വർഷങ്ങൾക്ക് ശേഷമാണ് ഒരു കുഞ്ഞിന്റെ പട്ടുപോലുള്ള ശരീരം അയാളുടെ നെഞ്ചിൽ അമരുന്നത്.
കുഞ്ഞുമോളെയും നെഞ്ചോട് ചേർത്ത് പിടിച്ച് അയാൾ പുറത്തേക്ക് ഓടി
.”മല്ലീ… മല്ലീ…” അയാൾ ഉറക്കെ വിളിച്ചു.പക്ഷേ, അപ്പോഴേക്കും വൈകിയിരുന്നു.
കൺസൾട്ടിംഗ് റൂമിന്റെ പടികളും മുറ്റവും കടന്ന് അയാൾ ഗേറ്റിലെത്തുമ്പോഴേക്കും, മല്ലിയും അല്ലിമോളും കയറിയ ആ ഓട്ടോറിക്ഷ മെയിൻ റോഡിലേക്ക് തിരിഞ്ഞു കഴിഞ്ഞിരുന്നു.
അകന്നുപോകുന്ന ഓട്ടോറിക്ഷയും നോക്കി ഡോക്ടർ സോമശേഖരൻ റോഡിൽ തരിച്ചുനിന്നു.
ഇരുണ്ട് കിടക്കുന്ന ആ വിജനമായ റോഡിൽ, തനിക്കിനി ഒരിക്കലും പിൻതുടർന്ന് പിടിക്കാൻ കഴിയാത്ത ഏതോ ഒരു ലക്ഷ്യത്തിലേക്ക് ആ ഓട്ടോ പാഞ്ഞുപോകുന്നത് അയാൾ നിർവികാരനായി നോക്കിനിന്നു. ഇനി എന്ത് ചെയ്യണമെന്നറിയാതെ .
കല്ലുമോളുടെ തേങ്ങിയുള്ള കരച്ചിൽ കേട്ടാണ് ഡോക്ടർ തന്റെ കൈയിലുള്ള കല്ലുമോളെ നോക്കുന്നത്.
ഡോക്ടറുടെ താടിയിലെ രോമങ്ങളിൽ പിടിച്ചു വലിച്ച് തന്റെ അമ്മയെ കാണാതെ വിതുമ്പി കരയുന്ന കല്ലുമോളെ , അയാൾ പതുക്കെ കണ്ണ് താഴ്ത്തി അവളെ നോക്കി.
ആ കണ്ണുകളിൽ വിരിഞ്ഞത് ഒരു വലിയ ചോദ്യചിഹ്നമായിരുന്നു. അയാൾ ഒന്ന്കൂടെ അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു കൊണ്ട് തിരിച്ചു വീട്ടിലേക്ക് നടന്നു.
റെയിൽവേ സ്റ്റേഷനിലെ വെളിച്ചം കുറഞ്ഞ ആ പഴയ സിമന്റ് ബെഞ്ചിൽ മല്ലി ഇരുന്നു.
അവളുടെ ഒരു കൈ അല്ലുമോളുടെ തോളിൽ അമർന്നിട്ടുണ്ടായിരുന്നു.
ചുറ്റുമുള്ള ട്രെയിനുകളുടെ ഹോൺ ശബ്ദമോ ആളുകളുടെ ബഹളമോ ഒന്നും അവളുടെ കാതുകളിൽ വീഴുന്നുണ്ടായിരുന്നില്ല. കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണുനീർ അവളുടെ കവിളുകളെ നനച്ചുകൊണ്ടിരുന്നു.
ശൂന്യതയിലേക്ക് നോക്കി അവൾ എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയായിരുന്നു. തന്റെ .കഴിഞ്ഞുപോയ കാലവും, ജീവിതവും.. താൻ അനുഭവിച്ച വിഷമങ്ങളും സങ്കടങ്ങളും ഒക്കെ ഒരു നേർരേഖ പോലെ അവളുടെ മനസ്സിൽ ഓടിയെത്തി.
അന്ന് ആ
ദിവസം മറ്റൊരു
ഹോസ്പിറ്റലിലെ ജനറൽ വാർഡിന് പുറത്ത്, കൈയിൽ മരുന്നിന്റെ ഫയലുകളുമായി നെഞ്ചിടിപ്പോടെ കാത്തുനിൽക്കുകയായിരുന്നു മല്ലിക എന്ന മല്ലി .
ഒടുവിൽ വാതിൽ തുറന്ന്, അവളുടെ ഭർത്താവിനെ ചികിത്സിച്ച ഡോക്ടർ പുറത്തേക്ക് വന്നു. അയാളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾത്തന്നെ മല്ലികയുടെ ഉള്ളിലൊരു തീ കോരിയിട്ടതുപോലെ തോന്നി.
അവൾ വേഗം ഡോക്ടറുടെ മുന്നിലേക്ക് ചെന്ന് കൈകൾ കൂപ്പി നിന്നു.ഡോക്ടർ വലിയൊരു നെടുവീർപ്പോടെ മല്ലികയെ നോക്കി, കയ്യിലെ മെഡിക്കൽ റിപ്പോർട്ട് മടക്കിവെച്ചുകൊണ്ട് പറഞ്ഞു:
“മല്ലികാ… ഞാൻ പറയുന്നത് എന്താണെന്ന് വെച്ചാൽ, ഞങ്ങൾക്ക് കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ നോക്കി. ഇതിൽ കൂടുതൽ എന്തെങ്കിലും നിങ്ങളുടെ ഭർത്താവിന് വേണ്ടി ചെയ്യാൻ പറ്റുമെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. അയാൾ കൂടിയാൽ രണ്ടാഴ്ച്ച. അത് തന്നെ തികയ്ക്കില്ല… അത്രയും വീക്കാണ് നിങ്ങളുടെ ഭർത്താവിന്റെ ഇപ്പോഴത്തെ കണ്ടീഷൻ!”
ഡോക്ടറുടെ ആ വാക്കുകൾ ഒരു വലിയ ഇടിത്തീയായിട്ടാണ് മല്ലികയുടെ തലയിലേക്ക് വീണത്. അവളുടെ കാലുകൾ നിലത്തുറയ്ക്കാതെ വിറച്ചു. കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയിട്ടും അവൾ ഡോക്ടറെ കൈ കൂപ്പി തൊഴുതുകൊണ്ട് പറഞ്ഞു
.”അയ്യോ! അപ്പടി സൊല്ലാതീങ്ക ഡോക്ടർ… നീങ്ക നിനച്ചാ അവരെ കാപ്പാത്തിട മുടിയും. എനക്കും എൻ മകൾക്കും അവരെ വിട്ടാ വേറെ യാരുമേ ഇല്ല സാർ… ദയവ് സെഞ്ച് അവരെ കൈവിട്ടൂടാതീങ്ക സാർ!”
അവളുടെ ദയനീയമായ കരച്ചിൽ കണ്ട് ആ ഡോക്ടർക്കും വിഷമം തോന്നി. അയാൾ മല്ലികയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് പതുക്കെ പറഞ്ഞു.
:”വിഷമിച്ചിട്ട് കാര്യമില്ല മല്ലികാ. മെഡിക്കൽ സയൻസിന് ഇവിടെ വരെ ചെയ്യാനേ കഴിയൂ. ഇനി ഇതിൽ എന്തെങ്കിലും ഒരു അത്ഭുതം നടക്കണമെങ്കിൽ… ഒരേയൊരു ഡോക്ടർക്കേ
അത് സാധിക്കൂ. ഡോക്ടർ സോമശേഖരൻ! അദ്ദേഹം മനസ്സ് വെച്ചാൽ ഒരുപക്ഷേ നിന്റെ ഭർത്താവിനെ രക്ഷിക്കാൻ കഴിഞ്ഞേക്കും. പക്ഷേ…”
