എന്നാൽ കാത്തിരുന്നു.
തെളിവ് വേണം.
ഇത് ഭൈരവന്റെ സ്വന്തം പ്രവൃത്തിയാണോ?
പിന്നിൽ മറ്റുള്ളവരുണ്ടോ? നീലവളയുടെ ബന്ധം എന്താണ്? നീലവളക്ക് മനുഷ്യ ആയുസ്സ് ആവശ്യമാണോ? ഒന്നും മനസ്സിലാകുന്നില്ല,
കർമ്മം അവസാനഘട്ടത്തിലെത്തി.
ഭൈരവൻ ദേവകിയുടെ പിന്നിൽ നിന്നു.
അവന്റെ ശ്വാസം മാറി.
ആദ്യം തോളുകൾ വീതി കൂട്ടി.
വിരലുകൾ വളഞ്ഞു. നഖങ്ങൾ നീണ്ടു.
മുഖത്തിന്റെ അസ്ഥികൾ ചർമ്മത്തിനടിയിൽ ചലിച്ചു. താടി മുന്നോട്ടുതള്ളി. പല്ലുകൾ നീണ്ടു. കണ്ണുകളിൽ മഞ്ഞപ്രകാശം തെളിഞ്ഞു.
മനുഷ്യരൂപത്തിന്റെയും ചെന്നായരൂപത്തിന്റെയും ഇടയിലുള്ള വികൃതി.
ഹൈബ്രിഡ് ലൂപിൻ.
ആദിത്യന്റെ സംശയം തെറ്റി. അവന്റെ കയ്യിൽ നീളവളയില്ല.
ഭൈരവൻ ലൂപിനാണ്. ഒരു ലൂപിന് ഒരിക്കലും വളയുടെ ധാരകനാകാൻ കഴിയില്ല. അച്ഛൻ തിരുമേനി തന്നെയാണ് വളധാരാകൻ. അതായിരിക്കണം അദ്ദേഹത്തിന് അന്ന് ഞങ്ങളെ രണ്ടിനേം പിടിച്ചുമാറ്റാൻ ഉള്ള ശക്തിയുണ്ടായത്. പക്ഷെ ഇവൻ ലൂപ്പിൻ ആണെങ്കിൽ ഇത്രേം നാളുകളായിട്ടും പൂർണചന്ദ്ര രാത്രികളിൽ താൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നിട്ടും രൂപാന്തരീകരണത്തിന്റെ ഒരു തെളിവും കിട്ടിയിട്ടില്ല.
അവൻ ഇങ്ങനെ ആലോചനയിൽ മുഴുകിയിരുന്നപ്പോൾ ദേവകി കണ്ണുകൾ തുറന്നു.
പിന്നിൽ നിന്നുയർന്ന ശ്വാസത്തിന്റെ ശബ്ദം കേട്ട നിമിഷം അവൾ തിരിഞ്ഞുനോക്കാൻ ശ്രമിച്ചു.
ഭൈരവന്റെ കൈ അവളുടെ തോളിൽ പതിച്ചു.
നീണ്ട നഖങ്ങൾ വസ്ത്രത്തിലൂടെ കുത്തിയിറങ്ങി.
ദേവകിയുടെ നിലവിളി പുറത്തുവരുന്നതിനു മുൻപ് മറ്റേ കൈ അവളുടെ വായ് മൂടി.
അവൻ തല താഴ്ത്തി.
കൂർത്ത പല്ലുകൾ അവളുടെ കഴുത്തിലേക്കു നീങ്ങി.
മരപ്പാളിയുടെ മറവിൽ ആദിത്യന്റെ ഇടതുകൈയിൽ പാൽനിറമുള്ള പ്രകാശം തെളിഞ്ഞു.
കാത്തിരിക്കേണ്ട സമയം അവസാനിച്ചിരുന്നു.
മരപ്പാളിയുടെ മറവിൽ ആദിത്യന്റെ ഇടതുകൈയിൽ പാൽനിറമുള്ള പ്രകാശം തെളിഞ്ഞു.
ഭൈരവന്റെ പല്ലുകൾ ദേവകിയുടെ കഴുത്തിൽ ആഴ്ന്നിറങ്ങി.
അവളുടെ ശരീരം ഞെട്ടിവിറച്ചു. വായ് മൂടിയിരുന്ന ഭൈരവന്റെ കൈക്കുള്ളിൽ നിലവിളി
ശ്വാസംമുട്ടിയൊരു ഞരക്കമായി ഒടുങ്ങി. അടുത്ത നിമിഷം കഴുത്തിലെ മുറിവിൽനിന്ന് രക്തം ശക്തിയായി പുറത്തേക്കു ചീറ്റി. പൂജാവൃത്തത്തിന്റെ നടുവിൽ വരച്ചിരുന്ന വെളുത്ത ചിഹ്നങ്ങൾക്കുമുകളിൽ ചുവന്ന തുള്ളികൾ പതിച്ചു.
ഓരോ തുള്ളിയും നിലത്തു വീണപ്പോൾ മന്ത്രവൃത്തം ചൂടുപിടിക്കുന്നതുപോലെ മങ്ങിയ പ്രകാശം പരന്നു.
ഭൈരവൻ അവളുടെ ജീവസ്പന്ദനം കുടിച്ചെടുക്കുകയായിരുന്നു.
വെറും രക്തമല്ല.
ആദിത്യന് വെളുത്ത വളയിലൂടെ അത് വ്യക്തമായി അനുഭവപ്പെട്ടു. ദേവകിയുടെ ശരീരത്തിൽനിന്ന് ശക്തി വേഗത്തിൽ ഒഴുകിപ്പോകുന്നു. ഹൃദയമിടിപ്പ് അനിയന്ത്രിതമായി ഉയരുന്നു. രക്തസമ്മർദം താഴുന്നു. പേശികൾ തളരുന്നു.
ഇനി ഏതാനും നിമിഷങ്ങൾ വൈകിയാൽ അവളെ രക്ഷിക്കാൻ കഴിയില്ല.
ആദിത്യൻ മരപ്പാളിയിൽ കൈവച്ചു.
വെളുത്ത വളയുടെ ശക്തി വിരലുകളിലൂടെ ഒഴുകി. ശക്തമായൊരു തള്ളലിൽ പഴയ മരപ്പാളി പുറത്തേക്കു തെറിച്ചു. അത് പൂജാമുറിയുടെ നിലത്തു പതിച്ച് കഷണങ്ങളായി പിളർന്നു.
ശബ്ദം കേട്ട് ഭൈരവൻ തല ഉയർത്തി.
അവന്റെ ചുണ്ടുകളിലും നീണ്ട പല്ലുകളിലും രക്തം പറ്റിയിരുന്നു. മനുഷ്യന്റെയും ചെന്നായയുടെയും ഇടയിലുള്ള മുഖം ക്രോധത്തിൽ കൂടുതൽ വികൃതമായി. കണ്ണുകളിലെ മഞ്ഞപ്രകാശം ആദിത്യനിൽ പതിഞ്ഞു.
ആ നോട്ടത്തിൽ തിരിച്ചറിവുണ്ടായിരുന്നില്ല.
മാധവൻ എന്ന ഡ്രൈവറെ കണ്ട അതിശയവുമില്ല.
വിശപ്പും ക്രോധവും മാത്രമായിരുന്നു.
ആദിത്യൻ മരപ്പാളിയുടെ മറവിൽനിന്ന് പുറത്തേക്കു ചാടി.
അവൻ ആദ്യം ആക്രമിച്ചത് ഭൈരവനെയല്ല.
ദേവകിയുടെ ശരീരത്തെയാണ്.
ഭൈരവന്റെ പിടിയിലുണ്ടായിരുന്ന പെൺകുട്ടിയുടെ അരക്കെട്ടിൽ കൈചുറ്റി ഒറ്റവലിക്ക് പിന്നോട്ടെടുത്തു. അതേ സമയം ഇടതുകൈ കൊണ്ട് ഭൈരവന്റെ താടിയുടെ അടിഭാഗത്ത് മുകളിലേക്കു പ്രഹരിച്ചു.
വെളുത്ത വളയുടെ ശക്തി കൈമുട്ടിലൂടെ പൊട്ടിത്തെറിച്ചു.
ഭൈരവന്റെ തല പിന്നോട്ടുതെറിച്ചു. പല്ലുകൾ ദേവകിയുടെ കഴുത്തിൽനിന്ന് പുറത്തുവന്നു. അവളുടെ മുറിവിൽനിന്ന് വീണ്ടും രക്തം ചീറ്റി.
