“എന്നെ ആരാണ് പരിശീലിപ്പിക്കുക?” അവൻ ചോദിച്ചു.
“ഞാൻ നിന്നെ അധർവ്വവും വളകളുടെ ശക്തിയെങ്ങനെ ഉപയോഗിക്കാം എന്നും പഠിപ്പിക്കും. സുമലത നിന്നെ കളരി അഭ്യസിപ്പിക്കും.”
“മുത്തച്ഛൻ സമ്മതിക്കുമോ?”
“അത് പിന്നീട് തീരുമാനിക്കാം.”
“ഞാൻ രണ്ടുമൂന്നു മാസത്തിനുശേഷം നീലകണ്ഠത്തേക്ക് മടങ്ങും.”
ഹരിഹരന്റെ മുഖത്ത് വിചിത്രമായൊരു നിഴൽ തെളിഞ്ഞു.
“അങ്ങനെ സംഭവിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.”
“അതിന്റെ അർഥമെന്ത്?”
“ഇപ്പോൾ നീ പോകില്ല എന്നെനിക്കു തോന്നുന്നു. അത്രതന്നെ.”
“എന്തുകൊണ്ട്?”
“നിന്റെ കയ്യിൽ കറുത്ത വളയുണ്ട്. അതിന്റെ ശക്തി എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയില്ല. നിന്റെ അച്ഛനെ കൊന്നത് ആരാണെന്ന് അറിയില്ല. അവർ കറുത്ത വളയുടെ പുതിയ ധാരകൻ നീയാണെന്ന് തിരിച്ചറിഞ്ഞാൽ വഴിയിൽത്തന്നെ
നിന്നെ ആക്രമിക്കും. ചിലപ്പോൾ നിന്നെ കുടുക്കാൻ നിന്റെ മുത്തച്ഛനെയും.”
“മുത്തച്ഛൻ അപകടത്തിലാണെങ്കിൽ ഞാൻ ഇവിടെ ഇരിക്കണമോ?”
“അവനെ സഹായിക്കാൻ ആദ്യം നീ ജീവനോടെ ഇരിക്കണം.”
“എനിക്ക് വെറും ഇരുന്ന് കാത്തിരിക്കാനാവില്ല.”
“കാത്തിരിക്കണമെന്ന് പറഞ്ഞില്ല. തയ്യാറാകണമെന്ന് പറഞ്ഞു.”
ഹരിഹരൻ എഴുന്നേറ്റ് അവന്റെ മുന്നിൽ നിന്നു.
“ഇന്ന് നീ ഒരു വലിയ വീടിന്റെ അവകാശിയായി മാത്രമല്ല ഉണർന്നത്. കാളികയുടെ ആറു വേട്ടക്കാരിൽ ഒരാളുടെ വംശാവകാശിയായാണ്. കറുത്ത വള നിന്നെ തിരഞ്ഞെടുത്തു. അതിനോടൊപ്പം ശത്രുക്കളും നിന്നെ കണ്ടെത്തും.”
“എത്ര സമയം വേണം?”
“അടിസ്ഥാനനിയന്ത്രണത്തിന് ഏതാനും ആഴ്ചകൾ. അതിനിടയിൽ സുമലതയുടെ വിവരം വരും. പ്ലാനാശ്ശേരിയിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകും. ഇപ്പോഴത്തേക്ക് നീ വേദം അഭ്യസിക്ക് ഉണ്ണി.“
“അല്ല… ഈ ശക്തികളെല്ലാം വളകളിൽ ആണെങ്കിൽ എന്തിനാണ് വേദം?”
“വേദങ്ങളിൽ ശക്തിയുണ്ട്. കാളിക പഠിപ്പിച്ചതനുസ്സരിച്ചു വേദം ഒരുവനെ വാക്കുകൾ ഉപയോഗിക്കാൻ സന്നദ്ധനാക്കുന്നു. വാക്കുകൾ ശക്തിയാണ്. ലോഗോസ്. ആ വാക്കുകളിൽ നിന്നാണ് എല്ലാം സൃഷ്ടിക്കപ്പെട്ടതെന്നു അവൾ പഠിപ്പിച്ചു. അതിനാൽ വേദാഭ്യാസം വ്യർത്ഥമല്ല. “
അവൻ അർദ്ധസമ്മതാർദ്ധം മൂളി.
ഹരിഹരന്റെ മുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ആദിത്യന്റെ മനസ്സിൽ ചോദ്യങ്ങളുടെ ഒരു കൊടുങ്കാറ്റുതന്നെ വീശുകയായിരുന്നു.
വരാന്തയിലെത്തിയപ്പോൾ ഉച്ചയുടെ വെളിച്ചം കണ്ണിൽ തട്ടി. മുറിക്കുള്ളിലെ എണ്ണവിളക്കിന്റെ മങ്ങിയ പ്രകാശത്തിനുശേഷം പുറത്തെ സൂര്യവെളിച്ചം അസഹ്യമായ തിളക്കമുള്ളതായി തോന്നി. അവൻ ഒരു നിമിഷം കണ്ണുകൾ അടച്ചുനിന്നു.
ഹരിഹരൻ പറഞ്ഞ ഓരോ വാക്കും വീണ്ടും മനസ്സിലൂടെ കടന്നുപോയി.
യക്ഷികൾ.
ലൂപിനുകൾ.
ലിച്ചുകൾ.
കാളിക.
ആറ് വളകൾ.
ആറ് സംരക്ഷകവംശങ്ങൾ.
എല്ലാറ്റിനുമുപരി, തന്റെ ഉള്ളിൽ ലയിച്ചിരിക്കുന്ന രണ്ടു വളകൾ.
അവൻ പടികൾ കയറി സ്വന്തം മുറിയിലേക്ക് നടന്നു. വഴിയിൽ
ആരെയും കണ്ടില്ല. ഉച്ചഭക്ഷണത്തിനുശേഷമുള്ള മയക്കത്തിൽ ഇല്ലം മുഴുവൻ നിശ്ശബ്ദമായിരുന്നു. ഇടനാഴിയിലെ പഴയ മരത്തറയിൽ അവന്റെ ചുവടുകളുടെ ശബ്ദം മാത്രം മുഴങ്ങി.
മുറിയിലെത്തിയ ഉടനെ വാതിൽ അടച്ചു. കുറ്റിയിടണമോ എന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും വേണ്ടെന്ന് തീരുമാനിച്ചു. ആരെങ്കിലും വാതിൽ മുട്ടിയാൽ തുറക്കാൻ വൈകുന്നത് സംശയം ജനിപ്പിച്ചേക്കാം.
അവൻ കട്ടിലിലേക്ക് വീണു.
ഉറങ്ങണം.
അതായിരുന്നു അവന്റെ ആദ്യചിന്ത. മനസ്സ് ശാന്തമാക്കാൻ ഉറക്കം സഹായിക്കുമെന്ന് കരുതി. പക്ഷേ കണ്ണുകൾ അടച്ച നിമിഷം അലമാരയിലെ പൊതിക്കുള്ളിൽ കിടന്നിരുന്ന ഉണങ്ങിയ വിരൽ മനസ്സിൽ തെളിഞ്ഞു.
കരിഞ്ഞ ചർമ്മം.
വളഞ്ഞ നഖം.
വെർവെയിൻ തൊട്ടപ്പോൾ ഉയർന്ന പുക.
അതിനു ശേഷം ജീവനുള്ളതുപോലെ ചലിച്ച വിരൽ.
ആദിത്യൻ പെട്ടെന്ന് കണ്ണുതുറന്നു.
മുറിയുടെ മുകളിലെ മരക്കൂരയിലേക്ക് നോക്കിക്കൊണ്ട് അവൻ കിടന്നു. ഹരിഹരൻ പറഞ്ഞതെല്ലാം വിശ്വസിക്കണമോ?
ഒരുപക്ഷേ അത് ഒരു വലിയ മായാവിദ്യയായിരിക്കാം.
ഹരിഹരൻ അതിവിദഗ്ധനായ താന്ത്രികനാണ്. ഒരു ഉണങ്ങിയ വിരൽ ചലിപ്പിക്കുന്നതുപോലുള്ള കാഴ്ച സൃഷ്ടിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകുമോ? കറുത്ത പുക, രൂക്ഷഗന്ധം, ചലിക്കുന്ന നഖം എന്നിവയെല്ലാം മന്ത്രപ്രയോഗത്തിലൂടെ സൃഷ്ടിച്ച ഒരു മായയായിരിക്കാം.
