ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

“പുതിയ കൂട്ടുകാരെ കിട്ടിയതും ഞങ്ങളെ മറന്നു എന്നാ കരുതിയത്.” ഒടുവില്‍ സങ്കടം മറച്ച് വല്യമ്മ ചിരിച്ചു.

“ആരേ മറന്നാലും എന്റെ സൂസി കുഞ്ഞിനെ ഞാൻ മറക്കുമോ?”

“പോടാ അവിടന്ന്.” വല്യമ്മ പൊട്ടിച്ചിരിച്ചു. കൂടെ വല്യച്ചനും ആന്റിയും ചിരിച്ചു. “ഞാൻ അവന്റെ കുഞ്ഞ് പോലും.” ഞാൻ കേറി ചെന്നതും വല്യമ്മ എന്റെ കവിളിൽ സ്നേഹത്തോടെ നുള്ള് തന്നു.

“പിന്നേ വല്യമ്മേ, വൈകിട്ട് ഡാലിയയും കൂട്ടുകാരും ഇങ്ങോട്ട് വരുന്നുണ്ട്, കേട്ടോ.”

“അത് നന്നായി. അവരൊക്കെ ഇങ്ങോട്ട് വരാത്തതെന്തേന്ന് ഇവളോട് ഞാൻ ചോദിച്ചതാ.”

“ഇപ്പൊ തന്നെ അവരെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാമായിരുന്നില്ലേ?”

“വേണ്ട എഡ്വിന്‍ ഏട്ടാ. ഉച്ചയ്ക്കുള്ള ഭക്ഷണമൊക്കെ റെഡിയാക്കി വച്ചിട്ടാ ഞാൻ വന്നത്. അത് വേസ്റ്റായി പോകും. വൈകിട്ട് എല്ലാവർക്കും ഇവിടെ കൂടാം.” ആന്റി പറഞ്ഞു.

അവർ മൂന്നുപേരേയും അവരുടെ പാടിന് വിട്ടിട്ട് ഞാൻ വീട്ടില്‍ കേറി. സമാധാനമായി കുളിച്ചിട്ട് ഡ്രസ്സും മാറി കുറെ അത്യാവശ്യ കോളുകൾ ഞാൻ ചെയ്തു.

ശേഷം ഞാൻ താഴെ ചെന്നു. ആന്റി അവിടെ ഇല്ലായിരുന്നു. ഞാനും വല്യമ്മയും വല്യച്ചനും ഒരുമിച്ചിരുന്ന് ഊണ്ണ് കഴിച്ചു.

“ഇച്ചായാ, കഴിച്ചിട്ട് നിങ്ങൾ രണ്ടും മാര്‍ക്കറ്റ് വരെ പോണം. വാങ്ങാനുള്ള സാധനത്തിന്റെ ലിസ്റ്റ് ഞാൻ തരാം. വൈകിട്ട് ഒന്നാന്തരം വിരുന്ന് ഒരുക്കാനുണ്ട്.”

അങ്ങനെ സാധനങ്ങള്‍ വാങ്ങാൻ ഞാനും വല്യച്ചനും മാർക്കറ്റിൽ പോയി.

എല്ലാം വാങ്ങി മൂന്ന്‌ മണിക്കാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ വന്നപ്പോ ഡാലിയയും കൂട്ടുകാരും കുട്ടികളും പിന്നേ അങ്കിളും ആന്റിയും എല്ലാം ഉണ്ടായിരുന്നത് കണ്ടിട്ട് വല്യച്ചന് ഭയങ്കര സന്തോഷമായി.

“ഹാഹാ…” ഒരു കുഞ്ഞിനെ പോലെ വല്യച്ചൻ എന്നെ ഒറ്റക്ക് വിട്ടിട്ട് ഓടി. ഓടി ചെന്നത് ആ അഞ്ച് കുട്ടികളുടെ ഇടയിലേക്കാണ്.

ആ കുട്ടികൾ ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും വല്യച്ചന്റെ ചിരിയും, സന്തോഷവും, സൗമ്യമായ പെരുമാറ്റവും, ഇടയ്ക്കിടയ്ക്ക് ഏതെങ്കിലും കുഞ്ഞിനെ തൂക്കിയെടുത്ത് ഇക്കിളിപ്പെടുത്തി ചിരിപ്പിച്ചിട്ട് ഇറക്കി വിടുന്നതുമൊക്കെ ആയപ്പോ, കുട്ടികൾ വല്യച്ചന്റെ പിന്നാലെ കൂടി.

ഇതൊക്കെ ആ കുട്ടികളുടെ അച്ഛനമ്മമാർ ആശ്ചര്യത്തോടും കൗതുകത്തോടും നോക്കി നിന്നുപോയി.

കുട്ടികളെ കാണുമ്പോള്‍ പരിസരം മറക്കുന്ന വല്യച്ചനെ കുറിച്ച് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട്‌ ഞാനും വല്യമ്മയും ഡാലിയയും ആന്റിയും അങ്കിളുമെല്ലാം ചെറു ചിരിയോടെ നിന്നു.

“ബ്രോടെ വല്യച്ചനും ഒരു കുട്ടിയാണല്ലോ!! ഇതില്‍ കുട്ടികൾ ഏതാ വലിയച്ഛന്‍ ഏതാന്ന് എങ്ങനെ തിരിച്ചറിയും?” എല്ലാം കണ്ട് അല്‍ഭുതം മാറാതെ രാഹുല്‍ പറഞ്ഞതും ഒരു കൂട്ടച്ചിരി ഉയർന്നു.

അപ്പോഴും കൈയിൽ കുറെ കിറ്റുകളുമായി ഹാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന എന്റെ അടുത്തേക്ക് ഡാലിയയും കൂട്ടുകാരികളും വേഗത്തിൽ വന്ന് അതൊക്കെ എന്റെ കൈയിൽ നിന്നും വാങ്ങി.

“വണ്ടി നിറച്ചും സാധനങ്ങള്‍ ആണല്ലോ, ബ്രോ?” പുറത്തു നില്‍ക്കുന്ന എന്റെ വണ്ടിയില്‍ നോക്കി അന്‍സാര്‍ ചോദിച്ചു.

“കുറച്ച് ദിവസത്തേയ്ക്ക് നമ്മൾ എല്ലാവരും ഒറ്റ കുടുംബമായി ഇവിടെയാണ് കൂടാൻ പോകുന്നത്. അതിന്റെ ഒരുക്കങ്ങളാണ്.” വല്യമ്മയും ആന്റിയും നടന്ന് അടുത്തുവന്നു നിന്നിട്ട് അന്‍സാറോട് പറഞ്ഞു.

“അടിപൊളി…” ഇതുകേട്ട് നിന്ന ഫ്രാന്‍സിസ് ഒന്ന് കൂവി. എന്നിട്ട് എല്ലാ പല്ലുകളും കാണിച്ച് ഇളിച്ചു .

“എടാ രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, ഇങ്ങു വന്നേ. ബ്രോടെ വണ്ടിയിലുള്ള സാധനങ്ങള്‍ ഒക്കെ എടുത്ത് വീട്ടിലാക്കണം.” അന്‍സാര്‍ വിളിച്ചു പറഞ്ഞു.

അതോടെ ഞങ്ങൾ അഞ്ച് പേരും ചേര്‍ന്ന് സാധനങ്ങൾ എല്ലാം ആദ്യം തരം തിരിച്ചു. സ്റ്റോര്‍ റൂമിൽ ആക്കേണ്ടത് സ്റ്റോർ റൂമിലും, പിന്നെയുള്ളത് കിച്ചനിലും ഫ്രിഡ്ജിലും ആക്കിയ ശേഷം, റൂം എല്ലാം ഞങ്ങൾ അറേഞ്ച് ചെയ്തു.

“എടാ മക്കളെ, ആകെ ആറ് റൂമുകളേയുള്ളു… എല്ലാവരും അഡ്ജസ്റ്റ് ചെയ്യണേ..!” എല്ലാവരുടെ ജോലിയും കഴിഞ്ഞ് രാത്രി ഏഴുമണിക്ക് ഹാളില്‍ ഒത്തുകൂടിയ സമയത്താണ് വല്യച്ചൻ എല്ലാവരോടുമായി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *