സാർ… ഇത് ഉങ്കൾ കുളന്തൈ 1അടിപൊളി  

ഡോക്ടർ മല്ലിയുടെ തോളിൽ പിടിച്ചു മെല്ലെ കുലുക്കിയിട്ട് പറഞ്ഞു.

“മല്ലി. കരയാതെ.. നീ കരയുന്നത് കണ്ട് ഇതാ നമ്മുടെ മോളും കരയുന്നു .. കരയാതെ മല്ലി കരയാതെ.”

അപ്പോഴേക്കും ശ്രീജ അവിടെ എത്തി. മല്ലിയുടെ കരച്ചിൽ അവളും കേട്ടിരുന്നു. അവിടെ എത്തിയ അവൾ മെല്ലെ വിളിച്ചു.

“സാർ. ”

അത് കേട്ട ഉടനെ ഡോക്ടർ മല്ലിയുടെ തോളിൽ നിന്ന് കൈ മാറ്റി. മല്ലി വേഗം ഒഴുകി വന്ന തന്റെ കണ്ണീർ തുടച്ചു.

ശ്രീജ പറഞ്ഞു.

“സാർ. ചായ ഇങ്ങോട്ട് കൊണ്ട് വരണോ..?”

“വേണ്ട ശ്രീജേ . ഇവർ അങ്ങോട്ട് വന്നോളും. നീ പോയി ഇവർക്ക് വിശ്രമിക്കാനുള്ള മുറി ഒരുക്ക്.” ഡോക്ടർ പറഞ്ഞു. അത് കേട്ട് ശ്രീജ മല്ലിയെ ഒന്ന് നോക്കി എന്നിട്ട് തിരിഞ്ഞു നടന്നു.

“മല്ലി പോയി ചായ കുടിക്ക്. എന്നിട്ട് കുറച്ചു സമയം പോയി വിശ്രമിക്ക്.. അതുകഴിഞ്ഞു നമുക്ക് സംസാരിക്കാം..”

അങ്ങനെ പറഞ്ഞ ശേഷം ഡോക്ടർ മെല്ലെ ആ മുറിയിൽ നിന്ന് ഇറങ്ങി. ഇറങ്ങും മുൻപ് ഡോക്ടർ അല്ലി മോളുടെ നെറുകയിലൂടെ ഒന്ന് തഴുകി. അവളെ എടുത്തു കൊഞ്ചിക്കാനും ഡോക്ടർ കൊതിച്ചു. എന്നാൽ അത് മല്ലിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി അത് വേണ്ടെന്ന്

വെച്ചു. ഡോക്ടർ ഹാളിലെ സോഫയിൽ പോയി ഇരുന്നു.

ഡോക്ടർ ഇറങ്ങിയതിന് പിന്നാലെ മല്ലിയും ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി . ശ്രീജ മല്ലിയേയും മോളേയും ഡൈനിങ് ഹാളിലേക്ക് കൂട്ടികൊണ്ടു പോയി അവിടെ ഇരുത്തി .

ശ്രീജ അവർക്ക് ചായ എടുത്തു കൊടുത്തു. ചായയുടെ കൂടെ ആപ്പിൾ, മുന്തിരി, നാരങ്ങ, ബിസ്ക്കറ്റുകൾ അങ്ങനെ പലതും അവിടെ നിരത്തി വെച്ചിട്ടുണ്ടായിരുന്നു.

ചായ കൊടുത്ത ശേഷം ശ്രീജ മല്ലിയോട് പറഞ്ഞു.

“ഞാൻ ഇപ്പോൾ വരാം. മടിക്കാതെ എടുത്തു കഴിക്ക്. വേറെ എന്ത് വേണമെങ്കിലും എന്നെ ഒന്ന് വിളിച്ചാൽ മതി. ”

അങ്ങനെ പറഞ്ഞ ശേഷം ശ്രീജ ഒരു ആപ്പിൾ കഷ്ണം എടുത്തു അല്ലി മോൾക്ക് കൊടുത്തു. എന്നിട്ട് അല്ലിമോളോടായി പറഞ്ഞു.

‘ മോള് വേണ്ടതൊക്കെ എടുത്തു കഴിച്ചോളണേ. ” അങ്ങനെ പറഞ്ഞു അല്ലിമോളുടെ നെറുകയിലൂടെ തലോടി.

അതിനു ശേഷം ശ്രീജ ഡോക്ടറുടെ അടുത്തേക്ക് പോയി. ഡോക്ടറുടെ അടുത്ത് എത്തിയ ശ്രീജ മടിച്ചു മടിച്ചുകൊണ്ട് ഡോക്ടറോട് ചോദിച്ചു.

“സാർ.. ഒന്ന് ചോദിച്ചോട്ടെ.?”

‘എന്താ ശ്രീജ എന്തെങ്കിലും ആവശ്യമുണ്ടോ…? ” ഡോക്ടർ ചോദിച്ചു.

” സാറിനെ ഇതിന് മുൻപ് ഇങ്ങനെ കണ്ടിട്ടേ ഇല്ല. അതുകൊണ്ട് ചോദിച്ചു പോവുകയാ. സാർ ആരാ ആ പെണ്ണും മോളും.. അവളാണോ…….”

അത്രയും ചോദിച്ച ശേഷം ശ്രീജ നിർത്തി.

ശ്രീജയുടെ ചോദ്യം കേട്ട് ഡോക്ടർ ഒന്ന് ചിരിച്ചു. അതിന് ശേഷം” ഉം ” എന്ന് മൂളിയ ശേഷം ശ്രീജയോട് പറഞ്ഞു

” ശ്രീജ പലവട്ടം എന്നോട് ചോദിച്ചിട്ടില്ലേ എന്റെ മോളുടെ അമ്മ ആരെന്ന്. അതിന്റെ ഉത്തരം ആണ് അവൾ.

അതേ…. അതാണ് എന്റെ

മകളുടെ അമ്മ. ”

അത് കേട്ട് വിശ്വാസം വരാതെ ശ്രീജ അതിശയത്തോടെ ഡോക്ടറെ നോക്കി.

“അതേ ശ്രീജ. അതാണ് സത്യം. എന്റെ മോളുടെ “. അങ്ങനെ പറഞ്ഞ ശേഷം ഒന്ന് നിർത്തിയ ഡോക്ടർ വീണ്ടും പറഞ്ഞു .

“എന്റെ മക്കളുടെ അമ്മയാണ് മല്ലി. അല്ലി മോളും എന്റെ മോളാണ്. അവളെ ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളൂ. അതുകൊണ്ടാ ഞാൻ എന്റെ ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് അവൾക്ക് കൊടുത്തത്. ” അതും കൂടെ കേട്ടതോടെ ശ്രീജ ഞെട്ടി വിറച്ചു . അവൾ വായ പൊളിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്ന് പോയി. എങ്കിലും കുറച്ചു സമയം കഴിഞ്ഞു അവൾ വീണ്ടും ചോദിച്ചു.

“അപ്പോൾ ഇനി എന്നും അവൾ ഇവിടെ ക്കാണുമോ സാറിന്റെ കൂടെ..? സാറിന്റെ കൂടെ കഴിയാനാണോ അവർ വന്നത്.?”

“അറിയില്ല ശ്രീജേ എനിക്ക് അറിയില്ല..” ഡോക്ടർ സങ്കടത്തോടെ പറഞ്ഞു. ഡോക്ടറുടെ സങ്കടം കണ്ട് ശ്രീജ വീണ്ടും പറഞ്ഞു.

“സാറിന് പറഞ്ഞുകൂടെ മല്ലിയോടും മോളോടും ഇവിടെ സാറിന്റെ കൂടെ കഴിയാൻ. ”

“അതിനുള്ള അവകാശം ഒന്നും എനിക്ക് ഇല്ല ശ്രീജേ.. അവൾ എന്നും ഇവിടെ ഉണ്ടാകണം എന്ന് തന്നെയാ എന്റെ ആഗ്രഹം. എന്നാൽ അവൾ എന്റെ മക്കളേയും കൊണ്ട് ഇവിടെ നിന്ന് പോയാൽ പോലും എനിക്ക് അവളെ തടയാൻ ആവില്ല. അതിനുള്ള അർഹത എനിക്കില്ല . അവളുടെ കാല് പിടിച്ചു പറഞ്ഞു നോക്കുക എന്നേ എനിക്ക് ചെയ്യാൻ പറ്റൂ. “

Updated: October 13, 2026 — 6:24 pm

Leave a Reply

Your email address will not be published. Required fields are marked *