പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ഡോക്ടർക്ക് ഒന്നും സംഭവിച്ചില്ല. എങ്കിലും ഒരാഴ്ചയോളം ഡോക്ടർക്ക് ഹോസ്പിറ്റൽ തന്നെ കഴിയേണ്ടി വന്നു. ആ സമയം മുഴുവൻ മല്ലി ഡോക്ടറുടെ ജീവന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഡോക്ടറുടെ അരികിൽ നിന്നും മാറിയതേയില്ല. ഡോക്ടർ പറയാതെ തന്നെ ഡോക്ടർക്ക് വേണ്ടി എന്തും ചെയ്തുകൊടുക്കാൻ മല്ലി മുന്നിൽ തന്നെ നിന്നു.
ഒരാഴ്ച കഴിഞ്ഞ് ഡോക്ടറുടെ വീട്ടിൽ.
ഡോക്ടർ തന്റെ മുറിയിലെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു. കല്ലുമോൾ അവിടെയുള്ള കട്ടിലിൽ കിടന്ന് ഉറങ്ങുന്നുണ്ട്.
ആ സമയത്താണ് മല്ലിയുടെ സാരിത്തുമ്പിൽ
പിടിച്ച് അല്ലിമോൾ അങ്ങോട്ട് വന്നത്.
സോമശേഖരൻ കൈകൾ നീട്ടി അല്ലിമോളെ അടുത്തേക്ക് വിളിച്ചു. അവൾ പേടിയോടെ മല്ലിയുടെ മുഖത്തേക്ക് നോക്കി.
“പൊയ്ക്കോളൂ…’ മല്ലി ശബ്ദമില്ലാതെ ചുണ്ടനക്കി കണ്ണുകളാൽ അനുവാദം നൽകി. അല്ലിമോൾ മെല്ലെ ഡോക്ടറുടെ അടുത്തേക്ക് പോയി.
ഡോക്ടർ സോമശേഖരൻ അവളുടെ കുഞ്ഞുതലയിൽ വാത്സല്യത്തോടെ തലോടി, ഒരച്ഛൻ തന്റെ മക്കളോട് കാണിക്കുന്ന അതേ വാത്സല്യത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു. എന്നിട്ട് മെല്ലെ ചോദിച്ചു.
“എന്താ മോളുടെ പേര്.?” ഡോക്ടർക്ക് അല്ലി മോളുടെ പേര് അറിയാമെങ്കിലും വെറുതെ ഒരു കുശാലം ചോദിച്ചു.
” അല്ലി. അല്ലിമോൾ . ” അവൾ മെല്ലെ പറഞ്ഞു
“മോൾക്ക് സുഖമാണോ? ഡോക്ടർ വീണ്ടും ചോദിച്ചു.
“ഉം. ” അല്ലി മോള് മൂളി. അതിന് ശേഷം. മെല്ലെ ചോദിച്ചു.
” അങ്കിളിനു ഇപ്പോൾ വേദനയുണ്ടോ..? ”
ആ ചോദ്യം കേട്ട് ഡോക്ടർക്ക് സങ്കടം വന്നു. ആ സങ്കടം മനസ്സിലാക്കിയ മല്ലി മോളെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു.
“മോളെ. അങ്കിൾ അല്ല. അച്ഛൻ. അങ്ങനെയേ വിളിക്കാവൂ. ഇത് മോളുടെ അച്ഛനാണ്. മോളുടെ അപ്പ. മോളുടെ ജീവൻ രക്ഷിച്ച മോളുടെ അച്ഛൻ. അച്ഛൻ എന്നേ വിളിക്കാവൂ.”
അങ്ങനെ പറഞ്ഞ ശേഷം മല്ലി അല്ലിമോളോട് ചോദിച്ചു.
” മോളുടെ ആരാണെന്ന അമ്മ പറഞ്ഞത്….? ”
“അച്ഛൻ ” അല്ലിമോൾ മെല്ലെ പറഞ്ഞു. അത് കേട്ട് ഡോക്ടർക്ക് ഒരുപാട് സന്തോഷം ആയി. മല്ലി വീണ്ടും പറഞ്ഞു.
“എന്നാൽ ഇനി മോള് അങ്ങനെ വിളിച്ചേ. അച്ഛൻ കേൾക്കെട്ടെ മോള് ‘അച്ഛാ ‘ എന്ന് വിളിക്കുന്നത്..”..
മല്ലി പറഞ്ഞത് പോലെ അല്ലി
മോള് ഡോക്ടറുടെ അടുത്ത് പോയി ഡോക്ടറെ വിളിച്ചു.
“അച്ഛാ..”
സന്തോഷം സഹിക്കാനാവാതെ ഉള്ളിന്റെ ഉള്ളിൽ നിന്ന് ഒഴുകിവന്ന സ്നേഹത്തോടെ ഡോക്ടർ അല്ലിമോളെ കെട്ടിപിടിച്ചു. അല്ലിമോളുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. ആ സമയം
“അല്ലിമോളെ ഇങ്ങ് വന്നേ ” ശ്രീജ അല്ലി മോളെ വിളിച്ചു.
“ദാ വരുന്നു ശ്രീജാമ്മേ ” എന്ന് പറഞ്ഞ ശേഷം അല്ലി മോൾ ഡോക്ടറോട് പറഞ്ഞു.
“അച്ഛാ. ശ്രീജാമ്മ വിളിക്കുന്നു. ഞാൻ വേഗം പോയി വരാമേ.”
ഡോക്ടർ അല്ലി മോളുടെ ഇരു കവിളിലും ഉമ്മ വെച്ചിട്ട് അവളെ നോക്കി ചിരിച്ചു. അല്ലി മോൾ സന്തോഷത്തോടെ ഓടി പുറത്തേക്ക് പോയി. കുറച്ചു സമയം അല്ലിമോൾ ഓടിപ്പോയ വാതിൽക്കലേക്ക് നോക്കി ഇരുന്ന ശേഷം ഡോക്ടർ പറഞ്ഞു
“മല്ലി. നിന്നെ കാണണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു . നിന്നോട് ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം എന്നും . പക്ഷെ ഒന്നും സാധിച്ചില്ല. എന്നാൽ നീ ഇപ്പോൾ അല്ലിമോളെ കൊണ്ട് എന്നെ ‘ അച്ഛാ ‘ എന്ന് വിളിപ്പിച്ചപ്പോൾ എനിക്ക് മനസ്സിലായി. നീ എന്നോട് ക്ഷമിച്ചെന്ന്.. എന്നാലും നിന്റെ ഈ സാർ എന്നുള്ള വിളി കേൾക്കുമ്പോൾ എന്തോ ഒരു വിഷമം. നിനക്ക് ഈ സാർ എന്നുള്ള വിളി ഒന്ന് മാറ്റിക്കൂടെ. ”
“അത് തന്നെയാ സാറേ ഞാനും ഇവളോട് പറയുന്നത്. മക്കൾ അച്ഛാ എന്ന് വിളിക്കുന്ന ആളെ അമ്മ സാറേ എന്ന് വിളിക്കുന്നത് മോശം അല്ലേ..? ആളുകൾ കേട്ടാൽ എന്ത് കരുതും എന്നെങ്കിലും ഇവൾ ഓർക്കേണ്ടേ..?”
അവിടേക്ക് കുടിക്കാനുള്ള വെള്ളവുമായിവന്ന ശ്രീജയാണ് ചിരിയോടെ അത് പറഞ്ഞത്..അതിനു ശേഷം ശ്രീജ
പറഞ്ഞു.
“സാറേ മോള് വിളിച്ചിരുന്നു.. അവൾക്ക് വിശേഷം ഉണ്ടെന്ന്..”
“ആർക്ക്. ദേവി മോൾക്കോ.?” ഡോക്ടർ സന്തോഷത്തോടെ ചോദിച്ചു.
