“ഇതിലേ..” എന്ന് പറഞ്ഞു ശ്രീജ അവരേയും കൊണ്ട് മറ്റൊരു റൂമിലേക്ക് പോയി. അവിടെ ഒരുപാട് ബുക്കുകൾ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. മിനിമം വലിയ റൂം തന്നെ ആയിരുന്നുഅത്.
ആ റൂമിന്റെ ഒരു മൂലയിൽ ഒരു ചാരു കസേരയിൽ ചാരി ഇരിക്കുകയായിരുന്നു ഡോക്ടർ സോമ ശേഖരൻ. കൈയിൽ എന്തോ വലിയ പുസ്തകവും ഉണ്ട്..
നെഞ്ചുനിറയെ സ്നേഹവും നന്ദിയും
കുറ്റബോധംവും നിറഞ്ഞ മനസ്സോടെ, ഡോക്ടറുടെ മുന്നിൽ വന്നുനിൽക്കുമ്പോൾ അവളുടെ കണ്ണുകൾ പെയ്യാൻ വെമ്പുന്ന കാർമേഘം പോലെയായിരുന്നു. അവൾ മെല്ലെ തന്റെ മുഖം ഉയർത്തി ഡോക്ടറെ നോക്കി.
ഡോക്ടർ മെല്ലെ അവിടെ നിന്ന് എഴുന്നേറ്റു കൈയിലെ ബുക്ക് അവിടെ വെച്ച ശേഷം മല്ലിയെ നോക്കി എന്നാൽ നിറക്കണ്ണുകളോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ശക്തിയില്ലാതെ തല കുനിച്ചു നിൽക്കുന്ന മല്ലിയെ അങ്ങനെ നോക്കാൻ ഡോക്ടർക്കും കഴിഞ്ഞില്ല.
ഡോക്ടർ ശ്രീജയോട് മെല്ലെ ചോദിച്ചു .
“ശ്രീജേ ഇവർക്ക് എന്തെങ്കിലും കുടിക്കാൻ കൊടുത്തോ..?”
“ഇല്ല സാർ ഇപ്പോൾ കൊടുക്കാം .” ശ്രീജ പറഞ്ഞു.
“എന്നാൽ നീ പോയി ഇവർക്ക് കഴിക്കാനും കുടിക്കാനും എന്തെങ്കിലും കാര്യമായിത്തന്നെ എടുത്തു വെക്ക്. രണ്ടു പേർക്കും വിശക്കുന്നുണ്ടാകും. ”
അങ്ങനെ പറഞ്ഞു ഒരു നിമിഷം നിർത്തിയ ശേഷം ഡോക്ടർ വീണ്ടും ശ്രീജയോട് പറഞ്ഞു..
” പിന്നെ ഇവർക്ക് വിശ്രമിക്കാൻ ഒരു മുറിയും തയ്യാറാക്കി കൊടുക്ക്. ഇവർ ഒരുപാട് ദൂരെ നിന്ന് വന്നതല്ലേ ക്ഷീണം കാണും. ”
ഡോക്ടർ പറഞ്ഞത് കേട്ട് മല്ലി ഡോക്ടറെ നോക്കി. എങ്കിലും ആ കണ്ണുകളെ നേരിടാൻ അവൾക്ക് വല്ലാത്ത വിഷമം തോന്നി.
ശ്രീജ ഒരു നിമിഷം മൂന്ന് പേരേയും മാറി മാറി നോക്കി. അതിന് ശേഷം ആ മുറിയിൽ നിന്നും പുറത്തേക്ക് പോയി. അപ്പോഴേക്കും മല്ലിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തുളുമ്പി അത് അവളുടെ കവിളുകൾ വഴി ഒഴുകിയിറങ്ങി .
അതുകണ്ട് ഡോക്ടറുടെ ഹൃദയം പിടഞ്ഞു. ഡോക്ടർ മെല്ലെ മല്ലിയുടെ അടുത്തേക്ക് നടന്നു. അവളുടെ ആ കണ്ണുനീർ തുടച്ചുകൊടുക്കാനായി ഡോക്ടറുടെ ഹൃദയം തുടിച്ചു. അയാൾ
തന്റെ കൈ മെല്ലെ ഉയർത്തി എന്നാൽ ഡോക്ടറുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടർ ആ ശ്രമം വേണ്ടെന്ന് വെച്ചു.
ഇടറുന്ന ശബ്‍ദത്തോടെ തുടിക്കുന്ന ഹൃദയവുമായി ഡോക്ടർ മെല്ലെ അവളെ വിളിച്ചു.
“മല്ലി…”
“ഉം. ” അവൾ ഒന്ന് മൂളി. അതിന് ശേഷം അവൾ തന്റെ കണ്ണുനീർ തുടച്ചു.
ഡോക്ടർ വീണ്ടും പറഞ്ഞു.
” മല്ലി…. നീ ഇവിടെ എന്നെ തേടി വരും എന്ന് എനിക്ക് ഉറപ്പുണ്ടയിരുന്നു . ഞാൻ അങ്ങനെ വിശ്വസിച്ചിരുന്നു.. ”
അങ്ങനെ പറഞ്ഞ ശേഷം ഒരു നിമിഷം കഴിഞ്ഞു ഡോക്ടർ വീണ്ടും പറഞ്ഞു.
” മല്ലി നീ ഇപ്പോൾ ഇവിടെ വന്നത് എന്നെ കാണാനോ!. അതോ നമ്മുടെ മോളെ തിരിച്ചു കൊണ്ട് പോകാനോ..?”
ഡോക്ടറുടെ ആ ചോദ്യം കേട്ടതും മല്ലി ഞെട്ടിപ്പോയി. ഡോക്ടർ പറഞ്ഞ ‘നമ്മുടെ മോൾ ‘ എന്ന വാക്ക് അവളുടെ ഹൃദയത്തിൽ ആണി തറയ്ക്കും തറച്ചു നിന്നു .
പിന്നെ താൻ ഉപേക്ഷിച്ചുപോയ മകളെ സ്വന്തമാക്കാൻ തനിക്കിനി എന്ത് അവകാശമാണുള്ളത്. ഉണ്ടെങ്കിൽ തന്നെ ഡോക്ടർ ഇനി അവളെ തനിക്ക് തരുമോ..
ആ ചോദ്യത്തിന് മറുപടിയായി അവൾ
കരയുകയാണ് ചെയ്തത്. അവളുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയപോലെ ആയിരുന്നു അവളുടെ മുഖം . അവൾ രണ്ടു കൈകൊണ്ടും മുഖം പൊത്തി പൊട്ടിക്കരഞ്ഞു. അവളുടെ ഇടനെഞ്ച് തകരുന്ന വേദന ആ മുറിയിലാകെ പടർന്നു.
“കരയാതെ മല്ലി. നീ കരഞ്ഞാൽ നമ്മുടെ മോളും കരയും. ”
അതും കൂടെ കേട്ടതോടെ അവളുടെ കരച്ചിൽ കുറച്ചുകൂടെ ഉച്ചത്തിൽ ആയി. ഡോക്ടറുടെ നെഞ്ചിൽ ചാരിക്കിടന്നു തന്റെ സങ്കടം മാറും
വരെ കരയാൻ പോലും അവൾ ആഗ്രഹിച്ചു.
വിറയാർന്ന കൈകളാൽ ഡോക്ടർ അവളുടെ തോളിൽ മെല്ലെ സ്പർശിച്ചു. അവളെ തന്റെ മാറോടു ചേർത്ത് ആശ്വസിപ്പിക്കാൻ ഡോക്ടറും കൊതിച്ചു.
എന്താ ഇവിടെ നടക്കുന്നത്. എന്തിനാ തന്റെ അമ്മ കരയുന്നത് എന്ന് അറിയാതെ അല്ലിമോളുടെ കൊച്ചു ഹൃദയം തേങ്ങി. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി.
