ഖല്‍ബിലെ മുല്ലപ്പൂ 1അടിപൊളി  

അവള്‍ക്കറിയാതെ തന്നെ ചിരി വന്നു …

പാചകത്തിനൊപ്പം അവളുടെ സംശയങ്ങള്‍ക്ക്‌ മറുപടി കൊടുക്കുന്ന അവനെയോര്‍ത്ത്‌ ജാസ്മിന്‍ അത്ഭുതം കൂറി… മോളി, ഇത്തരമൊരവസ്ഥയില്‍ തന്നോട്‌ ചോദിക്കുമ്പോള്‍ ഉള്ള തന്റെ മാനസികാവസ്ഥയും പ്രവര്‍ത്തിയും അവളൊന്നാലോചിച്ചു. ഒരു തവണ, അല്ലെങ്കില്‍ രണ്ടു തവണ മറുപടി കൊടുക്കും… പിന്നീടത്‌ ദേഷ്യമാകും , ശകാരമാകും , പിന്നീടവളെ ഓടിച്ചു വിടും … ഷാനു ക്ഷമയുടെ അഞ്ങേയറ്റമാണ്‌ …. ആ അവനാണിന്നലെ ….! വീണ്ടും ചിന്തകള്‍ വഴി പിരിഞ്ഞു … അടുത്ത നിമിഷം തിളച്ച എണ്ണയില്‍ കടുകും കറിവേപ്പിലയും മൊരിഞ്ഞ ഗന്ധം വന്നു … ചിന്തകള്‍ വിശപ്പിനു വഴിമാറി … ക്ഷീണവും വിശപ്പും അവളുടെ ജഠരാഗ്നിയെ ഇരട്ടിയാക്കി. മര്‍ജ്ജാര പാദത്തോടെ അവളവരിലേക്കടുത്തു. ശ്വാസം വിടാതെ, ഒരല്പം കുസൃതിയോടെ അവള്‍ മോളിക്കു പിന്നില്‍ നിന്ന്‌ എത്തിനോക്കി .. ഇടം കൈ കൊണ്ട്‌ അരിഞ്ഞു വെച്ച ക്യാരറ്റും , സവാളയും ഇഞ്ചിയും പച്ചമുളകും അവന്‍ ചിനച്ചട്ടിയിലേക്ക്‌ തട്ടുന്നതും വഴറ്റുന്നതും അവള്‍ കണ്ടു .. ഇടതു വശത്ത്‌ വറുത്തു വെച്ച റവ അവള്‍ കണ്ടു .. ഉപ്പുമാവാണ്‌ പരിപാടി ….. വലത്തേ ഭാഗത്തിരുന്ന മഗ്ഗിലെ വെള്ളം, ഒരല്പം പിന്നോട്ട്‌ മാറി ഷാനു ചീനച്ചട്ടിയില്‍ ഒഴിച്ചു. തല പിന്നോട്ടാക്കി ജാസ്മിന്‍ മോളിയെ തൊടാതെ നിന്നു . ഡപ്പയില്‍ നിന്ന്‌ ഒരു നുള്ള്‌ ഉപ്പെടുത്ത്‌ അതിലിട്ട്‌ തവികൊണ്ട്‌ നന്നായി ഇളക്കിയിട്ട്‌ , തവിയുടെ അറ്റത്തെ ഉപ്പുവെള്ളവുമായി ഷാനു , മോളിയുമായി തിരിഞ്ഞു .. ” ഉപ്പ്‌ നോക്കുമ്മാ …..” മോളിയും അപ്പോഴാണ്‌ ജാസ്മിനെ കണ്ടത്‌ .. നിന്ന നില്‍പ്പില്‍ ജാസ്മിന്‍ പുകഞ്ഞു കത്തിപ്പോയി … അവളുടെ ചിന്താ സരണികളുടെ ആയിരം കാതങ്ങളിലകലെപ്പോലും അതെങ്ങനെ സംഭവിച്ചുവെന്നും, അവനറിഞ്ഞുവെന്നും ഉത്തരമുണ്ടായിരുന്നില്ല .. അറിയാതെ അവള്‍ വലത്തേ ഉള്ളം കൈ നീട്ടിപ്പോയി … തന്റെ മരച്ച ഉള്ളം കൈയില്‍ ആണ്‌ തവി തൊട്ടതെന്ന്‌ അവളറിഞ്ഞു… അവന്റെ കണ്ണിലേക്ക്‌ നോക്കി തന്നെ ഉള്ളം കൈ അവള്‍ നാക്കിലേക്ക്‌ ചേര്‍ത്തു. യാന്ത്രികമായി തന്നെ കുഴപ്പമില്ല എന്നയര്‍ത്ഥത്തില്‍ അവള്‍ ശിരസ്സിളക്കിപ്പോയി..

മോളിയുമായി ഷാനു തിരിഞ്ഞു …

വെള്ളം തിളച്ചിരുന്നു ….

” ഇതായോ ഇക്കാക്കാ…?” ” ആയി മോളിക്കുട്ട്യേ …. ” പറഞ്ഞിട്ട്‌ ഷാനു ഇടം കൈ കൊണ്ട്‌ റവയിരുന്ന പാത്രം ചീനച്ചട്ടിയിലേക്ക്‌ ചെരിച്ച്‌, അല്ലാല്പമായി റവ ഇടുന്നതിനനുസരിച്ച്‌ വലം കൈയിലെ തവി ഇളക്കിക്കൊണ്ടിരുന്നു … ജാസ്മിന്റെ മരച്ചു പോയ ബോധമണ്ഡലം പതിയെ ഉണര്‍ന്നു തുടങ്ങി … ഷാനു … അവന്‍ ഷാനു മാത്രമാണെന്ന്‌ തിരിച്ചറിയുകയായിരുന്നു … ഷാനു – ഷാനു … ഉപ്പുപരല്‍ തൊണ്ടയില്‍ കുരുങ്ങിയ പോലെ ജാസ്മിനു തോന്നി. തന്റെ മനസ്സിലെ അവസാന സംശയത്തിന്റെ നൂലിഴ കടുംകെട്ട്‌ അവന്റെ ഓരോ പ്രവര്‍ത്തികളാലും അഴിഞ്ഞു തുടങ്ങുന്നത്‌ അവള്‍ അറിഞ്ഞു …

ഒരു പെണ്ണ്‌ തേടുന്നതാരോ , അവന്‍ തന്നെയാണിവന്‍ … ജാസ്മിനും പെണ്ണായിരുന്നുവല്ലോ…. അര്‍ദ്ധ നിമിഷം … ഷാനു ഗ്യാസ്‌ ഓഫ്‌ ചെയ്ത്‌ തിരിയുന്നതിനു മുന്‍പേ , മോളിക്ക്‌ പിന്നിലേക്ക്‌ ചേര്‍ന്ന്‌ അവള്‍ ഷാനുവിന്റെ നെഞ്ചില്‍ പിടി മുറുക്കി … ” ന്റെ മക്കളേ … ” എന്നൊരു വിളി മാത്രം പതിയെ, വളരെ നേര്‍ത്ത്‌ പുറത്തേക്ക്‌ വന്നു.. അവളുടെ മുറുക്കലില്‍ ശ്വാസം കിട്ടാതായത്‌ മോളിക്കാണ്‌ … “ചാസം മുട്ടണ്‌ … ” എന്നിട്ടും ജാസ്മിന്‍ പിടി വിട്ടില്ല …

“ച്ച്‌ നീം പനി വരുത്തും ജാച്ചുമ്മ … ” കഴിഞ്ഞ ദിവസത്തെ പനിയുടെ ഓര്‍മ്മയില്‍ മോളി പറഞ്ഞു. അവളുടെ പിടി പതിയെ അയഞ്ഞു … ഒരു നീര്‍ത്തുള്ളി അവളുടെ മിഴികളില്‍ നിന്ന്‌ കവിളിലൂടെ താഴേക്കുരുണ്ടു വീണു .. അവനെ അവിശ്വസിച്ചത്‌ തന്റെ തെറ്റു തന്നെയാണെന്ന്‌ , അവളുടെ അര്‍ദ്ധമനസ്സ്‌ പറഞ്ഞു.

Updated: November 21, 2026 — 10:05 pm

Leave a Reply

Your email address will not be published. Required fields are marked *