“അതെന്താ? നി എന്തിനാ അങ്ങനെ പറഞ്ഞത്?” ഞാൻ ചോദിച്ചു.
“അതുപിന്നെ….” ഡാലിയ ഒന്ന് മടിച്ചു. “തല്‍കാലം അതൊന്നും ചേട്ടൻ അറിയണ്ട. ചേട്ടന്റെ മേലുള്ള അവളുടെ നോട്ടം ഒന്നും ശെരിയല്ല.” അത്രയും പറഞ്ഞിട്ട് എന്നെ അവൾ പിടിച്ചെഴുനേൽപ്പിച്ചു.
ഞാൻ കൂടുതലൊന്നും പറയാതെ എഴുനേറ്റ് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. മറ്റ് രണ്ട് മുറികളും തുറന്നാണ് കിടന്നത്.
“ആരെയും കാണുന്നില്ലല്ലോ?എല്ലാവരും എവിടെ?” ഞാൻ ചോദിച്ചു.
“താഴയുണ്ട്. ഓണ സദ്യ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും.” ഡാലിയ പുഞ്ചിരിയോടെ പറഞ്ഞു.
“ഓണസദ്യ ഇന്നാണോ ഉണ്ടാക്കുന്നേ..?” സംശയത്തോടെ ഞാൻ ചോദിച്ചു.
“ഇന്നു മുതൽ തിരുവോണം വരെ എന്നും ഉച്ചക്ക് ഓണ സദ്യയാണെന്ന് അമ്മയും ആന്റിയും തീരുമാനിച്ച് കഴിഞ്ഞു. ഇന്നു മുതൽ നമ്മുടെ വീട്ടില്‍ ആഘോഷം തുടങ്ങുകയാ, ചേട്ടാ.” ഡാലിയ പെട്ടന്ന് ഉത്സാഹവതിയായി.
ഡെയ്സിയുടെ അതേ ചിരി. അവളുടെ ആ ചിരി എന്നില്‍ ചെറിയൊരു നൊമ്പരം സൃഷ്ടിച്ചു.
“പത്തു മണി കഴിഞ്ഞു, കേട്ടോ.” ഡാലിയ സമയത്തെ കുറിച്ച് എന്നെ ബോധവാനാക്കി. “ചേട്ടൻ വേഗം ഫ്രെഷായി വന്നേ. ബ്രേക്ക്ഫാസ്റ്റ് ഞാൻ എടുത്തു വയ്ക്കാം.”
“ബ്രേക്ക്ഫാസ്റ്റ് ഒന്നും വേണ്ട. അത് കുഴിച്ചാല്‍ പിന്നേ ഓണ സദ്യ ഞാൻ എങ്ങനെ കഴിക്കും.”
“എന്നാ വേഗം ഫ്രെഷായി വന്നേ. താഴെ ഓരോരുത്തരും നൂറുവട്ടമെങ്കിലും ചേട്ടനെ അന്വേഷിച്ചു കഴിഞ്ഞു.” അതും പറഞ്ഞ് അവൾ പോയി.
ഞാൻ കുളിച്ച് റെഡിയായി താഴെ ചെന്നു. കുട്ടികൾ ഓടി നടന്ന് അവരുടേതായ എന്തോ കളികൾ കഴിക്കുകയായിരുന്നു. എന്നെ കണ്ടതും അവർ ഓടിവന്ന് ചിരിച്ചുകൊണ്ട് എന്നെ വട്ടം ചുറ്റി കളിച്ചു. എന്നിട്ട് ഓടിക്കളഞ്ഞു. അല്‍പ്പനേരം അവരുടെ കളിയും കുസൃതികളും കണ്ടു നിന്നിട്ട് ഞാൻ കിച്ചനിൽ കേറി ചെന്നു.
കിച്ചണിൽ എല്ലാവരും ജോലി തിരക്കില്‍ ആയിരുന്നു. അങ്കിള്‍ മാത്രം ഓരോ തേങ്ങയും എടുത്ത്, അകത്ത് ബോംബ് ഉള്ളത് പോലെ, സംശയത്തോടെ കുലുക്കി നോക്കുന്നത് കണ്ടതും ചിരി വന്നു.
“ഹായ് ബ്രോ…” മസിലും പിടിച്ച് മത്തങ്ങ അരിഞ്ഞു കൊണ്ടിരുന്ന അഭിനവ് എനിക്ക് ഇളിച്ചു കാണിച്ചു.
“ഹാ, ആരാ ഇത്.” വല്യമ്മ കണ്ണുരുട്ടി. “നോക്കി നില്‍ക്കാതെ വന്ന് സഹായിക്കടാ കള്ളാ.” വാത്സല്യപൂർവം പറഞ്ഞിട്ട് വല്യമ്മ ജോലി തുടർന്നു.
എല്ലാ മുഖങ്ങളും എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും അവര്‍ക്ക് പുഞ്ചിരി തൂകി.
അന്നേരം ഷാഹിദ എന്റെ നേര്‍ക്ക് കൈ വീശി എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചിരിയടക്കാൻ ശ്രമിക്കുന്നതിനിടയിൽ അവള്‍ കണ്ണുകൾ കൊണ്ട് അങ്കിള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് കാട്ടി.
കുറ്റവാളികളുടെ മനസ്സ് വായിക്കാൻ ശ്രമിക്കുന്ന ഭാവത്തോടെ കൂട്ടിയിട്ടിരുന്ന തേങ്ങയേ അങ്കിള്‍ ഉറ്റുനോക്കി നില്‍ക്കുന്നതാണ് കണ്ടത്. ആ നില്‍പ്പും ഭാവവും കണ്ട് ചിരി വന്നു. സത്യത്തിൽ തേങ്ങ എങ്ങനെ ഉടയ്ക്കണം എന്നുപോലും അങ്കിളിന് അറിയില്ല. പിന്നെയല്ലേ പത്ത് പതിനാല് തേങ്ങ പൊട്ടിച്ച് അങ്കിള്‍ ചിരകാൻ പോകുന്നത്?!
അപ്പോഴാണ് മറ്റുള്ളവരും അങ്കിളിന്റെ ആ നില്‍പ്പും ഭാവവും കണ്ടത്. അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചപ്പോ അങ്കിള്‍ ഞങ്ങളെ തുറിച്ചു നോക്കി.
ചിരി നിർത്തി ഞാൻ അടുത്തേക്ക് ചെന്നു . “അങ്കിള്‍ വേറെ എന്തെങ്കിലും ചെയ്യൂ. തേങ്ങ ഞാൻ ചിരകാം.”
അങ്കിള്‍ ആശ്വാസത്തോടെ അവിടെ നിന്നു മാറി. എന്നിട്ട് അറിയാവുന്ന പണി വല്ലതുമുണ്ടോന്ന് നോക്കി. പക്ഷെ എവിടെ? പുള്ളിക്ക് ഒന്നും അറിയില്ലെന്ന് കണ്ടതും ഫ്രിഡ്ജ് തുറന്ന് സാധനങ്ങള്‍ എല്ലാം അടുക്കി ഒതുക്കി വയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.
“നിങ്ങളെ കുടുംബത്തെ കുറിച്ച് പറ കുട്ടികളെ..” വല്യമ്മ ഡാലിയയുടെ കൂട്ടുകാരികളോട് ആവശ്യപ്പെട്ടു.
അതോടെ പെണ്‍കുട്ടികളും അവരുടെ ഭർത്താക്കന്മാരും ചേർന്ന് അവരവരുടെ കുടുംബത്തെ കുറിച്ച് വിശദമായി പറഞ്ഞു തുടങ്ങി. അവർ പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ട് ഞാൻ ഓരോ തേങ്ങയായി പൊട്ടിച്ച് ചിരകി.
