സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

സന്തോഷം കൊണ്ട് ഡോക്ടറുടെ കണ്ണ് നിറഞ്ഞു. മല്ലിയുടെ നെറുകയിൽ അമർത്തി ഉമ്മ വെച്ചു. പിന്നെ ആ ഗ്ലാസ് എടുത്തു കൊണ്ട് ചോദിച്ചു.

“എന്താ ഇതിൽ. ”

“പായസം. മധുരം ഉള്ള കാര്യം പറയുമ്പോൾ അൽപ്പം മധുരം ആകട്ടെ എന്ന് കരുതി. ” മല്ലി നനത്തോടെ പറഞ്ഞു.

ആ സമയം ഡോക്ടറുടെ ഫോൺ ചിലച്ചു. ഡോക്ടർ ഫോൺ എടുത്തു നോക്കി.

“ശ്രീജയാണല്ലോ വിളിക്കുന്നത് . അവളെന്താ ഈ സമയം. ദേവി മോൾക്ക് എന്തെങ്കിലും ” അങ്ങനെ പറഞ്ഞു കൊണ്ട് ഡോക്ടർ ഫോൺ കാൾ എടുത്തു.

ഫോൺ എടുത്ത ഉടനെ ശ്രീജയുടെ ശബ്‍ദം.

“സാറേ. ദേവി മോള് പ്രസവിച്ചു. സാർ

പറഞ്ഞത് പോലെ പെൺകുഞ്ഞാ. അപ്പോൾ തന്നെ കുഞ്ഞിന്റെ പേരും ഉറപ്പിച്ചു. ‘ ലക്ഷ്മി ദേവി ‘ സാർ അന്ന് പറഞ്ഞില്ലേ ലക്ഷ്മി ദേവിയെ പോലെ ഒരു പെൺ കുഞ്ഞ് ദേവിമോൾക്ക് പിറക്കട്ടെ എന്ന്. അതുകൊണ്ട് മോള് പറഞ്ഞിരുന്നു. അവൾ പ്രസവിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ അവൾക്ക് ‘ലക്ഷ്മി ദേവി’ എന്ന് തന്നെ പേരിടണം എന്ന് ”

ശ്രീജ ആവേശത്തോടെ സന്തോഷത്തോടെ പറഞ്ഞു. അതിന് ശേഷം പതിയെ ചോദിച്ചു.

“സാറേ മല്ലിക്ക് എന്തെങ്കിലും വിശേഷം .?”

“ലക്ഷ്മി ദേവിക്ക് കളിക്കൂട്ടുകാരനായി അടുത്ത് തന്നെ ഒരു വിഷ്ണു ദേവൻ വരും . ഞങ്ങൾ അതിനുള്ള കാത്തിരിപ്പ് തുടങ്ങി.” അങ്ങനെ പറയുമ്പോൾ ഡോക്ടറുടെ മുഖത്തു നാണം ഉണ്ടായിരുന്നു.

“സത്യമാണോ സാറേ. മല്ലിക്ക് വിശേഷം ആയോ.?”

“ആയെന്ന തോന്നുന്നത്. ഞങ്ങൾ എന്തായാലും ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരട്ടെ. എന്നിട്ട് വിളിക്കാം ശ്രീജേ.. ”

“ശരി സാറേ. മല്ലിയോടും എന്റെ കുഞ്ഞു മക്കളോടും ഈ ശ്രീജാമ്മയുടെ അന്വേഷണം പറയണേ. ”

അതും പറഞ്ഞു ശ്രീജ ഫോൺ വെച്ചു. അപ്പോൾ മല്ലി ചോദിച്ചു.

“ചേച്ചി എന്താ പറഞ്ഞത്..? ചേച്ചി എപ്പോഴാ തിരിച്ചു വരുന്നത്. ”

“തിരിച്ചു വരുന്നതിനെ പറ്റിയൊന്നും ശ്രീജ പറഞ്ഞില്ല. ദേവി മോള് പ്രസവിച്ചു. പെൺകുഞ്ഞാണ്. അത് പറയാൻ വേണ്ടി വിളിച്ചതാ.. നമുക്കും ഒരു പെൺകുഞ്ഞു കൂടെ ആയാലോ

.” ഡോക്ടർ മല്ലിയോട് പറഞ്ഞു

“നമുക്ക് ഇപ്പോൾ തന്നെ രണ്ടു പെൺമക്കൾ ഇല്ലേ.. ഇനി ഒരു ആൺ കുഞ്ഞ് മതി. ” മല്ലി പറഞ്ഞു.

“എന്നാ രണ്ട് ആൺ കുഞ്ഞുങ്ങൾ ആയിക്കോട്ടെ. രണ്ടു പെൺകുഞ്ഞുങ്ങളും രണ്ട് ആൺ

കുഞ്ഞുങ്ങളും. ഇത് ആൺ കുഞ്ഞ്. അടുത്തതും ആൺ കുഞ്ഞ്. പിന്നത്തെ പെൺകുഞ്ഞ്. . എന്താ..”

“അയ്യടാ. ആദ്യം ഈ ഒന്ന് കഴിയട്ടെ. എന്നിട്ട് നമുക്ക് അടുത്തതിനെ കുറച്ചു ചിന്തിക്കാം. ഏട്ടൻ ഇപ്പോൾ ഈ പായസം കുടിക്കാൻ നോക്ക്. ”

“ആദ്യം എന്റെ മല്ലിക്കുട്ടി തന്നെ കുടിക്ക്. ഇന്നത്തെ സ്റ്റാർ എന്റെ മല്ലിപെണ്ണ് അല്ലേ..?”

“അല്ല. ഏട്ടനാ സ്റ്റാർ. എന്നത്തേയും സ്റ്റാർ. ഏട്ടനാ ഞങ്ങളുടെ ജീവൻ രക്ഷിച്ചത്.

ഏട്ടനാ ഞങ്ങൾക്ക് ഒരു പുതിയ ജീവിതം തന്നത്.

ഏട്ടനാ എനിക്ക് ഈ കുഞ്ഞിനെ തന്നത്.

ഏട്ടനാ സ്റ്റാർ. എന്റെ സ്റ്റാർ. എന്റെ രക്ഷകൻ.

മാത്രമല്ല ഇന്ന് ഏട്ടന്റെ ദിവസമാണ്. ഏട്ടൻ തെറ്റുകാരൻ അല്ല എന്ന് ലോകം മുഴുവൻ അറിഞ്ഞ ദിവസം. ഈ ഒരു ദിവസത്തിന് വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചിരുന്നു. ”

മല്ലി പറഞ്ഞത് കേട്ട് ഡോക്ടർക്ക് സന്തോഷമായി. ഡോക്ടർ ആ പായസം ആദ്യം മല്ലിക്കുതന്നെ കൊടുത്തു. പിന്നെ ഡോക്ടറും കുടിച്ചു.

മക്കളെ നോക്കാൻ അമ്പിളിയെ ഏൽപിച്ച ശേഷം ഡോക്ടർ മല്ലിയേയും കൊണ്ട് ഹോസ്പിറ്റലിൽ പോയി. അമ്പിളി ശ്രീജ പോകുമ്പോൾ പകരം വന്നതാണ്.

മല്ലിയെ ഡോക്ടർക്ക് പരിചയം ഉള്ള നല്ലൊരു ഡോക്ടറെ തന്നെ കാണിച്ചു. ഇപ്പോൾ സാധാരണ എല്ലാ ഡോക്ടർമാരും പറയുന്നത് പോലെതന്നെ മല്ലിക്ക് മിനിമം മൂന്ന് മാസം റെസ്റ്റാണ് ആ ഡോക്ടറും പറഞ്ഞത്.

പിന്നെ ആ വീട്ടിൽ ആഘോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഓരോ മാസം കഴിയുംതോറും മല്ലിയിൽ മാറ്റങ്ങൾ ഉണ്ടായി. പതിയെ അവളുടെ വയറ് വീർക്കാൻ തുടങ്ങി. ഡോക്ടർ എന്നും മല്ലിയുടെ വയറിൽ ഉമ്മ വെക്കും.

അതുപോലെ അല്ലിമോൾക്കും

ഒരുപാട് സന്തോഷമായി. അവളും മല്ലിയുടെ വയറിൽ ഉമ്മ വെക്കും. തനിക്ക് ഒരു അനിയനെ മതി. അമ്മ ഇനി പ്രസവിക്കുന്നത് ആൺ കുഞ്ഞ് ആയിരിക്കും എന്ന് അവൾ പറയും. കല്ലുമോൾ ചെറിയ കുഞ്ഞ് ആയത് കൊണ്ട് അവൾ ഒന്നും പറയില്ല . എന്നാലും അല്ലിമോൾ ഉമ്മ വെക്കുന്നത് കണ്ട് അവളും മല്ലിയുടെ വയറിൽ ഉമ്മ വെക്കും..

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *