തന്ത്രലാവണ്യം – 2 15

“അമ്മയുടെ മനസ്സും?”

ഹരിഹരൻ മിണ്ടാതായി.

ആ മൗനം തന്നെ മറുപടിയായിരുന്നു.

ആദിത്യന്റെ കൈകൾ മുറുകി.

“അവരുടെ വിവാഹം തകർന്നതിനു അതും കാരണമാണോ?”

“ദേവിക ശക്തമായ മനസ്സുള്ള സ്ത്രീയായിരുന്നു. വെളുത്ത വള അവളുടെ വികാരങ്ങളെ ആവശ്യത്തിലുമുപരി ശക്തമാക്കിയിരുന്നെങ്കിലും അവൾ ദുർബലയായിരുന്നില്ല. സ്വന്തം മനസ്സിൽ മറ്റൊരാൾ കടക്കുന്നത് അവൾ തിരിച്ചറിഞ്ഞു. അതിനെ അവൾ വഞ്ചനയായി കണ്ടു.”

“അതൊരു വഞ്ചന തന്നെയാണ്.”

“അതെ.”

ഹരിഹരൻ എതിർത്തില്ല.

“മഹാദേവൻ അവളെ സ്നേഹിച്ചിരുന്നു. പക്ഷേ സ്നേഹത്തിന്റെ പേരിൽ നിയന്ത്രിക്കാൻ ശ്രമിച്ചു. മനുഷ്യർ പലപ്പോഴും ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം

മറക്കും.”

ആദിത്യൻ ജനാലയ്ക്കരികിലേക്കു നടന്നു. അടച്ച പാളികളിലൂടെ നേർത്ത വെളിച്ചം അകത്തേക്കു കടന്നിരുന്നു. സ്വന്തം അച്ഛനെ വെറുക്കാൻ പുതിയൊരു കാരണം ലഭിച്ചതുപോലെ തോന്നി.

അതേസമയം അയാൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയാനുള്ള ആഗ്രഹവും വളർന്നു.

“നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെന്ന് ഞാൻ കരുതിയാൽ,” അവൻ പതുക്കെ പറഞ്ഞു, “ഇനി എന്താണ് ചെയ്യേണ്ടത്?”

ഹരിഹരന്റെ മുഖത്ത് ആശ്വാസം തെളിഞ്ഞു. ആദിത്യൻ എല്ലാം വിശ്വസിച്ചെന്നല്ല. പൂർണമായി നിരസിക്കുന്നില്ല എന്നതായിരുന്നു പ്രധാനം.

“ആദ്യം കറുത്ത വള നിന്നെ എത്രത്തോളം സ്വീകരിച്ചുവെന്ന് മനസ്സിലാക്കണം.”

“എങ്ങനെ?”

“ചെറിയ പരീക്ഷണങ്ങളിലൂടെ. നിന്റെ ശരീരത്തിനും മനസ്സിനും മാറ്റമുണ്ടോ എന്ന് നിരീക്ഷിക്കണം. മറ്റുള്ളവരുടെ ചിന്തകൾ കേൾക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ച് വീട്ടുകാരുടെ. നിയന്ത്രണമില്ലാതെ മറ്റൊരാളുടെ മനസ്സിൽ കയറുന്നത് നിന്നെയും അവരെയും മുറിവേൽപ്പിക്കും.”

“വളയുടെ ശക്തി എങ്ങനെ ഉപയോഗിക്കണമെന്ന് പോലും എനിക്കറിയില്ല.”

“അതുകൊണ്ട് നീ സുരക്ഷിതനാണെന്ന് കരുതരുത്. ചില കഴിവുകൾ അപകടസമയത്ത് സ്വയം ഉണരും.”

“പാതാളമുറിയിൽ ഞാൻ കണ്ട ദൃശ്യം?”

ഹരിഹരന്റെ കണ്ണുകൾ മൂർച്ചയോടെ.

“എന്തു ദൃശ്യം?”

ആദിത്യൻ പറഞ്ഞുപോയെന്ന് അപ്പോഴാണ് മനസ്സിലായത്.

“ബോധം പോകുമ്പോൾ ചില ചിത്രങ്ങൾ കണ്ടു.”

“എന്തൊക്കെ?”

“വ്യക്തമല്ല.”

“ഓർക്കാൻ ശ്രമിക്കൂ.”

ആദിത്യൻ മടിച്ചു. വളർന്ന സ്വന്തം രൂപവും കിടപ്പുമുറിയും അജ്ഞാതയായ സ്ത്രീയുടെ സാന്നിധ്യവും പറയേണ്ടതില്ലെന്ന് തീരുമാനിച്ചു.

“ഞാൻ പ്രായം കൂടിയവനായി തോന്നി. മറ്റൊരു മുറിയിലായിരുന്നു. കൈകളിൽ രണ്ടു നിറങ്ങളുടെ അടയാളങ്ങൾ ഉണ്ടായിരുന്നു.”

ഹരിഹരന്റെ മുഖം മാറി.

“ഏതു നിറങ്ങൾ?”

ആദിത്യൻ ഉടൻ മറുപടി പറഞ്ഞില്ല.

ഹരിഹരൻ മുന്നോട്ടാഞ്ഞു.

“ഉണ്ണീ, ഇത് പ്രധാനമാണ്.”

“കറുപ്പ് വ്യക്തമായി കണ്ടു. മറ്റേത് വെളിച്ചം കാരണം തിരിച്ചറിയാനായില്ല.”

കള്ളം പറയുമ്പോൾ ഹൃദയമിടിപ്പ് കൂടുന്നതു

ഹരിഹരൻ കേൾക്കുമോ എന്ന് അവന് സംശയം തോന്നി. പക്ഷേ വൃദ്ധന്റെ മുഖത്ത് തിരിച്ചറിവൊന്നും തെളിഞ്ഞില്ല.

“ഭാവിദൃശ്യമാകാമോ?” ആദിത്യൻ ചോദിച്ചു.

“കറുത്ത വളയ്ക്ക് സാധാരണയായി ഭാവികാണാനുള്ള ശക്തിയില്ല. പക്ഷേ മനസ്സിന്റെ ആഴങ്ങളിൽ കിടക്കുന്ന സാധ്യതകൾ സ്വപ്നരൂപത്തിൽ കാണിച്ചേക്കാം. അല്ലെങ്കിൽ മറ്റൊരു വളയുടെ സ്വാധീനം അവിടെ ഉണ്ടായിരുന്നിരിക്കാം.”

“നീല വളയോ?”

“ആകാം. ആറു വളകളും ഒരിക്കൽ ഒരുമിച്ചിരുന്ന അവസ്ഥയാണ് ദേവി. സ്വർണത്തട്ടുകൾ തമ്മിൽ പഴയ ബന്ധം നിലനിൽക്കാം. കറുത്ത വള ഉണർന്നപ്പോൾ അതിലൂടെ നീലയുടെ ഒരു നിഴൽ നിന്നെ സ്പർശിച്ചിരിക്കാം.”

ആദിത്യന് ആ വിശദീകരണം പൂർണമായി വിശ്വസിക്കാനായില്ല.

“ഇപ്പോൾ മറ്റുവളകൾ എവിടെയാണ്?”

“എല്ലാം കൃത്യമായി അറിയില്ല. സംരക്ഷകകുടുംബങ്ങൾ സ്വന്തം സ്ഥലങ്ങൾ രഹസ്യമായി സൂക്ഷിക്കും. വെളുപ്പ് നീലകണ്ഠത്ത്. കറുപ്പ് പുതുശ്ശേരി. പച്ച പടിഞ്ഞാറൻ മലനിരകളോട് ചേർന്നൊരു കുടുംബത്തിന്റെ കൈവശമെന്നാണ് അവസാനവിവരം.

അവരുടെ ഇല്ലത്തിന്റെ പേര് പേഴാശ്ശേരി. മഞ്ഞ ഒരു ക്ഷേത്രസംരക്ഷകവംശത്തിനൊപ്പമായിരുന്നു. മംഗലത്തു. ആ വംശം അടുത്തിടെ അറ്റുപോയി. നീലയുടെ സ്ഥാനം ഞാൻ പറഞ്ഞുവല്ലോ.

Leave a Reply

Your email address will not be published. Required fields are marked *