ഓർമക്കുറിപ്പ് – 2
[ കത്തനാർ ]
[ Previous Part ] [ www.kambi.pw ]
ഹരിഹരം
ഹരിഹരൻ അവസാനമായി പറഞ്ഞ വാക്ക് മുറിക്കുള്ളിൽ കുറച്ചുനേരം തങ്ങിനിന്നു.
“യക്ഷി.”
ജനാലയിലൂടെ വന്ന കാറ്റിൽ പഴയ താളിയോലകളുടെ അറ്റങ്ങൾ വിറച്ചു. പുറത്തുനിന്ന് തേങ്ങയോലകൾ തമ്മിൽ ഉരസുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. മുറിയുടെ ഒരു കോണിൽ കത്തിച്ചിരുന്ന നിലവിളക്കിന്റെ നാളം പെട്ടെന്ന് അല്പം താഴ്ന്നു.
എണ്ണ തീരുന്നതായിരിക്കാം. എങ്കിലും ആ നിമിഷത്തിൽ വെളിച്ചം കുറഞ്ഞപ്പോൾ, ഹരിഹരൻ പറഞ്ഞ വാക്കിനുതന്നെ മുറിയിലെ പ്രകാശം വിഴുങ്ങാൻ കഴിവുണ്ടെന്നു ആദിത്യന് തോന്നി.
അവൻ ചെറുമുത്തച്ഛനെ നോക്കി.
തമാശ പറയുന്ന മനുഷ്യന്റെ മുഖമായിരുന്നില്ല ഹരിഹരന്റേത്. ഭയപ്പെടുത്തി രസിക്കാൻ ശ്രമിക്കുന്ന ഒരു വൃദ്ധന്റെ കണ്ണുകളുമല്ല. അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞിരുന്നത് വളരെ പഴയതും വളരെ ഗൗരവമുള്ളതുമായ ഒരു ഓർമയുടെ നിഴലായിരുന്നു.
എന്നിട്ടും ആദിത്യന് ചിരി വന്നു.
അത് ആനന്ദത്തിൽ നിന്നുള്ള ചിരിയല്ല. വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യം കേൾക്കുമ്പോൾ മനുഷ്യന്റെ മുഖത്ത് അറിയാതെ തെളിയുന്ന പുഞ്ചിരി. അത് അടക്കാൻ ശ്രമിച്ചിട്ടും അവന്റെ ചുണ്ടിന്റെ ഒരു വശം ചെറുതായി ഉയർന്നു.
“യക്ഷിയോ?”
“അതെ.”
“നമ്മുടെ കഥകളിലെ യക്ഷി?”
“നമ്മുടെ കഥകളിൽ ശേഷിച്ചിരിക്കുന്ന രൂപം.”
“പാലമരത്തിൽ താമസിക്കുന്നതും രാത്രിയിൽ വഴിയാത്രക്കാരെ വിളിച്ചുകൊണ്ടുപോയി കൊല്ലുന്നതുമായ യക്ഷിയോ?”
“ചിലപ്പോൾ.”
“വെള്ള വസ്ത്രം ധരിച്ച് നടക്കുന്നതും?”
ഹരിഹരൻ ഒരു നിമിഷം അവനെ നോക്കി.
“വസ്ത്രത്തിന്റെ നിറത്തിന് അതിൽ വലിയ പങ്കൊന്നുമില്ല.”
ആദിത്യന്റെ പുഞ്ചിരി അല്പം വലുതായി. എന്നാൽ ഹരിഹരൻ ചിരിച്ചില്ല.
“ഉണ്ണീ,” അദ്ദേഹം പറഞ്ഞു, “നീ കേട്ടിട്ടുള്ള കഥകൾ മുഴുവനും അസത്യമാണെന്ന് ഞാൻ പറയില്ല. പക്ഷേ അവ സത്യത്തിന്റെ പൂർണരൂപവുമല്ല. മനുഷ്യർക്ക് മനസ്സിലാകാത്ത സംഭവങ്ങളെക്കുറിച്ച് കഥകളുണ്ടാകുമ്പോൾ, ഓരോ തലമുറയും അതിലേക്ക് സ്വന്തം
ഭയങ്ങളും സങ്കൽപ്പങ്ങളും കൂട്ടിച്ചേർക്കും.
നൂറു വർഷം കഴിഞ്ഞാൽ യഥാർത്ഥ സംഭവത്തിന്റെ ഒരു ചെറിയ അസ്ഥികൂടം മാത്രം ബാക്കിനിൽക്കും. അതിനുചുറ്റും വളർന്നിരിക്കുന്നതെല്ലാം കഥയായിരിക്കും.”
“അപ്പോൾ യക്ഷി എന്നത് പ്രേതമല്ലേ?”
“അല്ല.”
“മരിച്ച സ്ത്രീയുടെ ആത്മാവുമല്ല?”
“ഒരു പരിധിവരെ ആണ് എന്നാൽ അല്ല.”
“ചെറുമുത്തച്ഛൻ എന്താണ് ഉദ്ദേശിച്ചത്?”
ഹരിഹരൻ കസേരയിൽ നിന്ന് എഴുന്നേറ്റു. മേശപ്പുറത്തെ ചെറുപെട്ടി അടച്ചുവെച്ചശേഷം അദ്ദേഹം മുറിയുടെ മറുവശത്തേക്ക് നടന്നു. അവിടെ ചുമരിനോട് ചേർത്ത് ഉയരമുള്ള ഒരു മര അലമാര ഉണ്ടായിരുന്നു.
അതിന്റെ വാതിലുകളിൽ പഴയ കൊത്തുപണികൾ. നടുവിലായി താമരയുടെ രൂപത്തിൽ ഒരു പിച്ചളപ്പിടിയും.
അദ്ദേഹം അരയിൽനിന്ന് ചെറിയൊരു താക്കോൽക്കൂട്ടം എടുത്തു. അതിൽനിന്ന് നീളം കൂടിയ ഒരു താക്കോൽ തിരഞ്ഞെടുത്തു. അലമാര തുറന്നപ്പോൾ പഴയ കടലാസുകളുടെയും എണ്ണയുടെയും ലോഹത്തിന്റെയും കലർന്ന ഗന്ധം പുറത്തുവന്നു.
മുകളിലെ തട്ടിൽ ഗ്രന്ഥങ്ങൾ. താഴെയുള്ള അറകളിൽ പൊതിഞ്ഞുവെച്ച ചില ഉപകരണങ്ങൾ. ഹരിഹരൻ അവയിൽനിന്ന് നീളം കൂടിയ ഒരു തുണിപ്പൊതി പുറത്തെടുത്തു. അത് മേശപ്പുറത്ത് വെച്ച് പതുക്കെ തുറന്നു.
അകത്ത് ഒരു മരക്കമ്പ് ഉണ്ടായിരുന്നു.
അത് സാധാരണ വിറകുകഷണമല്ലെന്ന് ആദ്യനോട്ടത്തിൽത്തന്നെ ആദിത്യന് മനസ്സിലായി. ഏകദേശം ഒരു മുഴത്തോളം നീളം. ഒരു അറ്റം കൂർപ്പിച്ചിരിക്കുന്നു. മറുവശത്ത് ചെറുതായി പിടിയുണ്ടാക്കിയിരിക്കുന്നു.
ഇരുണ്ട തവിട്ടുനിറമുള്ള മരം. വർഷങ്ങളോളം എണ്ണ പുരട്ടിയതുപോലെ മിനുസമുള്ള പുറം.
അതിന്റെ അരികിൽ നീളം കൂടിയ ഒരു ഇരുമ്പാണിയും ഉണ്ടായിരുന്നു. സാധാരണ കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്ന ആണിയേക്കാൾ വളരെ നീളം. അതിന്റെ അറ്റവും അസാധാരണമായി കൂർത്തിരിക്കുന്നു.
കൂടാതെ വെള്ളി നിറത്തിലുള്ള ഒരു ചെറുകത്തിയും, ഉണങ്ങിയ ഇലകൾ നിറച്ച ഒരു തുണിസഞ്ചിയും പൊതിക്കുള്ളിൽ ഉണ്ടായിരുന്നു.
