലാതെ മല്ലി മറുത്തൊന്നും പറഞ്ഞില്ല. അപ്പോൾ ഡോക്ടർ വീണ്ടും പറഞ്ഞു.
“മല്ലി… മനസ്സുകൊണ്ടോ വാക്കുകൊണ്ടോ എന്തിന് ഒരു നോട്ടം കൊണ്ടോ പോലും ഞാൻ നിന്നെ വേദനിപ്പിക്കില്ല.
എന്റെ വിരലിന്റെ തുമ്പ് കൊണ്ടുപോലും ഞാൻ നിന്നെ തൊടില്ല. നിന്റെ അടുത്തേക്ക് പോലും ഞാൻ വരില്ല . കുറച്ചു ദിവസം എങ്കിലും നിനക്ക് ഇവിടെ
കഴിഞ്ഞൂടെ..? എനിക്ക് എന്റെ മക്കളെയെങ്കിലും കണ്ണുനിറയെ ഒന്ന് കാണാൻ നീ എന്നെ അനുവദിക്കുമോ മല്ലി. പ്ലീസ് മല്ലി.”
ഡോക്ടറുടെ ഹൃദയം സങ്കടം കൊണ്ട് പൊട്ടിയൊഴുകി . അതിന്റെ വേദന കണ്ണുനീരായി പുറത്തേക്ക് വന്നു. ഡോക്ടർ വീണ്ടും പറഞ്ഞു
“എന്റെ മോളെ കണ്ടിട്ട് എനിക്ക് മതിയാകുന്നില്ല മല്ലി . അല്ലിമോളെയും ഞാൻ മോളായി തന്നെയാ കാണുന്നത്.
എന്റെ രണ്ടു മക്കളേയും എനിക്ക് ഇനിയും കാണണം. അവർക്ക് വേണ്ടി ജീവിക്കണം. അങ്ങനെ എങ്കിലും നിന്നോട് ഞാൻ ചെയ്ത പാപത്തിനുള്ള പ്രായശ്ചിതം ചെയ്യാൻ നീ എന്നെ അനുവദിക്കണം. അല്ലെങ്കിൽ ഈ ഈ ജന്മത്തിൽ ഒരിയ്ക്കലും മനസ്സമാധാനം കിട്ടില്ല.”
അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ വീണ്ടും ഒന്ന് നിർത്തി
“ഞാൻ നിന്റെ കാല് പിടിക്കാം മല്ലി.
നീ എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിച്ചോളു. എന്നിട്ടായാലും നീ.. നീ. എന്നോട് ക്ഷമിക്കില്ലേ മല്ലി. നീ എനിക്ക് മാപ്പ് തരില്ലേ മല്ലി .” അതും പറഞ്ഞു ഡോക്ടർ മല്ലിയുടെ കാലിലേക്ക് വീണു.
ഡോക്ടർ അങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിക്കാത്ത മല്ലിക്ക് അത് തടയാൻ ആയില്ല. മല്ലി ഒരുനിമിഷം സ്തംഭിച്ചു നിന്നു പോയി. എങ്കിലും കാര്യം മനസ്സിലാക്കിയ മല്ലി വേഗം ഡോക്ടറുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“അയ്യോ.. ഇന്തമാതിരി ഒന്നും പണ്ണാതീങ്ക സാർ.. ഇപ്പടി ഓരോന്ന് പണ്ണി എന്നെ ജീവനോടെ എരിച്ചു പോട്ടിടാതീങ്ക സാർ”
പെട്ടന്ന് വന്ന തായ്മൊഴി ആയ തമിഴിൽ ആണ് മല്ലി ആദ്യം പറഞ്ഞത്.
പിന്നെ ഡോക്ടറെ പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ട് മല്ലി പറഞ്ഞു.
“ഇങ്ങനെ ഒന്നും കാണിക്കല്ലേ സാർ എഴുനേൽക്ക് സാർ..
ഞാനാ സാറിന്റെ കാല് പിടിച്ചു മാപ്പ് പറയേണ്ടത്. എന്നോടാ സാർ ക്ഷമിക്കേണ്ടത്. എനിക്കാ സാർ മാപ്പ് തരേണ്ടത്.”
പെട്ടന്ന് ഡോക്ടർ അവിടെ മലർന്ന് കിടന്നു. ഡോക്ടറുടെ മൂക്കിൽ നിന്നും മെല്ലെ ചോര ഒഴുകി വരുന്നുണ്ടായിരുന്നു.
അത് കണ്ട മല്ലി ആ വീട് തന്നെ കുലുങ്ങുമാറു ഇടനെഞ്ച് പൊട്ടുന്ന വേദനയിൽ ഉച്ചത്തിൽ അലറി വിളിച്ചു കരഞ്ഞു.
“അയ്യോ…. സാറേ .”
മല്ലിയുടെ അലറിയുള്ള കരച്ചിൽ കേട്ട് കട്ടിലിൽ കിടന്നുറങ്ങുന്ന കൊച്ചു കല്ലു മോളും എഴുന്നേറ്റു കരഞ്ഞു. അത് കേട്ട ശ്രീജയും അല്ലിമോളും അവിടേക്ക് ഓടി വന്നു.
കാര്യം മനസ്സിലാക്കിയ ശ്രീജ വേഗം ഡോക്ടറുടെ പ്രൈവറ്റ് ഡ്രൈവറെ വിളിച്ചു കാര്യം പറഞ്ഞു. നിമിഷ നേരം കൊണ്ട് അവിടേക്ക് ആംബുലൻസ് പാഞ്ഞുവന്നു. അപ്പോഴേക്കും ശ്രീജ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു.
ശ്രീജ ആംബുലൻസിൽ കയറി. . ആംബുലൻസ് ശരവേഗം ഹോസ്പിറ്റലിലേക്ക് ഡോക്ടറേയും കൊണ്ട് കുതിച്ചു .. മല്ലിയേയും കല്ലു മോളേയും അല്ലിമോളെയും കൊണ്ട് അതിന്റെ പിറകിൽ തന്നെ ഡോക്ടറുടെ കാറും ഹോസ്പിറ്റലിലേക്ക് കുതിച്ചു.
