“എന്റെ ബ്രോ, ഇത്രയും പ്രധാനപ്പെട്ട കാര്യത്തെ ഞങ്ങളില്‍ നിന്നും മറച്ചു വയ്ക്കാന്‍ എങ്ങനെ തോന്നി?” വിടര്‍ന്ന കണ്ണുകളോടെ ഫ്രാന്‍സിസ് ചോദിച്ചു.
“ബ്രോ വന്നേ, നമുക്കിടയിൽ ഒരു മാച്ച് വയ്ക്കാം.” അന്‍സാര്‍ എന്നോട് പറഞ്ഞു.
“വേണ്ട ബ്രോ. ബ്രോ തന്നെയാ ജയിച്ചത്. മാച്ച് ഒന്നും വേണ്ട.” ഞാൻ പറഞ്ഞു.
“അതെന്താ, മാച്ച് തുടങ്ങും മുന്നേ റൂബി ചേട്ടൻ പേടിച്ചു പോയോ?” ഷാഹിദ കളിയാക്കി.
അത് ഡാലിയയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. “സ്വന്തമായി ഡോജോ നടത്തുന്ന റൂബി ചേട്ടൻ അങ്ങനെയൊന്നും പേടിക്കില്ല.” അവൾ കടുപ്പിച്ച് പറഞ്ഞു. “ഇന്ത്യയ്ക്കത്ത് പല സ്റ്റേറ്റുകളിലും ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ ചേട്ടന്റെ മാസ്റ്റർ ചേട്ടനെ സെലക്ട് ചെയ്തതാണ്. പക്ഷേ അതിലൊന്നും താല്‍പര്യം ഇല്ലാത്തത് കൊണ്ട് ചേട്ടൻ എങ്ങും പോയില്ല. അതിന്റെ പേരിലാണ് ചേട്ടനും ചേട്ടന്റെ മാസ്റ്ററും തമ്മില്‍ പിണങ്ങിയത്. കൂടാതെ കളരി പയറ്റിലും ചേട്ടൻ തെളിഞ്ഞ അഭ്യാസിയാണ്.” ഞാൻ എത്ര തുറിച്ചു നോക്കിയിട്ടും എന്നെ കാര്യമാക്കാതെ ഡാലിയ എല്ലാം തുറന്നടിച്ചു.
അതുകേട്ട് അവളുടെ കൂട്ടുകാരികളും ഭർത്താക്കന്മാരൂം ശെരിക്കും അന്തംവിട്ടു. ഷാഹിദ എന്നെയും അന്‍സാറേയും മാറിമാറി നോക്കി.
“എന്റെ ബ്രോ. ഇത്ര കഴിവുള്ള നിങ്ങളോട് പൊരുതാൻ എനിക്ക് അതിയായ ആഗ്രഹമുണ്ട്. ആ ആഗ്രഹം എനിക്ക് സാധിച്ചു തരണം. ഒരു പട്ടാളക്കാരന്റെ സ്പിരിറ്റ് ആണെന്ന് കൂട്ടിക്കൊ.”
“ഞങ്ങൾക്കും നിങ്ങളുടെ ഫൈറ്റ് കാണണം.” രാഹുല്‍, അഭിനവ്, പിന്നെ ഫ്രാന്‍സിസും ഒച്ച ഉണ്ടാക്കി .
“നിന്റെ അഭ്യാസം കണ്ടിട്ട് വര്‍ഷങ്ങളായടാ മോനെ. എനിക്കും കാണണം.” വല്യച്ചനും ആവശ്യപ്പെട്ടപ്പോ എനിക്ക് സമ്മതിക്കേണ്ടി വന്നു.
ഞാൻ എഴുനേറ്റ് ചെന്ന് അന്‍സാറിന് മുന്നില്‍ മനസ്സില്ലാമനസ്സോടെ നിന്നു.
“എന്റെ കഴിവിനെ ബ്രോ ബഹുമാനിക്കുന്നുണ്ടെങ്കിൽ കരുതിക്കൂട്ടി ബ്രോ തോറ്റു തരരുത്.” എന്റെ മനസ്സ് വായിച്ച പോലെ അന്‍സാര്‍ പറഞ്ഞതും ഞാൻ തല ചൊറിഞ്ഞു. അപ്പോ ഡാലിയ ചിരിച്ചത് ഞാൻ കേട്ടു.
“നിനക്ക് ഞാൻ വച്ചിട്ടുണ്ട്.” അവളെ നോക്കി ഞാൻ പറഞ്ഞതും എല്ലാവരും ചിരിച്ചു. ഡാലിയ കൊഞ്ഞനം കുത്തി കാണിച്ചു. അവൾ അങ്ങനെ ചെയ്തത് കാണാന്‍ നല്ല രസമായിരുന്നു.
“എന്നാ തുടങ്ങിക്കോ.” എന്റെ അങ്കിള്‍ റഫറി അനുവാദം തന്നു.
അന്‍സാര്‍ ഒട്ടും താമസിച്ചില്ല. അവന്‍ വളരെ വേഗത്തിൽ ലെഗ് സ്വീപിലൂടെ എന്നെ വീഴ്ത്താനുള്ള ടെക്നിക്ക് പ്രയോഗിച്ചു. അങ്ങനെ വീഴ്ത്തി എന്റെ നെഞ്ചില്‍ മുഷ്ടി അമർത്തി മാച്ച് പെട്ടന്ന് അവസാനിപ്പിക്കാനായിരുന്നു അവന്റെ പ്ലാൻ.
പക്ഷേ എന്താണ് സംഭവിച്ചതെന്ന് അന്‍സാറും മറ്റുള്ളവരും മനസ്സിലാക്കും മുന്നേ എല്ലാം കഴിഞ്ഞിരുന്നു. അതും വെറും മൂന്ന് സെക്കണ്ടിൽ.
നിലത്ത് കിടന്നു കൊണ്ട് അവന്റെ നെഞ്ചത്ത് തൊട്ടിരുന്ന എന്റെ മുഷ്ടിയിലും മുഖത്തും അന്‍സാര്‍ മാറിമാറി അന്തംവിട്ടു നോക്കി.
“ങേ, കഴിഞ്ഞോ? ശെരിക്കും എന്താ സംഭവിച്ചത്?” അവിശ്വസനീയതയോടേ അശ്വതി ആരോടോ ചോദിക്കുന്നത് കേട്ടു.
പക്ഷേ ആരും മിണ്ടിയില്ല. ഒരു പുഞ്ചിരിയോടെ എന്റെ മുഷ്ടി അവന്റെ നെഞ്ചില്‍ നിന്നും ഞാൻ മാറ്റി. അവന് നേരെ കൈ നീട്ടിയതും അന്‍സാര്‍ ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു എഴുന്നേറ്റു.
“സത്യത്തിൽ എന്താ സംഭവിച്ചത്…?” തലയും ചൊരിഞ്ഞ് അന്‍സാര്‍ ചോദിച്ചതും പൊട്ടിച്ചിരികൾ ഉയർന്നു.
“ഇത്ര സിമ്പിളായി നി എന്നെ തോൽപ്പിക്കുമെന്ന് ഞാൻ വിചാരിച്ചില്ല, ബ്രോ. എന്തായാലും നിന്നെ സമ്മതിച്ചിരിക്കുന്നു.” അന്‍സാര്‍ ചിരിച്ചു.
“ഞാൻ എന്റെ ഐഡിയയിൽ ജനിച്ച ഒരുപാട് പുതിയ ടെക്നിക്കുകളെ പ്രാക്ടീസ് ചെയ്യുന്നുണ്ട്, ബ്രോ. അതിലൊന്ന് ഞാൻ ഇവിടെ പ്രയോഗിച്ചു.”
അന്‍സാര്‍ ചിരിച്ചുകൊണ്ട് തലയാട്ടി. “എന്തുതന്നെയായാലും നിന്റെ സ്പീഡ് അപാരം തന്നെ.”
“ഇത് വളരെ മോശമായി പോയി.” വല്യച്ചൻ എന്നെ കുറ്റപ്പെടുത്തി. “ഒരു ഫൈറ്റ് കണണമെന്ന് കരുതിയതാ, പക്ഷേ കണ്ണടച്ച് തുറക്കും മുമ്പ് എല്ലാം തീര്‍ന്നു.”
