അവളുടെ വിളറി വെളുത്ത മുഖം അവന് കണ്ടില്ല, അതിനു മുന്‍പേ അവന് റൂമില്‍ക്കയറി വാതില്‍ ചാരിയിരുന്നു … യാന്ത്രികമായി ലൈറ്റുകള്‍ ഓഫാക്കി അവള് കിടപ്പുമുറിയിലേക്ക് നടന്നു … ഷാനു ആരാണെന്നും തന്റെ ജീവിതത്തില്‍ അവനുണ്ടായിരുന്ന സ്ഥാനം എന്താണെന്നും അവളാ നിമിഷം തിരിച്ചറിഞ്ഞു … എന്നാലും വിട്ടുകൊടുക്കാന്‍ അവളുടെ മനസ്സ് ഒരുക്കമല്ലായിരുന്നു … ഒരുപാടു കാലം അവനാ രീതിയില്‍ പോകാന്‍ കഴിയില്ലെന്ന് അവള് കണക്കുകൂട്ടി … അവള് ഫോണെടുത്ത് അവന്റെ മെസ്സേജുകള്‍ വെറുതെ നോക്കി …
തന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒന്നും അവളതില്‍ കണ്ടില്ല, ഇനി താന്‍ ക്ഷമിച്ചു എന്ന് പറയാത്തതിനാണോ അവന് ഇങ്ങനെ പെരുമാറുന്നത് എന്ന് അവള്‍ക്ക് സംശയം തോന്നി …
ഞാന്‍ ക്ഷമിച്ചു , എന്നെഴുതിയിട്ട് കുറച്ചു നേരം അവളതില്‍ നോക്കി കിടന്നു , സെന്‍ഡിംഗ് മാര്‍ക്ക് പ്രസ്സ് ചെയ്യാന്‍ അവള്‍ക്കു തോന്നിയില്ല , അവളത് ക്ലിയര്‍ ചെയ്തു, പല വാക്കുകള്‍ എഴുതിയിട്ടും അവള്‍ക്കൊരു തൃപ്തി കിട്ടിയില്ല ….
ഇനി താനാരോടെങ്കിലും പറയുമോ എന്നൊരു പേടി അവന്റെ ഉള്ളില്‍ ഉണ്ടാവാതിരിക്കാന്‍ അവളിത്രയും എഴുതി …
” ഞാനാരോടും പറഞ്ഞിട്ടില്ല …
പറയുകയുമില്ല ….” അവള് സെന്‍സിംഗ് മാർക്ക് തൊട്ടു.
രണ്ട് ടിക്ക് വീണതവള്‍ കണ്ടു … രണ്ടു മൂന്ന് പ്രാവശ്യം അവള് ഫോണ്‍ ഇടവിട്ടു നോക്കിയെങ്കിലും ബ്ലൂ ടിക്ക് അവള്‍ക്ക് കാണാന്‍ സാധിച്ചില്ല … അവന് കണ്ടാല്‍ ഉപ്പ പറഞ്ഞ കാര്യം കൂടി പറയാമെന്ന് അവള് കരുതി. അവനുറങ്ങിയെന്ന് കരുതി അവള് ഫോണ്‍ ടേബിളിലേക്ക് വെച്ചു കിടന്നു … വിളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ , അങ്ങനെ മാഷിനെ വിളിക്കാന്‍ മറന്നൊരു ദിവസം ജാസ്മിനുണ്ടായി പുലര്‍ച്ചെ പിരിയഡ് ആയതറിഞ്ഞാണ് ജാസ്മിന് എഴുന്നേറ്റത്… അവള് പാഡുമായി പുറത്തെ ബാത്റൂമിലേക്ക് പോയി .. അത്തരം സമയങ്ങളില്‍ അവള് പുറത്തു പോയേ കുളിക്കാറുള്ളൂ .. കുളിയും കഴിഞ്ഞ് രാവിലത്തെക്കുള്ള ഭക്ഷണവും ഉണ്ടാക്കി വെച്ച് അവള് വന്ന് വീണ്ടും കിടന്നു … വെറുതെ ഫോണെടുത്തു നോക്കിയപ്പോള്‍ ഷാനു മെസ്സേജ് റീഡ് ചെയ്തിരിക്കുന്നതായി കണ്ടു .. മോളിയെ കുളിപ്പിച്ചൊരുക്കി വിടാന്‍ നേരം ഷാനു പുറത്തു നിന്ന് കുളി കഴിഞ്ഞു വരുന്നതവള്‍ കണ്ടു .. അവന് ഇറങ്ങിപ്പോകുന്നത് അവള് കണ്ടിരുന്നില്ല … “മോളിയെ ഞാന്‍ കൊണ്ടാക്കിക്കോളാം…” അവന് പറഞ്ഞു … “നീയെവിടെപ്പോകുന്നു ….?” അവള്‍ക്ക് ചോദിക്കാതിരിക്കാനായില്ല .. ” കോളേജിലൊന്നു പോകണം , മിഥുന് പറഞ്ഞിരുന്നു … ” ഷാനു മുറിക്കകത്തേക്ക് കയറി .. തന്റെ ക്ഷമ നശിച്ചു തുടങ്ങിയത് ജാസ്മിന് അറിഞ്ഞു തുടങ്ങിയിരുന്നു … ഭക്ഷണ ശേഷം മോളിയേയും കൂട്ടി ഷാനു പോയിക്കഴിഞ്ഞതോടെ അവളാകെ തകര്‍ന്നു …. ഒരു വശത്ത് പീരിയഡിന്റെ അവശത .. മറുവശത്ത് മാനസിക പിരിമുറുക്കം …
കുറച്ചു കഴിഞ്ഞപ്പോള്‍ മാഷ് അവളെ വിളിച്ചു …
മുംതാസിന് കുറവുണ്ടെന്നും നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ വരുമെന്നും വന്നാല്‍ ഒരു സ്ഥലം വരെ പോകണമെന്നും ഷാഹിറിനോട് അനുവാദം ചോദിച്ചു വെക്കാനും മാഷവളോട് പറഞ്ഞു. ജാസ്മിന് എല്ലാം മൂളിക്കേട്ടു … മാഷെന്നല്ല, ആരു പറഞ്ഞാലും മനസ്സിലാകാത്ത ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവള് … ഷാഹിര്‍ വിളിച്ചപ്പോള്‍ അവളത് പറഞ്ഞു. മാഷിന്റെ കൂടെ പോകുന്നതില്‍ ഷാഹിര്‍ ഒരെതിര്‍പ്പും പറഞ്ഞില്ലെന്ന് മാത്രമല്ല, അവരെ ശ്രദ്ധിക്കുക കൂടി വേണമെന്ന് പറഞ്ഞേല്ലിക്കുകയും ചെയ്തു … ഷാനുവിനോട് ബൈക്കിന്റെ കാര്യത്തിനായി അയാളെ ഇന്നു തന്നെ വിളിക്കാന്‍ ഷാഹിര്‍ പറഞ്ഞു. സത്യത്തില്‍ അവളാ കാര്യം മറന്നു പോയിരുന്നു … ഷാഹിറിന്റെ കോള്‍ കട്ടായ ശേഷം അവള് ഷാഹിര്‍ വിട്ട നമ്പര്‍ ഷാനുവിന്റെ വാട്സാപ്പിലേക്കിട്ടു… അതിനു ശേഷം അവനെ വിളിച്ചു … അവള് വിളിച്ചപ്പോള്‍ അവന് എടുത്തില്ല, തിരിച്ചു വിളിക്കുകയാണുണ്ടായത്. ” എന്താ ജാസുമ്മാ ….” ” ഇയ്യെവിടാ …. 2?” “കല്ലറ്റയ്ക്ക് പോവുകയാ, മിഥുനുമുണ്ട് … ” ” ഉപ്പ വിളിച്ചിരുന്നു … ബൈക്കിന്റെ കാര്യത്തിന് അന്നോട് വിളിക്കാന്‍ പറഞ്ഞു ഒരു നമ്പര്‍ തന്നിട്ടുണ്ട്. വാട്സാപ്പിലിട്ടിട്ടുണ്ട് , ഇന്നുതന്നെ വിളിക്കാന്‍ പറഞ്ഞു … ” ” ഞാന്‍ വിളിച്ചോളാം ഉമ്മാ …” അവനില്‍ നിന്ന് സന്തോഷാതിരേകത്താല്‍ ഒരു മറുപടി പ്രതീക്ഷിച്ചിരുന്ന ജാസ്മിന് പെട്ടെന്ന് നിശബ്ദയായി .. ഉമ്മയുടെ ശബ്ദം കേള്‍ക്കാതിരുന്നപ്പോള്‍ അവന് ഫോണ്‍ കട്ടാക്കി … ബൈക്കിന്റെ കാര്യം പറയുമ്പോള്‍ അവന് സന്തോഷവാനാകുമെന്നും പിണക്കം മാറിത്തുടങ്ങുമെന്നും അവള് കരുതിയിരുന്നു .. അന്നും ജാസ്മിന് വിരസമായ പകലായിരുന്നു … വൈകുന്നേരം മോളിയേയും കൂട്ടി ഷാനു വന്നു … ബൈക്ക് കിട്ടുന്നതിന്റെ സന്തോഷമൊന്നും അവനില്‍ കണ്ടില്ല, ചായകുടി കഴിഞ്ഞ് പതിവു പോലെ ഗെയിം… മോളിയെ പഠിപ്പിക്കല്‍, ഷാനു എന്തെങ്കിലും പറഞ്ഞു തന്റെയടുത്ത് വരുമെന്നും ബൈക്കിന്റെ കാര്യമെങ്കിലും ചോദിക്കുമെന്നും അവള് കരുതി , അതുണ്ടായില്ല .. മനസ്സുമടുത്ത് ജാസ്മിന് കുറച്ചു നേരം പോയിക്കിടന്നു. ഭക്ഷണത്തിനായി മോളി ബഹളം വെച്ചപ്പോഴാണ് അവള് എഴുന്നേറ്റത്.
