ലീലേച്ചി : ഞങ്ങള് വന്നിട്ട് കുറേ കാലമായി… നിനക്ക് ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ… ഒന്ന് വിളിച്ചെങ്കിലും നോക്കിയോ നീ…
അഫി : പിണങ്ങല്ലെന്റെ ചേച്ചീ… തിരക്കിലായിപോയതല്ലേ…
പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീർക്കാൻ ഇത്തിരി സമയമെടുത്തു
അഫി : (അവളുടെകൂടെ അങ്ങോട്ട് വന്ന ലെച്ചുവിനെ കാണിച്ച്) ഇത് ബിച്ചുവിന്റെ അമ്മ…
ലീലേച്ചി : (ലെച്ചുവിന്റെ കവിളിൽ തലോടി) ലക്ഷ്മി അല്ലേ… ബിച്ചു പറഞ്ഞറിയാം…
അവൾ ചിരിയോടെ അവരെ നോക്കെ
അഞ്ജലി : ചേച്ചീ… നിങ്ങള്… നിങ്ങള് ദേവ ലക്ഷ്മി…
ആഹാ… നിനക്ക് അക്ഷരഭ്യാസമൊക്കെ ഉണ്ടായിരുന്നോ കാന്താരീ…
അഞ്ജലി : (ഞാൻ പറഞ്ഞത് കേൾക്കുക പോലും ചെയ്യാതെ അത്ഭുതം മാറാതെ) അയ്യോ… ദേവീ… എനിക്ക്… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഞാൻ ചേച്ചീടെ വലിയൊരു ഫാനാണ്… ചേച്ചീടെ എല്ലാ കവിതയും ഞാൻ വായിച്ചിട്ടുണ്ട്… എല്ലാം ഭയങ്കര ഫീലാണ്… അക്ഷരങ്ങൾക്കൊക്കെ ജീവനുള്ള പോലെ തോന്നും… മാല കെട്ടും പോലെ എന്ത് ഭംഗിയാ ചേച്ചി ഓരോ വരിയും എഴുതുന്നത്… വായിക്കുമ്പോ അക്ഷരങ്ങളിലെ സന്തോഷവും ദുഃഖവും എല്ലാം അതേപോലെ മനസിൽ തോന്നും… ഒരിക്കലെങ്കിലും ചേച്ചിയെ കാണണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു…
അവളുടെ അക്ഷരങ്ങളെ എത്രകണ്ടു സ്നേഹിക്കുന്നു എന്നത് പറയുവാൻ ശ്രെമിക്കുന്ന അഞ്ജലിയുടെ ആക്ഷനും പറച്ചിലും ഭാവങ്ങളും കണ്ട് ചിരിയോടെ അവളെ നോക്കികൊണ്ട്
നിനക്ക് കാണണമെന്ന് അത്രക്ക് ആഗ്രഹമുണ്ടെങ്കിൽ ഒന്ന് വിളിച്ചുപറഞ്ഞിരുന്നെങ്കിൽ കൊണ്ടുവന്ന് കാണിച്ച് തരില്ലായിരുന്നോ…
അവളതൊന്നും മൈന്റ് ചെയ്യാതെ ലെച്ചുവിനോട് അവളുടെ അക്ഷരങ്ങളോട് അവൾക്കുള്ള ഇഷ്ടം അറിയിക്കാൻ വാ തോരാതെ സംസാരിക്കുകയാണ്
അമൽ : ബിച്ചു ഇറങ്ങാൻ സമ്മതം ചോദിക്കാൻ നിങ്ങളെ വിളിക്കുന്നു…
അഞ്ജലിയുടെ തോളിൽ തട്ടികൊണ്ട്
ഇവര് തൊഴുതിട്ടെ മണ്ഡപത്തിലേക്ക് വരൂ നീ ഇവരോടൊപ്പം തൊഴുതിട്ട് വന്നോ…
അവൾ ഞങ്ങളെ നോക്കെ ഇപ്പൊ വരാം എന്ന് പറഞ്ഞു അകത്തേക്ക് നടന്നു
വെറ്റിലയും അടക്കയും ഒരു രൂപ നാണയും നല്‍കി കാല്‍ തൊട്ട് വന്ദിച്ച അവന്റെ ശിരസ്സില്‍ കൈവച്ച് മഹാദേവനെയും വിനേശ്വരനെയും മനസിൽ ധ്യാനിച്ചുകൊണ്ട് പ്രാര്‍ത്ഥനയോടെ അനുഗ്രഹം നേർന്നു
അമയക്ക് ചാർത്താനുള്ള താലി ആദി പൂജിക്കുവാനായി ലെച്ചുവിന്റെ കൈയിൽ കൊടുത്തു
അമ്മയുടെ ഫോട്ടോക്ക് മുന്നിൽ പ്രാർത്ഥിച്ച അവൻ അച്ഛന്റെയും മുത്തശ്ശിയുടെയും തറയിൽ വിളക്കുവെച്ച് ഇറങ്ങി
സുഹൈൽ അഫിയുടെ ബെൻസുമായി നിൽപ്പുണ്ട് ലെച്ചുവിനൊപ്പം പ്രിയയെയും അഞ്ജലിയെയും ബിച്ചുവിന്റെ കൂടെ വണ്ടിയിൽ കയറ്റി അവർ പോയ പിറകെ ആളുകളെ ബസ്സുകളിലും വണ്ടികളിലും കയറ്റി വെപ്പുകാരോട് വീട്ടിലേക്ക് ശ്രെദ്ധവേണം എന്ന് പറഞ്ഞു വണ്ടിയെടുത്തു അമയയുടെ വീട്ടിലേക്ക് തിരിച്ചു
അഞ്ചേ കാൽ കഴിയുമ്പോയേക്കും അവിടെയെത്തി ബിച്ചു വരാനായി കാത്തു നിൽക്കെ അവരും എത്തി വണ്ടിയിൽ നിന്നിറങ്ങിയ ലെച്ചു ഇടം കൈയിലെ ഇലയിൽനിന്നും വലത്തേ കയ്യിന്റെ മോതിരവിരലിനാൽ തൊട്ടെടുത്ത ചന്ദനം എന്റെ നെറ്റിയിൽ തൊടീച്ചപിറകെ ആദിക്കും അമലിനും അൽത്തുവിനും തൊടുവിച്ചു
തൊമ്മിച്ചൻ : കയറാം…
ആ…
മുന്നിൽ ബിച്ചുവും അവനുപിറകെ ഞങ്ങളും അമയയുടെ തറവാട്ടു മുറ്റത്തേക്ക് കയറെ അമയയുടെ അച്ഛൻ വീട്ടുകാർ സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു
സാവിത്രിയേച്ചിയും അമ്മായിമാരും നിലവിളക്ക് കൊളുത്തി ബിച്ചുവിന് ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറി
അദ്വൈത് (ചേച്ചിയുടെ അമ്മാവന്റെ മകളുടെ മകൻ) കിണ്ടിയില്‍ വെള്ളമെടുത്ത് ബിച്ചുവിന്റെ കാല്‍ കഴുകി ബിച്ചുവിന്റെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി
മണ്ഡപത്തില്‍ വലതുഭാഗത്തായി ബിച്ചു ഇരുന്നു
നാദസ്വരത്തിന്റെ അകമ്പടിയില്‍ ശിവേട്ടൻ അമയയെയും കൊണ്ട് വരവേ സാവിത്രിയേച്ചിയും അമ്മായിമാരും അവൾക്കൊപ്പം തന്നെയുണ്ട്
കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് അമയ ബിച്ചുവിന് ഇടതുഭാഗത്തായി ഇരുന്നു
