സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

അത് കഴിഞ്ഞും എന്തെങ്കിലും വേണമെങ്കിൽ ഇവിടെ വന്നു പറഞ്ഞാൽ മതി. ഞങ്ങൾ അയാളെ അറിയിച്ചോളാം.”

“വേണ്ട സാർ.. ഒന്നും വേണ്ട.. ഞങ്ങൾക്ക് ഒന്ന് കാണാൻ പോലും പറ്റില്ലെങ്കിൽ ഞങ്ങൾക്ക് ഇനി ഒരു സഹായവും വേണ്ട.. ഞങ്ങൾ എവിടെയെങ്കിലും പോയിക്കൊള്ളാം.” മല്ലി സങ്കടത്തോടെയും അൽപ്പം നീരസത്തോടെയും പറഞ്ഞു.

“അങ്ങനെ പറയരുത് മല്ലിക.. അയാൾ ഒരു പാവം ആണ്.

അയാൾ ആരെങ്കിലും സഹായിച്ചാൽ അത് ആരോടും പറയുന്നത് അയാൾക്ക് ഇഷ്ടം അല്ല.

നിങ്ങളെ സഹായിക്കാൻ മുൻപോട്ട് വന്നപ്പോഴും അയാൾ ഞങ്ങളോട് പറഞ്ഞത് അതാണ്.

അയാളാണ് നിങ്ങളെ സഹായിക്കുന്നത് എന്ന് ആരും അറിയരുത് എന്ന് . പിന്നെ ഞങ്ങൾ എന്ത് ചെയ്യും.. ”

അതും പറഞ്ഞു ആ ഡോക്ടർ തിരിച്ചു പോയി. മല്ലി വലിയ ആശയകുഴപ്പത്തിൽ ആയി.

തങ്ങളെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ആ അദൃശ്യനായ മനുഷ്യനെ കുറിച്ച് മല്ലി ഒരുപാട് അന്വേഷിച്ചെങ്കിലും, ഡോക്ടറുടെ കർശനമായ നിർദ്ദേശമുള്ളതിനാൽ ആശുപത്രി ജീവനക്കാർ ആരും ഒന്നും പറഞ്ഞില്ല.

മല്ലി ഡിസ്ചാർജ് ഷീറ്റ് കൗണ്ടറിൽ ഏൽപ്പിച്ച് തിരിച്ചുവരുമ്പോൾ തന്റെ റൂമിനടുത്ത് നിന്ന് രണ്ടു സിസ്റ്റർമാർ സംസാരിക്കുന്നത് അവൾ കേട്ടു. അവർ തങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയ മല്ലി ഒളിച്ചു നിന്ന് അവർ സംസാരിക്കുന്നത്

കേട്ടു. അതിൽ ഒരു സിസ്റ്റർ ഇപ്രകാരം പറഞ്ഞു

“നീ അറിഞ്ഞില്ലേ!!!? , ആ മല്ലിയുടെ മകൾക്ക് സ്വന്തം കരൾ പകുത്തു നൽകിയത് നമ്മുടെ ഡോക്ടർ സോമശേഖരൻ സാറാണത്രേ! അവരുടെ മുഴുവൻ ചികിത്സാ ചിലവുകൾ നോക്കിയതും സാറാണ്…”

ആ വാക്കുകൾ കേട്ടതും മല്ലി ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയി.

“അത് നീ ഇപ്പോൾ ആണോ അറിയുന്നത്. ഇവിടെ പലർക്കും അത് അറിയാം. പക്ഷേ ആരും ആരോടും ഒന്നും പറയില്ല. സാർ അങ്ങനെയാണ്. സാർ പലരെയും സഹായിച്ചിട്ടുണ്ട്. എന്നാൽ അത് പറഞ്ഞു നടക്കുന്നത് സാറിന് ഇഷ്ടമല്ല.”

അങ്ങനെ പറഞ്ഞശേഷം ആ സിസ്റ്റർ ഒന്ന് നിർത്തി. പിന്നെ വീണ്ടും പറഞ്ഞു

” നിനക്കറിയോ എന്റെ അനിയത്തി മെഡിസിന് പഠിക്കുന്നത് തന്നെ ആ സാറിന്റെ കാരുണ്യത്തിൽ മാത്രമാണ്. അവൾ പഠനം പൂർത്തിയാക്കി സാറിന്റെ കീഴിൽ ജോലി ചെയ്യണം. അതാണ് എന്റെയും അവളുടെയും ആഗ്രഹം . ” ഒരു നിമിഷം നിർത്തിയ ശേഷം അവർ വീണ്ടും തുടർന്നു

” പിന്നെ മറ്റൊന്നും കൂടെയുണ്ട്. അതാണ് ഏറ്റവും പ്രധാനം. ആ പാവം ഡോക്ടർ സാറിനെ മുൻപ് ജയിലിൽ കയറ്റിയത് ഇവൾ ഒരുത്തിയാണ്. എന്നിട്ടും സാർ ഒരു മടിയും കൂടാതെ തന്റെ കരൾ പോലും അവളുടെ മകൾക്ക് പകുത്തു നൽകി.

അന്ന് സാർ ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കിടന്നത്. സാർ ഒരിക്കലും ആരോടും ഒരു തെറ്റും ചെയ്യില്ല. ഇത്രയും നല്ലൊരു മനുഷ്യനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ”

” ആണോ…! ഇതൊക്കെ ഇവിടെ എല്ലാവർക്കും അറിയാമോ..? ” ആദ്യം സംസാരിച്ച സിസ്റ്റർ വിശ്വസിക്കാൻ ആവാതെ വീണ്ടും ചോദിച്ചു.

“പിന്നെ

അറിയാതെ. ഇവിടെ പലർക്കും എല്ലാം അറിയാം.. എന്നാൽ അതൊന്നും പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കരുത് ഇന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. മാത്രമല്ല അവരുടെ ഇനിയങ്ങോട്ടുള്ള ചികിത്സയും ഡോക്ടർ തന്നെ ഏറ്റെടുത്തിട്ടുണ്ട്. ”

“അപ്പോൾ അന്ന് സംഭവിച്ചത് എന്താ. എന്തിനാ ഡോക്ടർ ജയിലിൽ പോയത്..?”

” ഡോക്ടർ ജയിലിൽ പോയത് അവരുടെ ഭർത്താവിന്റെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടാ.

എന്നാൽ അന്ന് ഡോക്ടർക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. ഇത് ഡോക്ടറെ ആരോ മനപ്പൂർവ്വം ചതിച്ചതാ . പക്ഷേ നമ്മുടെ ഡോക്ടർ ഒരു പാവം ആയതുകൊണ്ട് ആ കുറ്റം ഡോക്ടർ ഏറ്റെടുത്തു. അത്രയേ ഉള്ളൂ. ”

ഇതൊക്കെ കേട്ട് മല്ലിയുടെ തല പെരുത്തു. കൈകാലുകൾ വിറച്ചു . അവൾക്ക് വല്ലാത്ത ദാഹം തോന്നി. തൊണ്ട വറ്റി വരണ്ടത് പോലെ .. അവൾ മെല്ലെ നടന്നു തന്റെ റൂമിലേക്ക് കയറി. താൻ ചെയ്തത് വലിയൊരു തെറ്റായിപ്പോയോ എന്നവൾക്ക് സംശയമുണ്ടായി. അവൾക്കതിൽ വേദന തോന്നി.

തന്നെയും മക്കളെയും ആത്മഹത്യയുടെ അരികിൽ നിന്ന് രക്ഷിച്ചതും, തന്റെ മകൾക്ക് ജീവൻ നൽകിയതും താൻ അത്രയേറെ വെറുത്ത ആ മനുഷ്യനാണെന്ന തിരിച്ചറിവ് അവളെ സങ്കടക്കടലിലാഴ്ത്തി.

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *