സോഫയിൽ കാൽ നീട്ടി ഇരുന്നു ഞാൻ വാങ്ങി കൊണ്ട് വന്ന പക്കാവടയും കൊറിച്ചു അവൾ രവിയമ്മയോടും ശ്രുതിയോടും ഒക്കെ സംസാരിക്കുന്നത് ഞാൻ അവളുടെ അടുത്തിരുന്നു ക്ഷമയോടെ കേട്ടു.. അവളുടെ കാൽ എന്റെ മടിയിലേക്ക് എടുത്തു വച്ചു മെല്ലെ തലോടി ഞാൻ അവളെ തന്നെ നോക്കിയിരുന്നു. ഇടക്ക് തമാശ രൂപേണ ഞാൻ കാലിൽ ചെറുതായി ഇക്കിളി കൂട്ടുമ്പോൾ ഫോണിൽ സംസാരിക്കുന്ന കൂട്ടത്തിൽ തന്നെ അവൾ കണ്ണുരുട്ടി അടങ്ങി ഇരിക്കാൻ എന്നോട് അജ്ഞാപിച്ചു.. അര മണിക്കൂറോളം നീണ്ട ഫോൺ വിളി അവസാനിച്ചപ്പോൾ ഞാൻ ഉള്ളിൽ വച്ചിരുന്ന ഒരു രഹസ്യം അവളോട് പറയാൻ ഞാൻ തയ്യാറെടുത്തു..
‘ഇഷാനി.. ഒരു കാര്യം ചോദിക്കട്ടെ..?
ഞാൻ മെല്ലെ കാര്യം അവതരിപ്പിക്കാൻ നോക്കി
‘എന്താ ഉമ്മ വേണോ…?
അവൾ പക്കാ വട കൊറിച്ചു കൊണ്ട് ചോദിച്ചു.. ഇത് ഇത് വരെ തീർന്നില്ലേ..?
‘അല്ല…’
‘അപ്പോൾ ഉമ്മ വേണ്ടേ..?
അവൾ തമാശ പോലെ ചോദിച്ചു
‘ഉമ്മയല്ല. വേറൊരു കാര്യം പറയട്ടെ എന്നാണ് ചോദിച്ചത്..?
‘നീ അന്ന് പറയാൻ വന്ന കാര്യം ആണോ..? എനിക്ക് ഭയങ്കര വിഷമം ആകുമെന്ന് പറഞ്ഞത്..? അതാണേൽ എന്റെ പൊന്ന് മോനെ ഇപ്പോൾ വേണ്ട..’
അവൾ പറഞ്ഞു. കൃഷ്ണയുടെ കാര്യം ഇപ്പോളും പറയണ്ട എന്നാണ്.. പക്ഷെ ഞാൻ പറയാൻ ഉദ്ദേശിച്ചത് വേറൊരു കാര്യം ആയിരുന്നു..
‘അതല്ല.. വേറൊരു കാര്യം ആണ്…’
‘വേറെ എന്ത് കാര്യം..?
അവൾ ചോദിച്ചു
‘നിന്റെ അമ്മയുടെ ഒരു കാര്യം.. അമ്മയെ ഞാൻ കണ്ടിരുന്നു…’
അത് പറഞ്ഞപ്പോ പെട്ടന്ന് അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു..
‘വേണ്ട.. കേൾക്കണ്ട..’
അവൾ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു
‘എന്താ പറയാൻ ഉള്ളത് എന്ന് നീ കേട്ടില്ലല്ലോ..’
‘എന്താണേലും എനിക്ക് അവരുടെ ഒന്നും കേൾക്കണ്ട, അറിയണ്ട..’
അവൾ കണിശതയോടെ പറഞ്ഞു
‘ സ്വന്തം അമ്മ അല്ലേ..?
‘അതെ. അത് കൊണ്ട് തന്നെ ആണ് പറഞ്ഞത്. സ്വന്തം അമ്മ ഒരു മോളോട് ഒരിക്കലും കാണിക്കരുതാത്ത കാര്യം അല്ലേ അവര് എന്നോട് കാണിച്ചത്.. എനിക്ക് അവരെ കാണുകയും വേണ്ട.. അവരുടെ കാര്യം കേൾക്കുകയും വേണ്ട..’
‘ശരി.. ഞാൻ പറയുന്നില്ല..’
ഞാൻ ആ മാറ്റർ വിട്ടു.. പിന്നീട് എപ്പോളെങ്കിലും ആ കാര്യം സംസാരിക്കാമെന്ന് ഞാൻ കരുതി..
‘നീ അതാണോ താമസിച്ചേ..? പെട്ടന്ന് വരുമെന്ന് പറഞ്ഞിട്ട് അല്ലേ പോയെ..’
അവൾ ചോദിച്ചു
‘ഞാൻ വീട് വരെ ഒന്ന് കയറി.. അച്ഛനെ ഒന്ന് മുഖം കാണിച്ചു..’
‘ഓ.. വീട്ടിൽ പോകുമെന്ന് നീ പറഞ്ഞില്ലല്ലോ.. എന്നിട്ട് അച്ഛൻ എന്ത് പറഞ്ഞു..?
അവൾ ചുമ്മാ ചോദിച്ചു
‘എന്ത് പറയാൻ..? ആ നിന്നെ തിരക്കി..’
‘അയ്യോ എന്നെയോ..? സത്യം ആയും തിരക്കിയോ..? ഞാൻ ഇപ്പോളും ഇവിടെ ഉണ്ടെന്ന് അച്ഛന് അറിയാമോ..?
അവൾ ഒരു ചമ്മലോടെ ചോദിച്ചു
‘തിരക്കിയെടി.. നീ ഇവിടെ തന്നെ ഉണ്ടെന്ന് അച്ഛന് അറിയാം..’
‘നമ്മുടെ കാര്യം വല്ലോം നീ പറഞ്ഞോ..?
‘ഇല്ല.. കുറച്ചു കൂടി കഴിഞ്ഞിട്ട് പറയാം എന്ന് വച്ചു..’
‘പറഞ്ഞിട്ട് അച്ഛന് എന്നെ ഇഷ്ടം ആയില്ലെങ്കിലോ..?
‘അച്ഛന് നിന്നെ ഇഷ്ടം ആണല്ലോ. അത് കൊണ്ടല്ലേ തിരക്കിയത്..’
ഞാൻ പറഞ്ഞു
‘അത് ഒരു മര്യാദയുടെ പുറത്ത് തിരക്കിയത് ആകാമല്ലോ.. ‘
‘അല്ല.. അല്ലേൽ തന്നെ അച്ഛന് എന്താ നിന്നെ ഇഷ്ടപ്പെടാതെ ഇരിക്കാൻ കാര്യം..?
‘അതിപ്പോ.. പ്രേമത്തിൽ ആണെന്ന് ഒക്കെ അറിയുമ്പോ എല്ലാ വീട്ടുകാർക്കും ഒരു എതിർപ്പ് ഒക്കെ തോന്നില്ലേ..? അങ്ങനെ….’
‘അച്ഛന് അങ്ങനെ ഒന്നുമില്ല.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അച്ഛൻ എന്റെ കാര്യങ്ങളിൽ ഒന്നും അധികം ഇടപെടാറില്ല എന്ന്. കുറച്ചെങ്കിലും ഇടപെടാൻ തുടങ്ങിയത് ഞാൻ ഇവിടെ ഊര് തെണ്ടൽ ഒക്കെ കഴിഞ്ഞു വന്നു കഴിഞ്ഞാ. മാത്രം അല്ല ഞങ്ങളുടെ ഫാമിലി എല്ലാവരും പ്രേമിച്ചു ആണ് കെട്ടിരിക്കുന്നെ..’
‘ആണോ…?
‘അതെ.. അച്ഛന്റെയും അമ്മയുടെയും പ്രേമിച്ചു ഉള്ള മാര്യേജ് ആയിരുന്നു. ചേട്ടന്റെയും അതെ പോലെ തന്നെ വിളിച്ചിറക്കി കൊണ്ട് വന്നുള്ള പരുപാടി ആയിരുന്നു. അത് കൊണ്ട് തന്നെ ഫാമിലി ആയി ഉറപ്പിച്ചുള്ള വിവാഹം ഒന്നും ഞങ്ങളുടെ വീട്ടിൽ നടന്നിട്ടില്ല.. എന്റെ പേടി എന്നെ നിന്റെ പേരപ്പന് ഒക്കെ ബോധിക്കുമോ എന്നാ..?
