ഞാൻ നിന്നോട് ചെയ്ത പാപത്തിന്റെ പ്രായശ്ചിതം ആയിരുന്നു മല്ലി എന്റെ ജയിലിൽ വാസം. അല്ലാതെ ഞാൻ ഒരിക്കലും നിന്റെ ഭർത്താവിനെ… ” അത്രത്തോളം പറഞ്ഞിട്ട് ഒരു നിമിഷം നിർത്തിയ ഡോക്ടർ വീണ്ടും പറഞ്ഞു
“നിന്റെ ഭർത്താവിന്റെ കാര്യത്തിൽ മാത്രം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല മല്ലി. എനിക്ക് തെറ്റ് പറ്റിയിട്ടില്ല.
എന്നിട്ടും അത് എങ്ങനെ സംഭവിച്ചു എനിക്ക് അറിയില്ല. അത്
അന്വേഷിക്കാൻ ഒന്നും ഉള്ള മനസ്സ് ആയിരുന്നില്ല എനിക്ക് അന്ന്. എന്റെ മനസ്സിൽ മുഴുവൻ നിന്റെ മുഖമായിരുന്നു. നിന്റെ ശാപ വാക്കുകൾ ആയിരുന്നു. അതിൽ ഞാൻ തളർന്നു പോയി. അതുകൊണ്ട് കൂടെയാ ഞാൻ ആ കുറ്റം സ്വയം ഏറ്റെടുത്തത്. അങ്ങനെ എങ്കിലും നിന്നോട് ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ സ്വയം ചോദിച്ചു വാങ്ങുകയായിരുന്നു ”
ഡോക്ടർ പറയുന്നത് കേട്ട് മല്ലിക്ക് സഹിക്കാൻ ആയില്ല. ആ വാക്കുകൾ അവളുടെ നെഞ്ചിൽ തറച്ചു. അവൾ ഡോക്ടറുടെ കാൽക്കൽ ഇരുന്ന് ഡോക്ടറുടെ കാല് പിടിച്ചുകൊണ്ട് പറഞ്ഞു.
“സാർ…. മതി. സാർ ഇനി ഒന്നും പറയല്ലേ.. എനിക്ക് ഇനി ഒന്നും കേൾക്കാൻ ഉള്ള ശക്തി ഇല്ല.. . ഞാൻ കാരണമാ സാറിന് ഇതൊക്കെ സംഭവിച്ചത്. ഞാൻ കാരണമാ സാർ ജയിലിൽ പോയത്. പക്ഷെ അന്ന് എന്റെ മാനസീകാവസ്ഥയും അങ്ങനെ ആയിരുന്നു. എന്റെ മോളെ കുറച്ചു ഓർത്തെങ്കിലും സാർ എന്നോട് ക്ഷമിക്. ” അതും പറഞ്ഞു മല്ലി തേങ്ങി.
“നീ ഒരു തെറ്റും ചെയ്തിട്ടില്ല മല്ലി. എല്ലാത്തിനും കുറ്റക്കാരൻ ഞാൻ മാത്രമാ ഞാൻ മാത്രം.. എല്ലാം എന്റെ തെറ്റാ .. ”
“അതൊന്നും അല്ല. സാറല്ല . ഞാനാ തെറ്റുകാരി.. ഞാൻ കാരണമാ സാറിന് ഇപ്പോൾ ഇങ്ങനെ സംഭവിച്ചത് . ഞാൻ കാരണമാ സാർ, സാറിന്റെ ജീവൻ പോലും നോക്കാതെ എന്റെ അല്ലി മോൾക്ക് വേണ്ടി സാറിന്റെ കരൾ പോലും മുറിച്ചു നൽകിയത്. എല്ലാം ഞാൻ കാരണമാ.”
“അവളും എന്റെ മോളല്ലേ മല്ലി. അപ്പോൾ ഞാൻ എന്റെ മോൾക്ക് വേണ്ടി അത്രയെങ്കിലും ചെയ്യേണ്ടേ മല്ലി.
ഞാൻ കാരണമാ നീ ഒരുപാട് വേദനിച്ചത്. അതിനൊക്കെ പകരമായി
ഇനിയുള്ള കാലം മുഴുവൻ നിന്നേയും നമ്മുടെ മക്കളേയും സ്നേഹിച്ചു ഞാൻ അതിനുള്ള പ്രായശ്ചിതം ചെയ്‌തോളാം.”
അങ്ങനെ പറഞ്ഞു കൊണ്ട്
ഡോക്ടർ ആ കസേരയിൽ ഇരുന്ന് തന്നെ മല്ലിയുടെ നെറുകയിലൂടെ തഴുകി അവളെ ആശ്വസിപ്പിച്ചു. അവൾ ആ സമയം ഡോക്ടറുടെ കാലിൽ മുഖം ചേർത്തുവെച്ച് വിതുമ്പി.
പിന്നേയും നാല് മാസങ്ങൾ കടന്നുപോയി. ഡോക്ടർ ഇപ്പോൾ നല്ല ആരോഗ്യവനായി. അതെല്ലാം മല്ലിയുടെ ആത്മാർത്ഥമായ പ്രാർത്ഥനകൊണ്ടും സ്നേഹത്തോടെയുള്ള പരിചരണം കൊണ്ടുമാണ് വേഗം തന്നെ അത് സാധിച്ചത് . മുൻപുതന്നെ ശ്രീജ വിദേശത്തുള്ള തന്റെ മകളുടെ അടുത്തേക്ക് പോയിരുന്നു. എങ്കിലും അത്യാവശ്യം സഹായത്തിനു വേണ്ടി അമ്പിളി എന്നൊരു സ്ത്രീയെ ശ്രീജ ഏർപ്പാട് ചെയ്തിരുന്നു. .
ഇപ്പോളും ആ വീട്ടിൽ.
ഡോക്ടറും മക്കളും ആ മുറിയിലെ വലിയൊരു ക്വീൻ സൈസ് ബെഡിലായിരുന്നു ഉറങ്ങിയിരുന്നത്. എന്നാൽ മല്ലി അതേ മുറിയിലുള്ള മറ്റൊരു ചെറിയ കട്ടിലിൽ അവരെയും നോക്കിക്കൊണ്ട് കിടക്കും
“ശ്രീജയാണ് മല്ലിയെ ഡോക്ടറുടെ റൂമിൽ കിടക്കാൻ നിർബന്ധിച്ചത്. അവളോട് കട്ടിലിൽ കിടക്കാൻ എത്ര പറഞ്ഞിട്ടും അവൾ അതിനു മാത്രം കൂട്ടാക്കിയില്ല. തറയിൽ പായ വിരിച്ചു അവൾ കിടക്കുന്നത് കണ്ട് ഡോക്ടർ ആണ് ആ ചെറിയ കട്ടിലിൽ അവിടെ ഇടാൻ പറഞ്ഞത്.”
അങ്ങനെ അന്ന് ഒരു ദിവസം.
ഡോക്ടർ അവസാനവട്ട ചെക്കപ്പിനായി ഹോസ്പിറ്റലിൽ പോയതായിരുന്നു. അവിടെ വെച്ച്.
“ഡോക്ടർ സാർ. എന്നേക്കാൾ സീനിയർ ആയ സാറിനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു തരേണ്ടതില്ലല്ലോ. സാറിന്റെ അമിത ടെൻഷൻ ഒന്നുകൊണ്ടു മാത്രമാണ് അന്ന് അങ്ങനെ സംഭവിച്ചത്. എന്നാൽ ഇപ്പോൾ സാർ
തികച്ചും നോർമൽ ആണ്. എന്ന് വെച്ചാൽ പൂർണ്ണ ആരോഗ്യവാൻ. ” അങ്ങനെ പറഞ്ഞ ശേഷം ആ ഡോക്ടർ ഒന്ന് ചിരിച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു.
“എന്ന് കരുതി ഇനിയും ടെൻഷൻ എടുത്തു തലയിൽ വെക്കരുത്. ഭാര്യയോടും മക്കളോടുമൊപ്പം ഇനി സമാധാനമായി ജീവിക്കൂ സാർ. ഇനി ഒന്നിനെയും പേടിക്കേണ്ടതില്ല. അടുത്ത തവണ നമ്മൾ കാണുമ്പോൾ എനിക്ക് കേൾക്കാൻ നല്ലൊരു വിശേഷം ഉണ്ടാകട്ടെ!”
