“ഈ വെള്ളിയാഴ്ച കഴിഞ്ഞാൽ അടുത്ത തിങ്കളാഴ്ചവരെ നീ നാട്ടിലേക്കു
പൊയ്ക്കോ.”
ആദിത്യൻ അവളെ നോക്കി.
“എന്തിന്?”
“വീട്ടിൽ എല്ലാ വർഷവും നടക്കുന്ന ഒരു പൂജയുണ്ട്.”
“എന്തു പൂജ?”
“എനിക്ക് പൂർണമായി അറിയില്ല. കുടുംബത്തിലെ പഴയ പൂജയാണ്.”
അവളുടെ ശബ്ദം സാധാരണമായിരുന്നെങ്കിലും ആദിത്യന്റെ ജാഗ്രത ഉണർന്നു.
“എല്ലാവരും പങ്കെടുക്കുമോ?”
“കുടുംബത്തിലുള്ളവർ. പൂജയ്ക്കാവശ്യമായ കുറച്ച് ജോലിക്കാരും.”
“മറ്റുള്ളവർ?”
“അവർക്കു അവധി നൽകും. വെള്ളിയാഴ്ച വൈകിട്ട് പോകാം. തിങ്കളാഴ്ച രാവിലെ തിരിച്ചുവന്നാൽ മതി.”
“ഡ്രൈവറെ ആവശ്യമില്ലേ?”
“ആ ദിവസങ്ങളിൽ ആരും പുറത്തുപോകാറില്ല.”
ആദിത്യൻ ഒന്നും ചോദിക്കാതെ മുന്നോട്ടുനോക്കി.
അപർണ അവന്റെ കൈയിൽ കൈവച്ചു.
“ഇനി മറ്റൊരു കാര്യമുണ്ട്.”
“എന്ത്?”
“ഈ വാരാന്ത്യത്തിൽ അച്ഛനോട് നമ്മളെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ ആലോചിക്കുന്നത്.”
ആദിത്യന്റെ വിരലുകൾ സ്റ്റിയറിംഗിൽ മുറുകി.
“ഇപ്പോൾതന്നെയോ ?”
“ഒമ്പതുമാസമായി നീ ഇവിടെ വന്നിട്ട്.”
“അതുകൊണ്ട്?”
“ഇനിയും മറച്ചുവയ്ക്കാൻ ഇഷ്ടമില്ല. മറച്ചു വച്ചാൽ നിന്നെ ഒരു ഡ്രൈവർ ആയെ എല്ലാരും എന്നും കാണു. ഇപ്പൊ തന്നെ സമയം വൈകിയിരിക്കുന്നു.”
“വാർഷികപൂജയ്ക്കിടയിൽ പറയണോ?”
“പൂജ കഴിഞ്ഞശേഷം. അച്ഛന് മനസ്സ് ശാന്തമായിരിക്കുന്ന സമയം നോക്കും.”
“അദ്ദേഹം സമ്മതിച്ചില്ലെങ്കിൽ?”
“സമ്മതിപ്പിക്കും.”
“ഭൈരവൻ?”
അപർണ പുഞ്ചിരിച്ചു.
“അവനെയും.”
“ഈ എനിക്ക് കുറച്ച് അടികൂടി കിട്ടുമോ?”
“ഒരുപക്ഷേ ചീത്ത വാക്കുകൾ കിട്ടും.”
“അടിയോ?”
“ഞാൻ തടയും.”
അവൾ അവന്റെ കൈയിൽ വിരലുകൾ മുറുക്കി.
“നീ തിരികെ വരുമ്പോൾ അച്ഛൻ വിളിച്ചു ശാസിച്ചേക്കാം. ഭൈരവൻ എന്തെങ്കിലും പറയാം. പൂർണമായി സമ്മതിക്കാൻ സമയം വേണ്ടിവരും. പക്ഷേ നീ പേടിക്കരുത്.”
“എനിക്കുവേണ്ടിയാണോ നീ എല്ലാവരോടും പോരാടാൻ പോകുന്നത്?”
“നമ്മൾക്കുവേണ്ടി.”
ആ വാക്ക് ആദിത്യന്റെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു.
“നിനക്കു ഉറപ്പാണോ?”
“ഉണ്ട്.”
അവൾ പുഞ്ചിരിച്ചു.
“നീ വന്ന് എല്ലാം കൂടുതൽ കുഴപ്പമാക്കാതിരുന്നാൽ മതി. ബാക്കി ഞാൻ നോക്കും.”
ആദിത്യൻ പുറത്തേക്കു ചിരിച്ചെങ്കിലും ഉള്ളിൽ മറ്റൊരു ചിന്ത ഉയർന്നു.
വാർഷികപൂജ.
മിക്ക ജോലിക്കാരെയും പുറത്താക്കുന്നു.
കുടുംബം അകത്ത് ഒറ്റയ്ക്കാകുന്നു.
ദീർഘകാലമായി അന്വേഷിച്ചിരുന്ന രഹസ്യത്തിലേക്കുള്ള വാതിലാകാം അത്.
അടുക്കളയ്ക്കു പിന്നിലെ സംഭാഷണങ്ങളും മാറിയിരുന്നു.
“ഈ വർഷം ആരെയൊക്കെയാണ് നിർത്തുന്നത്?” മാളു ചോദിച്ചു.
ലക്ഷ്മി തയ്യാറാക്കേണ്ട സാധനങ്ങളുടെ പട്ടിക പരിശോധിക്കുകയായിരുന്നു.
“അടുക്കളയിൽ ഞാൻ. സഹായത്തിന് ജാനകി. പൂജാമുറിക്കു ഗോപാലൻ നായർ. കാര്യസ്ഥന്റെ ആളുകളിൽ രണ്ടുപേർ.”
“ദേവകിയോ?”
ദേവകിയുടെ കൈയിലെ കത്തി നിശ്ചലമായി.
ലക്ഷ്മി അവളെ നോക്കി.
“അവളോടു ശനിയാഴ്ച രാവിലെവരെ നിൽക്കാൻ പറഞ്ഞിട്ടുണ്ട്.”
ദേവകിയുടെ മുഖം വിളറി.
“എന്തിനാണ്?”
“എനിക്കറിയില്ല.”
“എന്നെ പറഞ്ഞുവിടുമോ?”
ആദിത്യൻ തിണ്ണയിൽ ചായ കുടിക്കുകയായിരുന്നു. അവൻ ശ്രദ്ധിക്കാത്തതുപോലെ ഇരുന്നെങ്കിലും ഓരോ വാക്കും കേട്ടു.
“എന്തുകൊണ്ടാണ് അങ്ങനെ കരുതുന്നത്?” അവൻ ചോദിച്ചു.
ദേവകി മറുപടി പറയാതെ ലക്ഷ്മിയെ നോക്കി.
മാളുവാണ് പറഞ്ഞത്:
“വാർഷികപൂജയുടെ സമയത്താണ് ചില ജോലിക്കാർക്ക് അവസാനത്തെ കണക്ക് കൊടുക്കുന്നത്.”
“അവസാനത്തെ കണക്ക്?”
“ഇനി ജോലിക്കു വരേണ്ടെന്ന് പറഞ്ഞ് പണം നൽകി അയക്കും.”
“എല്ലാവർഷവും?”
“എല്ലാവർഷവും അല്ല. പക്ഷെ മിക്ക വർഷങ്ങളിലും.”
“എന്തിന്റെ അടിസ്ഥാനത്തിലാണ്?”
ലക്ഷ്മി കടുപ്പത്തോടെ പറഞ്ഞു:
“അധികം ചോദിക്കാതിരിക്കുന്നത് നല്ലത്.”
ദേവകിയുടെ കണ്ണുകൾ നിറഞ്ഞു.
“എനിക്കുവേറെ എവിടെയും ജോലി കിട്ടില്ല.”
“നിന്നെ പറഞ്ഞുവിടുമെന്ന് ആരാണ് പറഞ്ഞത്?” ലക്ഷ്മി ചോദിച്ചു.
“ശനിയാഴ്ച നിൽക്കാൻ പറഞ്ഞില്ലേ.”
“പൂജയ്ക്കു സഹായം ആവശ്യമായിരിക്കും.”
“മുൻപ് ശനിയാഴ്ച്ചക്ക് മാത്രം നിർത്തിയവരെല്ലാം പിന്നീട് പോയതല്ലേ?”
അടുക്കളയിൽ നിശ്ശബ്ദതയായി.
