ദൂരെ നിന്ന് പാഞ്ഞുവരുന്ന ട്രെയിനിന്റെ തീവ്രമായ പ്രകാശം ആ ഇരുട്ടിലേക്ക് അടിച്ചുകയറി. പാളങ്ങളെ വിറപ്പിച്ചുകൊണ്ട് ലോഹപ്പാളികളുടെ ഭീകരമായ ശബ്ദം അടുത്തടുത്തേക്ക് വന്നു.
മല്ലി മകളെ നെഞ്ചോട് ചേർത്ത് പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു.
“അമ്മാ…” പേടിച്ചുവിറച്ച അല്ലിമോളുടെ ആ അവസാനത്തെ നിലവിളി പ്ലാറ്റ്‌ഫോമിന്റെ അറ്റത്തുണ്ടായിരുന്ന റെയിൽവേ ജീവനക്കാരന്റെ കാതിലാണ് ചെന്നലച്ചത്.
ഒട്ടും സമയം കളയാതെ അയാൾ ട്രാക്കിലേക്ക് ചാടി. പാഞ്ഞടുത്ത ട്രെയിനിന്റെ എഞ്ചിൻ വെളിച്ചത്തിൽ മരണത്തെ മുന്നിൽ കണ്ട നിമിഷം! അയാൾ മല്ലിയെയും മകളെയും സർവ്വശക്തിയുമെടുത്ത് ട്രാക്കിന് പുറത്തേക്ക് തള്ളിമാറ്റി.
തൊട്ടുപിന്നാലെ കാതടപ്പിക്കുന്ന ശബ്ദത്തോടെ ട്രെയിൻ അവരെ കടന്നുപോയി.ട്രാക്കിന് വശത്തെ കരിങ്കല്ലുകളിലേക്കാണ് അവർ തെറിച്ചുവീണത്.
കല്ലുകളിൽ തലയിടിച്ച് മല്ലി അപ്പോൾത്തന്നെ ബോധരഹിതയായി. ഭാഗ്യത്തിന് അല്ലുമോൾക്ക് കൈയിലും കാലിലും ചെറിയ പോറലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരവിച്ചുപോയ ആ രാത്രിയിൽ, ചോര വാർന്നു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ച് ആ പെൺകുട്ടി ഉറക്കെ നിലവിളിച്ചു.
അവിടെനിന്നാണ് അവരെ
സിറ്റി ഹോസ്പിറ്റലിലേക്ക് എത്തിക്കുന്നത്. ആ അത്യാഹിത വിഭാഗത്തിന്റെ ഇടനാഴിയിൽ വെച്ചാണ് ടൗൺ സ്റ്റേഷനിലെ എസ്.ഐ ജോർജ് ഡോക്ടർ സോമശേഖരന്റെ നമ്പറിലേക്ക് ഡയൽ ചെയ്യുന്നത്…
എസ്.ഐ ജോർജിന്റെ ഫോൺ കോൾ കട്ടായതും ഡോക്ടർ സോമശേഖരൻ ഒട്ടും സമയം കളയാതെ മേശപ്പുറത്തിരുന്ന തന്റെ കാറിന്റെ താക്കോലും തന്റെ ബെഡിൽ ഇരുന്ന് കളിക്കുന്ന കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് ഓടി.
കാറിന്റെ പിൻസീറ്റിൽ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി ഡോക്ടർ വണ്ടി വേഗതയിൽ മുന്നോട്ട് എടുത്തു.
ഹോസ്പിറ്റലിലേക്ക് പോകും മുൻപ് ഡോക്ടർക്ക് ഒരു കാര്യം ചെയ്യണമായിരുന്നു. തനിക്ക് ഏറ്റവും വിശ്വാസമുള്ള, തന്റെ വീട്ടിലെ കാര്യങ്ങൾ നോക്കുന്ന ശ്രീജയുടെ വീടിന് മുന്നിൽ ഡോക്ടർ കാർ ചവിട്ടി ബ്രേക്കിട്ടു.
പെട്ടെന്നുള്ള കാറിന്റെ ശബ്ദം കേട്ട് ശ്രീജ പരിഭ്രമത്തോടെ പുറത്തേക്ക് വന്നു. കാറിൽ നിന്നിറങ്ങിയ ഡോക്ടർ കുഞ്ഞിനെ അവളുടെ കയ്യിലേക്ക് വെച്ചുകൊടുത്തു
.”ഡോക്ടർ.. ഇത്… ഇതാരുടെ കുഞ്ഞാ? ഈ കുഞ്ഞ് എങ്ങനെ സാറിന്റെ കൈയിൽ. ”
ശ്രീജ സംശയത്തോടെ ചോദിക്കാൻ തുടങ്ങി.
“ചോദ്യങ്ങളൊന്നും ഇപ്പോൾ വേണ്ട ശ്രീജ.. ഇപ്പോൾ അതിനുള്ള സമയം അല്ല .”
അവളുടെ വാക്കുകളെ തടഞ്ഞുകൊണ്ട് ഡോക്ടർ പറഞ്ഞു.
“കാര്യങ്ങളെല്ലാം ഞാൻ പിന്നെ പറയാം. ഈ കുഞ്ഞിനെ തൽക്കാലം ശ്രീജ നോക്കണം. എനിക്ക് അർജന്റായി ഹോസ്പിറ്റൽ വരെ പോകണം.”
മറുപടിക്ക് കാത്തുനിൽക്കാതെ ഡോക്ടർ വേഗത്തിൽ കാറോടിച്ച് സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.
സിറ്റി ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ എസ്.ഐ ജോർജ് കാത്തുനിൽപ്പുണ്ടായിരുന്നു.
ഡോക്ടറെ കണ്ടതും എസ്. ഐ. ഒരു പഴയ ബാഗ് ഡോക്ടറുടെ കയ്യിലേക്ക് കൊടുത്തു. അതിൽ മല്ലിയുടെ വിലാസവും മെഡിക്കൽ ഫയലുകളും ഉണ്ടായിരുന്നു. അതിന്
ശേഷം എസ്. ഐ. ജോർജ് ആ രാത്രിയിൽ നടന്നതൊക്കെ ഡോക്ടറോട് പറഞ്ഞു.
അത് കേട്ടശേഷം ഐ.സി.യു ബെഡിൽ അബോധാവസ്ഥയിൽ കിടക്കുന്ന മല്ലിയുടെ അരികിലേക്ക് സോമശേഖരൻ നടന്നുചെന്നു.
തന്റെ കയ്യിലുണ്ടായിരുന്ന ആ പഴയ ഫയലിലെ പേപ്പറുകൾ അയാൾ ഓരോന്നായി മറിച്ചുനോക്കി. ആ റിപ്പോർട്ടുകൾ വായിക്കുംതോറും ഡോക്ടറുടെ മുഖം വിളറിവെളുത്തു.
നെഞ്ചിലൊരു കനത്ത ആഘാതമേറ്റതുപോലെ ഡോക്ടർ കട്ടിലിനരികിലെ കസേരയിലേക്ക് ഇരുന്നുപോയി. കൺസൾട്ടിംഗ് റൂമിൽ വെച്ച് മല്ലി പറഞ്ഞ ‘എൻ കുളന്തയ്ക്ക് അവളുടെ അപ്പാവേ വേണം’ എന്ന വാക്കുകളുടെ യഥാർത്ഥ അർത്ഥം ഡോക്ടർക്ക് അപ്പോഴാണ് മനസ്സിലായത്.
കട്ടിലിന്റെ ഒരു വശത്ത് പേടിയോടെ ചുരുണ്ടുകൂടി കിടന്നിരുന്ന അല്ലിമോളെ ഡോക്ടർ നോക്കി. അവളുടെ നെറ്റിയിൽ ചെറിയൊരു മുറിവുണ്ടായിരുന്നു. ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
