ഡോക്ടർ ഒരു നിമിഷം നിർത്തിയ ശേഷം അവളെ നോക്കി വീണ്ടും പറഞ്ഞു.
“പക്ഷെ! നീ കരുതുംപോലെ ഒന്നുമല്ല മല്ലി… അദ്ദേഹത്തെ ഒരിക്കൽ കാണാൻ തന്നെ പത്തു രണ്ടായിരം രൂപയാകും. പിന്നെ അവിടുത്തെ ചികിത്സ, താമസം, മരുന്ന്, പിന്നെ ഡോക്ടറുടെ ഫീസ്… അത് തന്നെ വരും ഒരുപാട്. ഇനി ഓപ്പറേഷൻ നടത്തണം എങ്കിൽ അതിന് ലക്ഷങ്ങൾ തന്നെ വേണം. ഒന്നും രണ്ടും അല്ല, പത്തും ഇരുപത്തിയഞ്ചും ലക്ഷമാകും!”
” അവ്വളവാ…!!”
മല്ലികയുടെ തൊണ്ടയിടറി. നെഞ്ചുപൊട്ടുന്ന വേദനയോടെ അവൾ പറഞ്ഞു
“അവ്വളവാ… അവ്വളവൊണ്ണും എൻ കയ്യിൽ ഇല്ലൈ സാർ.
ഇങ്കെ ഇരുന്തതെല്ലാം വിത്തു താൻ ഇന്ത അളവുക്ക് വന്നേൻ… അത് നാൻ എപ്പടി…”
അവളുടെ ദയനീയത കണ്ട് ഡോക്ടർ ശബ്ദം താഴ്ത്തി പറഞ്ഞു:
“മല്ലി… ആകെ ഒരു പ്രതീക്ഷയുള്ള കാര്യം പറയട്ടെ? ഡോക്ടർ സോമശേഖരനെക്കുറിച്ച് ഞാൻ കേട്ടത്, അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണെന്നാ . ഒരുപാട് പേരെ അദ്ദേഹം ഇതിനകം തന്നെ സഹായിച്ചിട്ടുമുണ്ട് എന്നാ .
അതുകൊണ്ട് നീ ഒരു കാര്യം ചെയ്യ്. നീ നിന്റെ ഭർത്താവിനെയും കൊണ്ട് ആദ്യം ആ ഹോസ്പിറ്റലിൽ പോ. അവിടെ എത്തി ഭർത്താവിനെ അവിടെ അഡ്മിറ്റ് ചെയ്ത ശേഷം, ഡോക്ടറെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഒന്ന് കാണ്.
നീ നിന്റെയും മോളുടെയും ഒക്കെ സങ്കടം പറഞ്ഞു കരഞ്ഞാൽ, ഒരുപക്ഷേ അദ്ദേഹം നിന്നെ സഹായിക്കും. അദ്ദേഹം നിന്നെ സഹായിക്കാം എന്ന് ഏറ്റാൽ പിന്നെ നീ രക്ഷപ്പെട്ടു.”
ഡോക്ടർ
അവളുടെ കണ്ണുകളിലേക്ക് നോക്കി അവസാനമായി ആ വാക്കുകൾ കൂടി ഓർമ്മിപ്പിച്ചു:
” ഡോക്ടറുടെ ചിട്ടകൾ കർശനമാണ്. അതിൽ ഒരു വിട്ട് വീഴ്ച്ചയും അദ്ദേഹം അനുവദിക്കില്ല . . ഡോക്ടർ പറയുന്നത് പോലെ എല്ലാം നീ കൃത്യമായി ചെയ്താൽ നിന്റെ ഭർത്താവ് രക്ഷപ്പെടും.
ഇനി അദ്ദേഹത്തിന് മാത്രമേ നിന്നെ രക്ഷിക്കാൻ ആകൂ.
നീ അദ്ദേഹത്തിന്റെ കാല് പിടിച്ച് ഒന്ന് കരഞ്ഞു പറഞ്ഞു നോക്ക്.
ഒരു പക്ഷേ അദ്ദേഹം നിന്നെ രക്ഷിക്കും. അദ്ദേഹം വളരെ നല്ല ഒരു മനുഷ്യൻ ആണ്..
ഒരു കാര്യം പ്രത്യേകം ഓർമ്മിക്കുക. അദ്ദേഹം എന്ത് പറഞ്ഞാലും അത് അതുപോലെ അനുസരിക്കുക . അദ്ദേഹത്തിന്റെ വാക്ക് ധിക്കരിക്കുന്നവരെ പിന്നെ അദ്ദേഹം തിരിഞ്ഞു നോക്കാറില്ല. ……”
ആ വാക്കുകൾ കേട്ടപ്പോൾ മല്ലികയുടെ മനസ്സിൽ ഒരു പുതിയ ജീവൻ വെച്ചു. ഭർത്താവിനെ രക്ഷിക്കാൻ ഒരു വഴി മുന്നിലുണ്ടെന്ന ചിന്തയിൽ അവൾ ആ ഡോക്ടറോട് ഉറപ്പിച്ചു പറഞ്ഞു:
“നാൻ പണ്ണലാം സാർ… അന്ത ഡോക്ടർ സൊൽറ മാതിരി എന്ന വേണുമെങ്കിലും പണ്ണലാം സാർ… നാൻ പണ്ണലാം ! എനക്ക് എൻ പുരുഷൻ താൻ റൊമ്പ മുഖ്യം. അത്ക്കാഹ നാൻ എന്ന വേണുമെങ്കിലും പണ്ണലാം…”
ഭർത്താവിന്റെ ജീവൻ മാത്രം മനസ്സിലുള്ള മല്ലികയ്ക്ക് ‘ ഡോക്ടർ സോമശേഖരൻ’ എന്ന പേര് ഒരു വലിയ ജീവൻരക്ഷാ മന്ത്രമായിട്ടാണ് തോന്നിയത്.
പെട്ടന്ന് ഉള്ള ട്രെയിനിന്റെ ചൂളം വിളിയിൽ മല്ലി ഞെട്ടിഉണർന്നു അവളുടെ ഓർമ്മകൾ അവളെ വിട്ടകന്നു . അവൾ ചുറ്റും ഒന്ന് നോക്കി. താൻ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന തന്റെ മകളേയും.
സമയം ഒരുപാടായി. സ്റ്റേഷനിലെ
തിരക്കുകൾ പതുക്കെ ഒഴിഞ്ഞുതുടങ്ങി. പ്ലാറ്റ്‌ഫോമിലെ വിളക്കുകൾ പലതും കണ്ണടച്ചു. ചുറ്റും ഇരുട്ട് പടർന്നപ്പോൾ മല്ലി മെല്ലെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.
അവൾ അല്ലിമോളുടെ കുഞ്ഞു കൈകൾ തന്റെ കയ്യിലേക്ക് ചേർത്തുപിടിച്ചു. എന്നിട്ട് പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുള്ള ഇരുട്ടിലേക്ക്, നീണ്ടുകിടക്കുന്ന ആ റെയിൽവേ ട്രാക്കുകൾ ലക്ഷ്യമാക്കി നടന്നു.
ട്രാക്കിലെ കരിങ്കല്ലുകളിൽ തട്ടി ഇടറി വീഴാൻ ആഞ്ഞപ്പോഴും അവൾ മകളെ കൂടുതൽ ദൃഢമായി പിടിച്ചു. ഇരുട്ടിൽ തിളങ്ങുന്ന ആ ഇരുമ്പുപാളങ്ങളിലേക്ക് നോക്കുമ്പോൾ അവളുടെ മനസ്സിൽ ഭയമായിരുന്നില്ല, മറിച്ച് എല്ലാ വേദനകൾക്കും അറുതി വരുത്താനുള്ള ഒരു വലിയ ഉറപ്പായിരുന്നു. ജീവിതത്തിന്റെ എല്ലാ വഴികളും അടഞ്ഞ ഒരമ്മയുടെ അവസാനത്തെ യാത്രയായിരുന്നു അത്…
