“അമ്മാ… കല്ലുമോളെ തൂക്കലയാ?
മല്ലി തന്റെ ഉള്ളിലെ സങ്കടക്കടൽ അമർത്തിപ്പിടിച്ചുകൊണ്ട് ദയനീയമായി മെല്ലെ തന്റെ തളർന്ന കൈകൾ കൊണ്ട് കണ്ണീർ തുടച്ചു എന്നിട്ട് പറഞ്ഞു :
“പറവാലെ മോളേ… അവ അങ്കയേ ഇരുക്കട്ടും. അവ അവരോടെ മകൾ.”
“ഇല്ലൈ! കല്ലുമോൾ നമ്മുടേത്… നമ്മളോടെ കല്ലുമോൾ! അവരോടേത് ഇല്ലൈ…”
ആ കൊച്ചു കുഞ്ഞിന്റെ ശബ്ദത്തിൽ തന്റെ അനിയത്തിയെ പിരിയുന്നതിന്റെ സങ്കടം മുഴുവനുമുണ്ടായിരുന്നു.
“ഇല്ല മോളേ… അവ അവരോടെ മകൾ താൻ. അതാനേ അമ്മാ അവളെ
അങ്ക വിട്ടിട്ട് വന്തേൻ…”
വിറയ്ക്കുന്ന ശബ്ദത്തിൽ മകളെ നെഞ്ചോട് ചേർത്ത് മല്ലി മുന്നോട്ട് നടക്കാൻ നോക്കി. പക്ഷേ, ആ കുഞ്ഞു മനസ്സ് അത് അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. അവൾ അമ്മയുടെ സാരിത്തുമ്പിൽ വലിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു
“ഇല്ലൈ… ഇല്ലൈ… അവ നമ്മളോടെ കല്ലുമോൾ താൻ! അമ്മാ പോയി കല്ലുമോളെ എടുത്തുട്ട് വാ… എനക്ക് എൻ കല്ലുമോളെ വേണം!”
ആ പിഞ്ചുകുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങി. ആ കരച്ചിൽ മല്ലിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.അവൾ മകളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു
: “ശരി… കല്ലുമോളെ നമ്മ അപ്പുറം വന്ത് കൂട്ടിക്കിട്ട് പോകലാമേ…”
“ഉണ്മയാ അമ്മാ? അമ്മാ അപ്പുറം വന്ത് കല്ലുമോളെ എടുത്തുട്ട് വരുവാ…?” മകൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ചോദിച്ചു.
“ആമാ … സത്യം. അമ്മാ കണ്ടിപ്പാ കല്ലുമോളെ കൂട്ടിക്കിട്ട് വരുവേൻ. ഇപ്പോ അമ്മാവോടെ മോള് വാ… വാ ചെല്ലം , നമ്മ ഇന്നും ഒരുപാട് ദൂരം പോകേണ്ടിയിരുക്ക്..”
മല്ലി അല്ലിമോളുടെ കുഞ്ഞു കൈകൾ ചേർത്തുപിടിച്ച് ആ വലിയ വീടിന്റെ മുറ്റത്തുനിന്നും വേഗത്തിൽ നടന്നു. ഗെയ്റ്റും കടന്ന് പ്രധാന റോഡിലെത്തിയ അവൾ ശൂന്യമായ ആ പാതയിലേക്ക് നോക്കി.
അപ്പോഴേക്കും ഇരുട്ടിൽ വെളിച്ചം പായിച്ച് അതുവഴി ഒരു ഓട്ടോറിക്ഷ വരുന്നുണ്ടായിരുന്നു. മല്ലി പ്രതീക്ഷയോടെ കൈ നീട്ടിയെങ്കിലും ഓട്ടോ അവളെ കടന്നു മുന്നോട്ട് പോയി. എന്നാൽ, കുറച്ചു ദൂരം മാറി അത് ബ്രേക്കിട്ടു നിന്നു.
ഡ്രൈവർ തല മാത്രം പുറത്തേക്കിട്ട് ഉറക്കെ ചോദിച്ചു:
“എങ്ങോട്ടാ…?”
അതുവരെ തളർന്നുനിന്ന മല്ലിക്ക് ജീവൻ തിരിച്ചുകിട്ടിയതുപോലെ തോന്നി. മല്ലി ഒരു നിമിഷം ഡോക്ടറുടെ വീടിന്റെയും ക്ലിനിക്കിന്റെയും വെളിച്ചത്തിലേക്ക്
തിരിഞ്ഞുനോക്കി. പിന്നെ
അവൾ അല്ലിമോളെയും കയ്യിലെടുത്ത് ആ ഓട്ടോയ്ക്ക് അടുത്തേക്ക് ഓടി. ശ്വാസം കിട്ടാതെ കിതച്ചുകൊണ്ട്, എന്നാൽ ഒട്ടും ഇടറാത്ത ശബ്ദത്തിൽ അവൾ പറഞ്ഞു:
“റെയിൽവേ സ്റ്റേഷൻ!…”
ഡ്രൈവർ മീറ്റർ നോക്കാതെ പറഞ്ഞു: “ആ കേറിക്കോ. നൂറ് രൂപ ചാർജാകും. പിന്നെ പറഞ്ഞില്ലെന്ന് വേണ്ട.”
ഓട്ടോയിലേക്ക് കയറുന്നതിന് മുൻപ് മല്ലി ഒരു നിമിഷംകൂടെ പുറകോട്ട് തിരിഞ്ഞുനോക്കി. തന്റെ ജീവന്റെ പകുതിയായ പൊന്നുമോളെ ഉപേക്ഷിച്ചു പോന്ന ആ ഡോക്ടറുടെ വലിയ ബംഗ്ലാവ് അപ്പോൾ ഇരുട്ടിൽ ഒതുങ്ങി നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ ചങ്ക് തകരുന്നത് പോലെ തോന്നി. കണ്ണുകളിൽ വീണ്ടും പ്രളയം പോലെ കണ്ണുനീർ ധാരധാരയായി ഒഴുകി.തന്റെ നെഞ്ചിലെ നോവ് പുറത്തുകാണിക്കാതെ, ഒലിച്ചിറങ്ങിയ കണ്ണ് തുടച്ച് അവൾ ആദ്യം അല്ലിമോളെ ഓട്ടോയിലേക്ക് കയറ്റി. തൊട്ടുപിന്നാലെ അവളും അകത്തേക്ക് കയറിയിരുന്നു.
അധികം വൈകാതെ, ചുമച്ചു ചുമച്ചു തുപ്പും പോലെ കറുത്ത പുക അന്തരീക്ഷത്തിലേക്ക് പറത്തിക്കൊണ്ട് ആ ഓട്ടോറിക്ഷ മുന്നോട്ട് നീങ്ങി. വഴിവിളക്കുകളുടെ നേർത്ത മഞ്ഞവെളിച്ചം മാത്രം വീണുകിടക്കുന്ന ആ വിജനമായ റോഡിലൂടെ, റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി അവർ യാത്രയായി.
മല്ലി പടിയിറങ്ങിപ്പോയിട്ടും സോമശേഖരൻ ഒരു മരവിപ്പോടെ കൺസൾട്ടിംഗ് റൂമിലെ കസേരയിൽത്തന്നെ ഇരുന്നുപോയിരുന്നു .
മേശപ്പുറത്തിരുന്ന് ആ പിഞ്ചുകുഞ്ഞ് തന്റെ കുഞ്ഞുവിരലുകൾ വായിലിട്ട് അദ്ദേഹത്തെ നോക്കി വീണ്ടും നിഷ്കളങ്കമായി ചിരിച്ചു. ആ ചിരി ഡോക്ടറുടെ ഉള്ളിലെവിടെയോ ചെന്ന് തറച്ചു.പെട്ടെന്നാണ് അയാൾക്ക് ബോധം വീണത്. ഭ്രാന്ത് പിടിച്ചതുപോലെ കസേരയിൽ നിന്നും എഴുന്നേറ്റ്, മേശപ്പുറത്തിരുന്ന കുഞ്ഞിനെ അയാൾ കൈകളിലേക്ക് കോരിയെടുത്തു നെഞ്ചിൽ ചേർത്തു .
